ഹംഗേറിയൻ ഗ്രാൻ പ്രീയിൽ ലാൻഡോ നോറിസ്; എഫ് വണ്ണിൽ മക്‌ലാറൻ കുതിപ്പ് തുടരുന്നു

ലാൻഡോ നോറിസ് ടീമംഗങ്ങൾക്കൊപ്പം. PHOTO: Facebook/F1
ബുഡാപെസ്റ്റ്: ഹംഗേറിയൻ ഗ്രാൻ പ്രീയിലും വിജയക്കൊടി പാറിച്ച് മക്‌ലാറൻ. ഗ്രാൻ പ്രീയിൽ മക്‌ലാറൻ ഡ്രൈവർ ലാൻഡോ നോറിസ് ഒന്നാമതെത്തിയപ്പോൾ മക്‌ലാറന്റെ തന്നെ ഓസ്‌കാർ പിയാസ്‌ട്രി രണ്ടാമത് ഫിനിഷ് ചെയ്തു. മെഴ്‌സിഡസ് ഡ്രൈവർ ജോർജ് റസൽ ആണ് മൂന്നാമത്.
പോൾ പൊസിഷനിൽ മുന്നിലുണ്ടായിരുന്ന ചാൾസ് ലെക്‌റക് നാലാമതെത്തിയപ്പോൾ മുൻ ലോക ചാമ്പ്യൻ ഫെർണാണ്ടോ അലോൺസോ അഞ്ചാമതായി. നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെസ്തപ്പൻ ഒൻപതാമതാണ്. ലൂയിസ് ഹാമിൽട്ടൺ 11–ാമതും.
രണ്ട് പോഡിയം ഫിനിഷുകളുമായി ഹംഗേറിയൻ ഗ്രാൻ പ്രീയിലും കളം നിറഞ്ഞതോടെ ഇത്തവണത്തെ കൺസ്‌ട്രക്ടർമാരുടെ കിരീടം മക്‌ലാറൻ തങ്ങളിലേക്ക് ഒന്നുകൂടി അടുപ്പിച്ചു. കഴിഞ്ഞ തവണ കൺസ്‌ട്രക്ടർമാരിൽ ചാമ്പ്യൻമാരായ മക്‌ലാറൻ ഇത്തവണ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. മക്‌ലാറന്റെ ഡ്രൈവർമാരായ ഓസ്‌കാർ പിയാസ്‌ട്രി, ലാൻഡോ നോറിസ് എന്നിവർ തന്നെയാണ് ലോക ചാമ്പ്യൻഷിപ്പിനുള്ള പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ഹംഗേറിയൻ ഗ്രാൻ പ്രീയിൽ വിജയിച്ചതോടെ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ലാൻഡോ തന്റെ കിരീട സാധ്യത സജീവമാക്കി. ഒന്നാമതുള്ള പിയാസ്‌ട്രിക്ക് 284 പോയിന്റാണുള്ളത്. രണ്ടാമതുള്ള ലാൻഡോയ്‌ക്ക് 275ഉം. മൂന്നാമതുള്ള നിലവിലെ ചാമ്പ്യൻ റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പന് 187 പോയിന്റാണുള്ളത്.









0 comments