‘റൂക്കി’ അന്റൊണെല്ലി; എഫ് വൺ പോൾ നേടുന്ന പ്രായം കുറഞ്ഞ താരം

കിമി അന്റൊണെല്ലി. PHOTO: Facebook/F1

Sports Desk
Published on May 03, 2025, 04:38 PM | 1 min read
മയാമി: എഫ് വൺ ചരിത്രത്തിൽ പോൾ പൊസിഷൻ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മെഴ്‌സിഡസിന്റെ കിമി അന്റൊണെല്ലി. 18–ാം വയസിലാണ് ‘റൂക്കി’ ഡ്രൈവറുടെ നേട്ടം (എഫ് വണ്ണിലെ പുതുമുഖങ്ങളാണ് റൂക്കി). മയാമി ഗ്രാൻ പ്രീക്ക് മുന്നോടിയായുള്ള സ്‌പ്രിന്റ് റേസിലാണ് കിമി അന്റോണെല്ലി ഒന്നാമതെത്തിയത്. മെയ് അഞ്ചിനാണ് മായമി ഗ്രാൻ പ്രീ.
ഈ സീസണോടെ ടീം വിട്ട മുൻ ലോകചാമ്പ്യൻ ലൂയിസ് ഹാമിൽട്ടണിന് പകരക്കാരനായാണ് കിമി അന്റൊണെല്ലി മെഴ്‌സിഡസിലെത്തിയത്. ഇറ്റലിക്കാരനായ കിമിയുടെ ആദ്യ എഫ് വൺ സീസൺ കൂടിയാണിത്. ആകാശത്തിലെ ചന്ദ്രനേക്കാൾ മുകളിലാണ് ഞാനെന്നും, ഈ വിജയം പ്രതീക്ഷിച്ചില്ല എന്നുമാണ് പോൾ പൊസിഷൻ നേടിയതിന് ശേഷമുള്ള കിമിയുടെ പ്രതികരണം.
നിലവിൽ എഫ് വൺ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്ന മക്‌ലാറന്റെ ഓസ്‌കാർ പിയാസ്‌ട്രിയാണ് റേസിൽ രണ്ടാമതെത്തിയത്. 0.45 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് പിയാസ്‌ട്രിക്ക് അന്റൊണെല്ലിയോട് പോൾ പൊസിഷൻ നഷ്ടമായത്. പോയിന്റ് ടേബിളിൽ രണ്ടാമതുള്ള ലാൻഡോ നോറിസ് മൂന്നാമതും നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെസ്‌താപ്പൻ നാലാമതും ഫിനിഷ് ചെയ്തു.









0 comments