ചെസിൽ ഇന്ത്യൻ പടയോട്ടം

2012ൽ ദേശീയ അണ്ടർ 7 ചാമ്പ്യൻ / 2023ൽ ഏഷ്യൻ വനിതാ കിരീടം / 2024ൽ ലോക ജൂനിയർ കിരീടം

എൻ ആർ അനിൽകുമാർ
Published on Jul 29, 2025, 12:00 AM | 1 min read
ആവേശവും ഉദ്വേഗവും നിറഞ്ഞ രണ്ട് ടൈബ്രേക്കർ ഗെയിമുകളിലും മികവ് പുലർത്തിയത് ദിവ്യ ദേശ്‌മുഖായിരുന്നു. രണ്ടിലും പരിചയസമ്പന്നയായ കൊണേരു ഹമ്പിക്ക് പിഴച്ചു. ആദ്യ ഗെയിമിലെ പിഴവിൽനിന്ന് ഹമ്പിക്ക് തടിയൂരാനായെങ്കിലും രണ്ടാം ഗെയിമിലെ പിഴവ് മാരകമായി. ഒന്നാം ടൈബ്രേക്കർ ഗെയിമിൽ 81 നീക്കങ്ങളിൽ സമനില നേടിയ ലോക വനിതാ റാപ്പിഡ് ചാമ്പ്യന് രണ്ടാം ഗെയിമിൽ എഴുപത്തിയഞ്ചാം നീക്കത്തിൽ മുൻ ലോക ജൂനിയർ ഗേൾസ് ചാമ്പ്യനോട് പരാജയം സമ്മതിക്കേണ്ടിവന്നു.
ഇന്ത്യൻ ചെസിൽ പുതിയ കാലത്തിന്റെ വരവിനെ അടയാളപ്പെടുത്തുന്നതാണ് പത്തൊമ്പതുകാരിയുടെ ലോകകപ്പ് ജയം. വിശ്വനാഥൻ ആനന്ദിന്റെ ലോക ചാമ്പ്യൻഷിപ് നേട്ടം ഇന്ത്യൻ ചെസിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തിരികൊളുത്തി. പക്ഷെ രണ്ട് തവണ ലോക റാപ്പിഡ് കിരീടവും ഒരുതവണ ലോക ചാമ്പ്യൻഷിപ് ഫൈനൽ പ്രവേശന നേട്ടവും സ്വന്തമാക്കിയ കൊണേരു ഹമ്പിക്ക് ഇന്ത്യൻ മാധ്യമങ്ങളോ സ്‌പോർട്സ് പ്രേമികളോ വേണ്ടത്ര പരിഗണന നൽകിയില്ല. ഡി ഗുകേഷിന്റെ ലോകകിരീട ജയവും ആർ പ്രഗ്നാനന്ദയുടെ കാൾസൺ ജയങ്ങളും ഗംഭീരമായി ആഘോഷിക്കപ്പെട്ടതോടെ ആയിരക്കണക്കിന് കുട്ടികൾ ചെസിലേക്ക് ആകർഷിക്കപ്പെട്ടു. എന്നിട്ടും മറ്റ് പല കായികവിനോദ മേഖലകളെപ്പോലെ ചെസ് ഇന്നും പുരുഷതാൽപ്പര്യസംരക്ഷിത മേഖലയായി തുടരുന്നുവെന്ന് പറയാതെവയ്യ. ഇതിനെതിരെ പടപൊരുതിയത് ഹംഗറിയുടെ ചെസ് ഇതിഹാസം ജൂഡിത്ത് പോൾഗാറാണ്. പുരുഷ ടൂർണമെന്റുകളിൽമാത്രം കരുനീക്കങ്ങൾ നടത്തിയ ജൂഡിത്ത് 11 ലോക ചാമ്പ്യന്മാരെ വീഴ്‌ത്തി. വീണവരിൽ കാൾസണും കാസ്‌പറോവും ആനന്ദും കാർപ്പോവും പെട്ടിരുന്നു.


ദിവ്യയും ഹമ്പിയും വൈശാലിയും ഇന്ത്യൻ വനിതാ ചെസിന് വലിയൊരു ഉണർവാണ് സമ്മാനിക്കുന്നത്. 18 വയസുള്ള ഇന്ത്യൻ യുവതാരത്തിന് ലോക ചാമ്പ്യനാകാമെങ്കിൽ 19 വയസുകാരിക്ക് ലോകകപ്പ് ചാമ്പ്യനാകാമെന്ന് ദിവ്യ തെളിയിച്ചിരിക്കുന്നു. അസാമാന്യ പോരാട്ടവീര്യത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതിരൂപമായ ദിവ്യ ലോകകപ്പ് ജയത്തോടൊപ്പം ഗ്രാൻഡ്മാസ്‌റ്റർ പട്ടവും ലോക വനിതാ കാൻഡിഡേറ്റ്സ് മത്സരത്തിലേക്കുള്ള അർഹതയും സ്വന്തമാക്കി.









0 comments