print edition കൗമാരക്കുതിപ്പിൽ; മുഴങ്ങട്ടെ മൈതാനങ്ങൾ

സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്‌ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള പ്രോപ്പർട്ടി ഡാൻസിന്റെ അവസാന പരിശീലനം യൂണിവേഴ്‍സിറ്റി സ്റ്റേഡിയത്തിൽ നടന്നപ്പോൾ / ഫോട്ടോ: സുമേഷ് കോടിയത്ത്
തിരുവനന്തപുരം: തലസ്ഥാനത്തെ മണ്ണിലും വിണ്ണിലും താരങ്ങൾ നിറയും. അതിന്റെ തെളിച്ചം കേരളത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്കാകെ വഴിതെളിക്കും. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന് തിരുവനന്തപുരത്ത് ചൊവ്വാഴ്‌ച കൊടി ഉയരും. വൈകിട്ട് നാലിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റുണ്ടാകും.
ഇന്ത്യൻ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയനും മന്ത്രി വി ശിവൻകുട്ടിയും ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവര്‍ പങ്കെടുക്കും. കലാപരിപാടികളും അരങ്ങേറും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബ്രാൻഡ് അംബാസഡറാണ്. ചലച്ചിത്ര താരം കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറായി മേളയ്‌ക്കെത്തും.
12 വേദികളിൽ ബുധനാഴ്‌ച മത്സരം ആരംഭിക്കും. ഭിന്നശേഷി കുട്ടികളും ഗള്‍ഫ് മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളുമടക്കം കാല്‍ലക്ഷം താരങ്ങള്‍ പങ്കെടുക്കും. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഇൻക്ലൂസീവ് കായികമേളയാണ് ആദ്യദിനം.
23മുതല്‍ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങൾ. നീന്തല്‍ 22മുതല്‍ 25വരെ പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാട്ടിക് കോംപ്ലക്‌സിൽ. സൈക്ലിങ് 26ന് കാരോട് ബൈപാസിലും ക്രോസ് കണ്‍ട്രി 27ന് എയര്‍പോര്‍ട്ട് റോഡിലും. സമാപനം 28ന്. കേരളത്തിന്റെ കായികനേട്ടം വിവരിക്കുന്ന പ്രദര്‍ശനവും കായിക വിനോദങ്ങളും പുത്തരിക്കണ്ടം മൈതാനത്തുണ്ടാകും. കായികതാരങ്ങളുടെ താമസത്തിന് 74 സ്‌കൂളും യാത്രയ്‌ക്ക് 142 ബസും ഒരുക്കിയിട്ടുണ്ട്.









0 comments