പൊൻചാട്ടം ; ശ്രീശങ്കറിന് തുടർച്ചയായി അഞ്ചാം മീറ്റിലും സ്വർണം


Sports Desk
Published on Aug 25, 2025, 01:19 AM | 2 min read
ചെന്നൈ
പരിക്ക് മാറിയുള്ള തിരിച്ചുവരവിൽ തുടർച്ചയായി അഞ്ചാം മീറ്റിലും സ്വർണമണിഞ്ഞ് എം ശ്രീശങ്കർ. ദേശീയ ഇന്റർ സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ 8.06 മീറ്റർ ചാടിയാണ് നേട്ടം. ഇൗ സീസണിൽ മൂന്നാം തവണയാണ് എട്ട് മീറ്റർ മറികടന്നത്. ആദ്യ ചാട്ടം 7.85 മീറ്ററായിരുന്നു. തുടർന്ന് 7.96 മീറ്റർ. മൂന്നാം ചാട്ടത്തിലാണ് സ്വർണദൂരം പിന്നിട്ടത്. തുടർന്ന് 7.80, 7.96, 7.86 മീറ്റർ എന്നിങ്ങനെയാണ് ഇരുപത്തിയാറുകാരന്റെ പ്രകടനം. ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാദൂരമായ 8.27 മീറ്റർ മറികടക്കാനായില്ല.
12 താരങ്ങൾ അണിനിരന്ന മത്സരത്തിൽ കർണാടകയുടെ എസ് ലോകേഷ് 7.71 മീറ്റർ ചാടി വെള്ളി കരസ്ഥമാക്കി. 7.70 മീറ്റർ കണ്ടെത്തിയ തമിഴ്‌നാടിന്റെ ആർ സ്വാമിനാഥൻ മൂന്നാമതായി. രണ്ട് വർഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞമാസം പുണെയിൽ നടന്ന ഓപ്പൺ മീറ്റിൽ 8.05 മീറ്റർ ചാടിയാണ് ശ്രീശങ്കർ തിരിച്ചെത്തിയത്. തുടർന്ന് പോർച്ചുഗലിൽ നടന്ന മീറ്റിൽ 7.75 മീറ്ററുമായി ഒന്നാമതെത്തി. കസാഖ്‌സ്ഥാനിൽ നടന്ന ക്വസനോവ് സ്‌മാരക മീറ്റിൽ 7.94 മീറ്റർ ചാടി സ്വർണം സ്വന്തമാക്കി. തുടർന്ന് ഭുവനേശ്വറിൽ കോണ്ടിനെന്റൽ ടൂർ അത്‌ലറ്റിക്‌സിൽ 8.13 മീറ്റർ മറികടന്ന് ജേതാവായി.

അവസാന ദിനം വനിതകളുടെ ഹെപ്‌റ്റാത്ത്‌ലണിൽ കേരളത്തിന്റെ കെ എ അനാമിക സ്വർണം നേടി. 5466 പോയിന്റാണ് നേട്ടം. പതിനായിരം മീറ്റർ ഓട്ടത്തിൽ റീബ ജോർജ് വെള്ളി കരസ്ഥമാക്കി.
പുരുഷന്മാരുടെ ജാവലിൻത്രോയിൽ ഉത്തർപ്രദേശുകാരായ രോഹിത് യാദവും (83.65 മീറ്റർ) സച്ചിൻ യാദവും(83.20) ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. കേരളത്തിന്റെ കുത്തകയായിരുന്ന വനിതകളുടെ 4x400 മീറ്റർ റിലേയിൽ നാലാമതായി. കർണാടക, പഞ്ചാബ്, തമിഴ്‌നാട് ടീമുകൾ മുന്നിൽ കയറി. പുരുഷ റിലേ ഫൈനലിൽ ടീമുണ്ടായില്ല.
ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനം നടത്തിയ തമിഴ്‌നാട് ജേതാക്കളായി. 195 പോയിന്റാണ് സമ്പാദ്യം. ഹരിയാന (121) രണ്ടും ഉത്തർപ്രദേശ്(100) മൂന്നും സ്ഥാനം നേടി. കേരളത്തിന് നാലാം സ്ഥാനമാണ്. ആകെ 85 പോയിന്റ്. പുരുഷന്മാർക്ക് 38 പോയിന്റ്. വനിതകൾക്ക് 47 പോയിന്റുമുണ്ട്. പുരുഷന്മാരിൽ അഞ്ചും വനിതകളിൽ മൂന്നും സ്ഥാനമാണ്.
മികച്ച അത്‌ലീറ്റുകളായി തമിഴ്‌നാടിന്റെ ടി കെ വിശാലും (400 മീറ്റർ) ഉത്തരാഖണ്ഡിന്റെ അങ്കിതയും(3000 മീറ്റർ സ്‌റ്റീപ്പിൾചേസ്) തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ദിവസത്തെ മീറ്റിൽ ആർക്കും ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ സാധിച്ചില്ല. അടുത്ത മാസം ടോക്യോയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടാനുള്ള അവസാന അവസരമായിരുന്നു.









0 comments