പരിക്കുമാറിയ എം ശ്രീശങ്കറിന്റെ മികച്ച പ്രകടനം , പങ്കെടുത്ത അഞ്ച് മീറ്റിലും ലോങ്ജമ്പ് സ്വർണം
ഇൗ തിരിച്ചുവരവ് സ്വപ്‌നങ്ങളിൽമാത്രം ; ലോക ചാമ്പ്യൻഷിപ്പിന് കാത്തിരിപ്പ്

പരിക്കിന്റെ പിടിയിലായ കാലത്ത് എം ശ്രീശങ്കറിനെ (വലത്ത്) സഹായിക്കുന്ന സഹതാരം പ്രവീൺ ചിത്രവേൽ

Sports Desk
Published on Aug 26, 2025, 03:08 AM | 2 min read
കോഴിക്കോട്
മലയാളി അത്‌ലീറ്റ് എം ശ്രീശങ്കറിന്റേത് അവിശ്വസനീയ തിരിച്ചുവരവാണ്. കാൽമുട്ടിന് പരിക്കേറ്റ് രണ്ട് വർഷത്തിനുശേഷം കളത്തിലെത്തിയ ലോങ്ജമ്പ് താരം തുടർച്ചയായി അഞ്ച് മീറ്റുകളിൽ സ്വർണം നേടി. 40 ദിവസത്തിനിടെ മൂന്ന് രാജ്യങ്ങളിലായി നടന്ന മത്സരങ്ങളിലാണ് ഇൗ നേട്ടം. അതിൽ മൂന്ന് തവണയും എട്ട് മീറ്റർ മറികടന്നു. അവസാനം ചെന്നൈയിൽ നടന്ന ദേശീയ ഇന്റർ സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ 8.06 മീറ്റർ ചാടിയാണ് ഒന്നാമതെത്തിയത്. അടുത്തമാസം ടോക്യോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാദൂരം 8.27 മീറ്ററാണ്. ഇൗ ദൂരം മറികടക്കാനാവാത്തതിൽ ഇരുപത്താറുകാരന് നിരാശയില്ല. കാരണം ഇൗ സ്വപ്‌നസമാന പ്രകടനം സാധ്യമായതുതന്നെ വലിയ നേട്ടമായാണ് കരുതുന്നത്. മികച്ച റാങ്കിങ് പ്രകാരം ലോക ചാമ്പ്യൻഷിപ്പിന് ടിക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷയുമുണ്ട്.
പരിക്ക്, മടക്കം
പാരിസ് ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിനിടെ 2024 ഏപ്രിലിലാണ് ഇടത്തേ കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ഒളിമ്പിക്‌സ് നഷ്‌ടമായി. കാൽമുട്ടിന് ശസ്‌ത്രക്രിയ നടത്തി. പിന്നെ ശാരീരികകക്ഷമത വീണ്ടെടുക്കാനുള്ള കഠിന പരിശ്രമം. എട്ട് മാസം ബെല്ലാരി ഇൻസ്‌പെയർ ഇൻസ്‌റ്റിറ്റ്യൂട്ടിലായിരുന്നു. ഇൗ വർഷം ജനുവരിയിൽ തിരുവനന്തപുരം നാഷണൽ സെന്റർ ഓഫ് എക്‌സലൻസിലെത്തി. പരിശീലനത്തിന് ഇറങ്ങാൻ വീണ്ടും സമയം വേണ്ടിവന്നു. ഇൗവർഷം മാർച്ച് അവസാനത്തോടെയാണ് വീണ്ടും ചാടിത്തുടങ്ങിയത്. തുടക്കത്തിൽ നാല് മീറ്റർ. പിന്നെ അഞ്ച്, ആറ് അങ്ങനെ കൂടിവന്നു. ഒടുവിൽ വീണ്ടും എട്ട് മീറ്റർ മറികടന്നു.
650 ദിവസങ്ങൾ
പരിക്ക് മാറി 650 ദിവസങ്ങൾക്കുശേഷമാണ് വീണ്ടും മത്സരത്തിൽ പങ്കെടുത്തത്. പുണെയിൽ ജൂലൈ 12ന് നടന്ന ഓപ്പൺ മീറ്റായിരുന്നു വേദി. 2023ൽ ചൈനയിലെ ഹാങ്ഷുവിൽ നടന്ന ഏഷ്യൻ ഗെയിംസിലായിരുന്നു അവസാനമായി പങ്കെടുത്തത്. പുണെയിൽ 8.05 മീറ്റർ മറികടന്നത് പാലക്കാട്ടുകാരന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പോർച്ചുഗലിൽ നടന്ന മീറ്റിൽ 7.75 മീറ്റർ ചാടി ഒന്നാമതെത്തി. കസാഖ്സ്ഥാനിൽ നടന്ന ക്വസനോവ് സ്മാരക അത്‌ലറ്റിക് മീറ്റിൽ 7.94 മീറ്റർ താണ്ടി ഒന്നാംസ്ഥാനം. ഇൗ മാസം ആദ്യം ഭുവനേശ്വറിൽ ലോക കോണ്ടിനെന്റൽ മീറ്റിൽ 8.13 മീറ്റർ ചാടി വീണ്ടും മികവ് തെളിയിച്ചു. അതിനുശേഷമാണ് ഇന്റർ സ്‌റ്റേറ്റ് മീറ്റിലെ പ്രകടനം. 8.41 മീറ്ററാണ് മികച്ച വ്യക്തിഗത ദൂരം. ജെസ്വിൻ ആൽഡ്രിന്റെ പേരിലാണ് ദേശീയ റെക്കോഡ് (8.42 മീറ്റർ).
വലിയ ലക്ഷ്യങ്ങൾ
ലോക ചാമ്പ്യൻഷിപ്പിന് പോകാൻ സാധിച്ചാൽ അത് നേട്ടമാകും. അച്ഛനും കോച്ചുമായ എസ് മുരളിയുടെ കീഴിൽ തിരുവനന്തപുരത്ത് പരിശീലനം ആരംഭിച്ചു. അടുത്തവർഷം ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസുമുണ്ട്. രണ്ടിലും കഴിഞ്ഞതവണ വെള്ളിയുണ്ടായിരുന്നു. 2028 ലൊസ് ഏഞ്ചൽസ് ഒളിമ്പിക്‌സും അകലെയല്ല.
40 ദിവസം, അഞ്ച് മീറ്റുകൾ, അഞ്ച് സ്വർണം
ആഗസ്‌ത് 24 ഇന്റസ്‌റ്റേറ്റ് മീറ്റ് (ചെന്നൈ) 8.06 മീറ്റർ
ആഗസ്‌ത് 10 ഇന്റകോണ്ടിനെന്റൽ ടൂർ (ഭുവനേശ്വർ) 8.13 മീറ്റർ
ആഗസ്‌ത് 2 ക്വസനോവ് മീറ്റ് (കസാഖ്‌സ്ഥാൻ) 7.94 മീറ്റർ
ജൂലൈ 19 പോർച്ചുഗൽ മീറ്റ് (ലിസ്‌ബൺ) 7.75 മീറ്റർ
ജൂലൈ 12 ഇന്ത്യൻ ഓപ്പൺ മീറ്റ് (പുണെ) 8.05 മീറ്റർ









0 comments