കേരളത്തിന് നീന്തലിൽ ആകെ ഏഴ് മെഡൽ
കേരളത്തിന്റെ പൊൻമീൻ ; നീന്തലിൽ മൂന്ന് സ്വർണവുമായി ഹർഷിത ജയറാം

100 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ കേരളത്തിന്റെ ഹർഷിത ജയാറം സ്വർണത്തിലേക്ക്
ഹൽദ്വാനി
എട്ടാം വയസിൽ വെറുതേ നീന്തിത്തുടങ്ങിയതാണ് ഹർഷിത. ആ നീന്തൽ ഇന്ന് ദേശീയ ഗെയിംസിന്റെ സുവർണ ചരിത്രമായി മാറി. ഒരു ഗെയിംസിൽ മൂന്ന് സ്വർണം നേടുന്ന ആദ്യ വനിതാ മലയാളി നീന്തൽ താരം. നീന്തലിന്റെ അവസാനദിനം 100 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിലും ഇരുപത്തിമൂന്നുകാരി പൊന്നണിഞ്ഞു. ഒരു മിനിറ്റ് 14.34 സമയത്തിലായിരുന്നു നേട്ടം. ഈയിനത്തിൽ ഗോവ ഗെയിംസിൽ റെക്കോഡും കുറിച്ചിരുന്നു.
200 മീറ്ററാണ് ഇഷ്ടയിനമെങ്കിലും ബ്രസ്‌റ്റ്‌സ്ട്രോക്കിലെ 50, 100 മീറ്ററുകളിലും ഹർഷിത ആധിപത്യം സ്ഥാപിക്കുകയായിരുന്നു. തൃശൂരാണ് സ്വദേശം. ബംഗളൂരുവിലാണ് താമസം. പരിശീലനവും അവിടെത്തന്നെ. കണ്ണൂർ സ്വദേശി എ സി ജയരാജാണ് പരിശീലകൻ. കേരളത്തിനായി ദേശീയ ഗെയിംസിൽ ഇതുവരെ അഞ്ച് സ്വർണവും രണ്ട് വെങ്കലവും സ്വന്തമാക്കി.
2026ലെ ഏഷ്യൻ ഗെയിംസും 2028ലെ ഒളിമ്പിക്‌സുമാണ് ലക്ഷ്യമെന്നും ഹർഷിത പറഞ്ഞു. നീന്തലിൽ ഹർഷിതയുടെ മൂന്ന് സ്വർണം ഉൾപ്പെടെ ഏഴ് മെഡലുകളാണ് കേരളത്തിന്. ഒരു സ്വർണുവും വെള്ളിയും രണ്ട് വെങ്കലവും സജൻ പ്രകാശിനാണ്. പട്ടികയിൽ നാലാമതാണ്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണ് മെഡലെണ്ണം.
22 സ്വർണവും 10 വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 37 മെഡലുകളുമായി കർണാടകം നീന്തലിൽ ചാമ്പ്യൻമാരായി. അഞ്ച് സ്വർണവും 11 വെള്ളിയും 12 വെങ്കലവുമായി മഹാരാഷ്‌ട്രയാണ് രണ്ടാമത്. അഞ്ച് സ്വർണമുൾപ്പെടെ ഒമ്പത് മെഡലുകളുമായി ഡൽഹി മൂന്നാമതുമെത്തി.
കർണാടകത്തിന്റെ പാതിമലയാളി ധിനിധി ദേശിങ്കു മൂന്ന് റെക്കോഡ് ഉൾപ്പെടെ ഒമ്പത് സ്വർണം നേടി. ഒരു വെള്ളിയും വെങ്കലവുമുണ്ട്. പുരുഷന്മാരിൽ കർണാടകത്തിന്റെ ശ്രീഹരി നടരാജ് ഒമ്പത് സ്വർണവും ഒരു വെള്ളിയും നേടി.









0 comments