നിഹാൽ പുറത്ത് , വിദിതും പ്രണവും മുന്നോട്ട്
print edition ചെസ് ലോകകപ്പ് ; നാരായണൻ, പ്രഗ്‌നാനന്ദ മുന്നോട്ട്

എസ് എൽ നാരായണൻ
പനജി
കടുത്ത പോരാട്ടം മറികടന്ന് ആർ പ്രഗ്‌നാനന്ദയും മലയാളി താരം എസ് എൽ നാരായണനും ചെസ് ലോകകപ്പിന്റെ മൂന്നാം റൗണ്ടിൽ. വിദിത് ഗുജറാത്തി, വി പ്രണവ്, എം പ്രാണേഷ്, കാർത്തിക് വെങ്കട്ടരാമൻ എന്നിവരും ടൈബ്രേക്ക് ജയിച്ച് മൂന്നാം റൗണ്ടിലെത്തി. അതേസമയം, നിഹാൽ സരിൻ പുറത്തായത് തിരിച്ചടിയായി. അരവിന്ദ് ചിദംബരവും മുരളി കാർത്തികേയനും റൗണിക് സധ്വനിയും പുറത്തായി.
ഡി ഗുകേഷ്, അർജുൻ എറിഗെയ്‌സി, ദീപ്‌തയാൻ ഘോഷ്, പി ഹരികൃഷ്‌ണ എന്നിവർ രണ്ടാംദിനംതന്നെ മൂന്നാംറൗണ്ട് ഉറപ്പാക്കിയിരുന്നു. പത്ത് ഇന്ത്യൻ താരങ്ങൾ മൂന്നാംറൗണ്ടിലേക്ക് മുന്നേറി.
രണ്ടാംറൗണ്ടിലെ രണ്ട് ഗെയിമുകളും സമനിലയായതിനെ തുടർന്നാണ് ടൈബ്രേക്ക് മത്സരങ്ങൾ നടന്നത്. എട്ട് ഇന്ത്യൻ താരങ്ങളായിരുന്നു ടൈബ്രേക്കിൽ. പ്രഗ്‌നാനന്ദ തോൽവിയുടെ വക്കിൽനിന്ന് തിരിച്ചുവരികയായിരുന്നു. ആറ് ഗെയിം ടൈബ്രേക്കിൽ ഓസ്‌ട്രേലിയയുടെ ടെമുർ കുയ്‌ബോകറോവിനെ 5–3ന് കീഴടക്കി. ഇംഗ്ലീഷുകാരൻ നികിത വിറ്റിയുഗോവിനെ കടുത്ത പോരിൽ മറികടന്നാണ് നാരായണൻ മൂന്നാംറൗണ്ട് ഉറപ്പാക്കിയത്.
ഗ്രീക്ക് ഗ്രാൻഡ്‌മാസ്‌റ്റർ കൗർകൗലോസ് അർഡിറ്റ്‌സ് സ്‌റ്റമാറ്റിസിനോട് തോറ്റാണ് നിഹാൽ പുറത്തായത്. വിദിത് അർജന്റീനയുടെ പന്ത്രണ്ട് വയസുകാരൻ ഒറോ ഫൗസ്‌റ്റിനോയെ തോൽപ്പിച്ചു. ലോക ജൂനിയർ ചാമ്പ്യനായ പ്രണവ് നോർവേയുടെ ആര്യൻ ടാരിയെ മറികടന്നു. പ്രാണേഷ് ജർമനിയുടെ ദിമിത്രി കോള്ളാഴ്‌സിനെയും കീഴടക്കി.









0 comments