ശ്രീശങ്കറിന് വീണ്ടും സ്വർണം


Sports Desk
Published on Aug 03, 2025, 04:03 AM | 1 min read
അൽമാറ്റി (കസാഖ്സ്ഥാൻ)
പരിക്ക് മാറിയുള്ള തിരിച്ചുവരവിൽ മലയാളി ചാട്ടക്കാരൻ എം ശ്രീശങ്കറിന് മൂന്നാം സ്വർണം. കസാഖ്സ്ഥാനിൽ നടക്കുന്ന ക്വസനോവ് സ്മാരക അത്ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ 7.94 മീറ്റർ താണ്ടിയാണ് നേട്ടം.
ഏഴ് താരങ്ങൾ അണിനിരന്ന മത്സരത്തിൽ ആദ്യ അവസരത്തിൽതന്നെ സ്വർണദൂരം കണ്ടെത്തി. ബാക്കിയുള്ള ചാട്ടങ്ങളിലും എട്ട് മീറ്റർ മറികടക്കാനായില്ല. 7.94 മീറ്റർ, 7.73, 7.58, 7.57, 7.80, 7.79 മീറ്റർ എന്നിങ്ങനെയാണ് ചാട്ടങ്ങൾ. ഫിലിപ്പെൻസിന്റെ ഉബാസ് ജാനറി 7.53 മീറ്ററോടെ വെള്ളി കരസ്ഥമാക്കി. 7.48 മീറ്റർ ചാടിയ അസർബൈജാൻ താരം ബാബയേവ് നസീം മൂന്നാമതായി. തണുത്ത കാലാവസ്ഥ പ്രകടനത്തെ ബാധിച്ചതായി ശ്രീശങ്കറിന്റെ അഛനും പരിശീലകനുമായ എസ് മുരളി പറഞ്ഞു. രണ്ട്വർഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ മാസം പുണെയിൽ നടന്ന ഓപ്പൺമീറ്റിലാണ് ഇരുപത്താറുകാരൻ ആദ്യം ഇറങ്ങിയത്. 8.05 മീറ്റർ മറികടന്നായിരുന്നു സ്വർണം. തുടർന്ന് പോർച്ചുഗലിൽ നടന്ന മീറ്റിൽ 7.75 മീറ്റർ ചാടി ഒന്നാമതെത്തി. 2024 പാരിസ് ഒളിമ്പിക്സിനുള്ള ഒരുക്കത്തിനിടയിലാണ് കാൽമുട്ടിന് പരിക്കേറ്റത്. അടുത്തമാസം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയാണ് ലക്ഷ്യം. ഭുവനേശ്വറിൽ 10ന് നടക്കുന്ന കോണ്ടിനെന്റൽ ടൂറാണ് അടുത്ത മത്സരം.
ക്വസനോവ് മീറ്റിൽ മറ്റൊരു മലയാളി അത്ലീറ്റുകൂടി പങ്കെടുക്കുന്നുണ്ട്. ട്രിപ്പിൾജമ്പിൽ അബ്ദുള്ള അബൂബക്കർ ഇന്നിറങ്ങും. പത്ത് പേരാണ് മത്സരത്തിനുള്ളത്.









0 comments