print edition ലോക ചാമ്പ്യൻ വീണു

പനജി : ഇന്ത്യയുടെ ലോക ചാമ്പ്യൻ ഡി ഗുകേഷിന് അടിതെറ്റി. ചെസ് ലോകകപ്പിന്റെ മൂന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. ജർമനിയുടെ ഫ്രെഡറിക് എസ്‌വനെയാണ് പത്തൊന്പതുകാരനെ വീഴ്‌ത്തിയത്. ആദ്യ കളിയിൽ സമനില നേടിയ ഗുകേഷ് രണ്ടാമത്തേതിൽ 55 നീക്കത്തിൽ അടിയറവ് പറഞ്ഞു (0.5–1.5). സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന നെതർലൻഡ്സിന്റെ അനിഷ് ഗിരിയും പുറത്തായി. ജർമനിയുടെ അലെക-്-സാണ്ടർ ഡോൺചെങ്കോ തോൽപ്പിച്ചു. ആർ പ്രഗ്‌നാനന്ദ, വി പ്രണവ്, പി ഹരികൃഷ്‌ണ, അർജുൻ എറിഗെയ്‌സി എന്നീ ഇന്ത്യൻ താരങ്ങൾ നാലാം റൗണ്ടിലേക്ക് മുന്നേറി.
മലയാളി താരം എസ് എൽ നാരായണൻ, കാർതിക് വെങ്കിട്ടരമണൻ, വിദിത്ത് ഗുജറാത്തി എന്നിവർ സമനില നേടി. മൂവരും ഇന്ന് ടൈബ്രേക്കർ കളിക്കും. എം പ്രണേഷും ദീപ്‌തായൻ ഘോഷും പുറത്തായി.
ഹരികൃഷ്‌ണ ബൽജിയം താരം ഡാനിയൽ ഡർദയെ തോൽപ്പിച്ചു(1.5 – 0.5). ആദ്യ കളി ജയിച്ചപ്പോൾ രണ്ടാമത്തേത് സമനിലയായി. അർജുൻ ഉസ്‌ബെകിസ്ഥാന്റെ ഷംസിദ്ദീൻ വോകിദേവിനെ കീഴടക്കി (1.5 – 0.5).
ആർ പ്രഗ്‌നാനന്ദ അർമീനിയയുടെ റോബർട്ട് ഹോവ്‌ഹന്നിസിയാനെ മറികടന്നു. ആദ്യ കളി സമനിലയായപ്പോൾ രണ്ടാമത്തേത് ജയിച്ചാണ് പ്രഗ്‌നാനന്ദയുടെ മുന്നേറ്റം. വി പ്രണവ് ലിത്വാനിയയുടെ ടിറ്റാസ് സ്‌ട്രെമാവിഷ്യസിനെ പരാജയപ്പെടുത്തി. വിദിത്ത് ഗുജറാത്തിയും അമേരിക്കയുടെ സാം ഷാംഗിലൻഡും തമ്മിലുള്ള രണ്ട് കളിയും സമനിലയിൽ അവസാനിച്ചു.
മലയാളി താരം എസ് എൽ നാരായണൻ തുടർച്ചയായി രണ്ടാം മത്സരത്തിലും ചൈനയുടെ യു യാങ് യിയെ തളച്ച് ഫോം തുടർന്നു.









0 comments