സുവർണ ഹർഷം ; ഹർഷിതയ്ക്ക് തുടർച്ചയായ രണ്ടാംതവണയും സ്വർണം

വനിതകളുടെ 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ പൊന്നണിഞ്ഞശേഷം ഹർഷിത ജയറാമിന്റെ ആഘോഷം / ഫോട്ടോ: പി ദിലീപ്കുമാർ
ഹൽദ്വാനി
ഒടുവിൽ നീന്തൽക്കുളം കേരളത്തിന് പൊൻകുളമായി. ആദ്യദിനം പ്രതീക്ഷിച്ച പ്രകടനം ഇല്ലാത്തതിന്റെ നിരാശ മാഞ്ഞു. ഹൽദ്വാനിയിലെ നീന്തൽക്കുളത്തിൽ ഹർഷിത തെളിഞ്ഞു. വനിതകളുടെ 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ തുടർച്ചയായ രണ്ടാംതവണയും ഹർഷിത ജയറാം പൊന്നിൽ തൊട്ടു.
ബാല്യകാല ഓർമകളിലാണ് ഹർഷിതയ്‌ക്ക് കേരളം. നീന്തൽക്കുളത്തിൽ ഈ നാടാണ് എല്ലാം. തൃശൂരാണ് സ്വദേശമെങ്കിലും ഹർഷിത വളർന്നതും നീന്തൽ താരമായതുമൊക്കെ ബംഗളൂരുവിലാണ്. കേരളത്തിന്റെ സുവർണതാരം സജൻ പ്രകാശാണ് ഹർഷിതയുടെ എക്കാലത്തെയും മാതൃക. എ സി ജയരാജാണ് പരിശീലകൻ.
ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിനായി മൂന്ന് സ്വർണമാണ് ഇതുവരെ നേടിയിട്ടുള്ളത്. അതിലൊന്ന് ഹൽദ്വാനിയിലെ നീന്തൽക്കുളത്തിൽനിന്ന്. രണ്ട് വെങ്കലവും. 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ റെക്കോഡും ഇരുപത്തിനാലുകാരിയുടെ പേരിലാണ്.
ഹീറ്റ്‌സിൽ മികച്ച പ്രകടനത്തോടെ ഫൈനലിലേക്ക് മുന്നേറിയ ഹർഷിതയ്‌ക്ക് തമിഴ്‌നാട്ടുകാരി ശ്രീനിധി നടേശൻ കടുത്ത വെല്ലുവിളി നൽകി. അവസാന ലാപ്പിൽ മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഹർഷിത വിട്ടുകൊടുത്തില്ല. രണ്ട് മിനിറ്റ് 42.38ൽ ചാമ്പ്യനായപ്പോൾ ശ്രീനിധി 2:42.44 സമയത്തിൽ വെള്ളി കുറിച്ചു. 2:45.56 സമയത്തിൽ ഒഡിഷയുടെ ദിവ്യങ്ക പ്രധാൻ വെങ്കലവും നേടി.
നീന്തൽക്കുളത്തിൽ ഒരു റെക്കോഡുകൂടി പിറന്നു. പുരുഷന്മാരുടെ 1500 മീറ്റർ ഫ്രീസ്‌റ്റൈലിൽ ഡൽഹിയുടെ കുശാഗ്ര റാവത്ത് 15:37.79 സമയത്തിൽ മീറ്റ് റെക്കോഡിട്ടു. ഈയിനത്തിൽ കേരളത്തിന്റെ ശ്രാവണിന് മെഡൽ മേഖലയിൽ എത്താനായില്ല. വനിതാ 4–-100 മീറ്റർ റിലേയിലും മങ്ങി.
ബീച്ച് ഹാൻഡ്‌ബോളിൽ കേരള വനിതകൾ ഫൈനലിൽ എത്തിയതാണ് മറ്റൊരു ശ്രദ്ധേയ നേട്ടം. അസമിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചു. ഇന്ന് കിരീടപ്പോരിൽ ഹരിയാനയുമായി ഏറ്റുമുട്ടും.
വനിതകളുടെ ബാസ്‌കറ്റ്‌ബോളിൽ ആതിഥേയരായ ഉത്തരാഖണ്ഡിനെ 90–-40ന് തോൽപ്പിച്ച് സെമി ഉറപ്പാക്കി. പുരുഷ ഖോ ഖൊയിലും സെമിയിലെത്തി. കർണാടകയെ തോൽപ്പിച്ചാണ് മുന്നേറ്റം.
വനിതാ വോളിയിൽ തമിഴ്‌നാടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് കേരളം തുടർച്ചയായ രണ്ടാംജയംകുറിച്ചത്. പുരുഷൻമാർ ആദ്യകളിയിൽ സർവീസസിനോട് തോറ്റെങ്കിലും ഹരിയാനയെ കീഴടക്കി സെമി സാധ്യത സജീവമാക്കി (3–-1). ഷൂട്ടിങ് 10 മീറ്റർ എയർറൈഫിളിൽ വിദർഷ കെ വിനോദ് ഫൈനലിൽ ആറാമതായി. ഡ്യുയാത്‌ലണിൽ മുഹമ്മദ് റോഷൻ നാലാമതായി. റഗ്‌ബിയിൽ ഇരുവിഭാഗത്തിലും ക്വാർട്ടറിൽ തോറ്റു. പുരുഷ വാട്ടർപോളോയിൽ മണിപ്പുരിനെ 20–-0ന് തകർത്തു.









0 comments