സംസ്ഥാനത്തും ശതാബ്‌ദി ആഘോഷം
print edition ഹോക്കിയിൽ നൂറ്റാണ്ടിന്റെ ആഘോഷം

ഇന്ത്യൻ ഹോക്കിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിൽ നടന്ന പ്രദർശന മത്സരം
ന്യൂഡൽഹി
ഇന്ത്യൻ ഹോക്കിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷപരിപാടികൾക്ക് തുടക്കമായി. മത്സരങ്ങളും സെമിനാറുകളും പ്രദർശനങ്ങളും നടന്നു.
1925 നവംബർ ഏഴിന് മധ്യപ്രദേശിലെ ഗ്വാളിയറിലാണ് ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ തുടക്കം. കഴിഞ്ഞ 100 വർഷത്തിനിടെ ഇന്ത്യൻ ഹോക്കിയുടെ ഉയർച്ചയും താഴ്‌ചയും കണ്ടു. പുരുഷടീം എട്ട് ഒളിമ്പിക്‌സുകളിൽ സ്വർണം നേടി. കഴിഞ്ഞ രണ്ടുതവണയും വെങ്കലമായിരുന്നു. വനിതാടീമിന്റെ പ്രവേശം ഏറെ വൈകിയാണ്. 1982 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പുരുഷ–വനിതാ ടീമുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. പുരുഷ ടീമിന്റെ ലോക റാങ്ക് ഏഴാണ്. വനിതകളുടേത് 10. ഇരുടീമുകളിലും നിലവിൽ മലയാളികളില്ല. പി ആർ ശ്രീജേഷ് ഏറെക്കാലം ദേശീയ ടീമിന്റെ ഗോൾകീപ്പറായിരുന്നു. നിലവിൽ ജൂനിയർ ടീമിന്റെ പരിശീലകനാണ്. സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
അന്തരിച്ച ഒളിമ്പ്യൻ മാനുവൽ ഫ്രെഡറികിന് ആദരം അർപ്പിച്ചാണ് തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കൂളിൽ പരിപാടികൾ നടന്നത്. കായിക യുവജന ഡയറക്‌ടർ പി വിഷ്‌ണുരാജ് ഉദ്ഘാടനം ചെയ്‌തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ അധ്യക്ഷനായി. കേരള ഹോക്കിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 126 കേന്ദ്രങ്ങളിൽ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു.









0 comments