ചെസ് ലോകകപ്പ്: നാരായണൻ പുറത്ത്

പനജി: ചെസ് ലോകകപ്പിൽ മലയാളി താരം എസ് എൽ നാരായണൻ പുറത്തായി. ടൈബ്രേക്കറിലേക്ക് നീണ്ട മൂന്നാം റൗണ്ടിൽ ചൈനയുടെ യു യാങ് യി ജയിച്ചു. ആദ്യ രണ്ട് കളി സമനിലയായതിനെതുടർന്നായിരുന്നു ടൈബ്രേക്കർ. അതിൽ ആദ്യത്തേത് ജയിച്ച് ചൈനീസ് താരം മുൻതൂക്കം നേടി. രണ്ടാമത്തെ ടൈബ്രേക്കർ സമനിലയായപ്പോൾ കളി 2.5–1.5 പോയിന്റിന് സ്വന്തമാക്കി. മറ്റൊരു മലയാളി നിഹാൽ സരിൻ നേരത്തെ പുറത്തായിരുന്നു.
അഞ്ച് ഇന്ത്യൻ താരങ്ങളാണ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. 19 ഇന്ത്യക്കാർ പുറത്തായി. അവശേഷിക്കുന്ന 32 കളിക്കാരിൽ അർജുൻ എറിഗെയ്‌സി, ആർ പ്രഗ്‌നാനന്ദ, പി ഹരികൃഷ്‌ണ, വി പ്രണവ്, കാർതിക് വെങ്കിട്ടരാമൻ എന്നിവർ നാളെ നാലാം റൗണ്ട് കളിക്കും. പ്രഗ്‌നാനന്ദക്ക് റഷ്യൻ താരം ഡാനിൽ ദുബോവാണ് എതിരാളി. ഹരികൃഷ്‌ണ സ്വീഡന്റെ നിൽസ് ഗ്രാൻഡിലസിനെയും വി പ്രണവ് ഉസ്‌ബെകിസ്ഥാന്റെ നോദിർബെക് യാകൂബോവിനെയും നേരിടും.
കാർതിക് വിയറ്റ്‌നാമിന്റെ ലിയം ലീയുമായി ഏറ്റുമുട്ടും. അർജുന് ഹംഗറിയുടെ പീറ്റർ ലെകോയാണ് എതിരാളി.
കാർതിക് ടൈബ്രേക്കർ ജയിച്ചപ്പോൾ വിദിത്ത് ഗുജറാത്തിക്ക് തോൽവി പിണഞ്ഞു. നെതർലൻഡ്‌സിന്റെ അനീഷ് ഗിരിയും ഉസ്‌ബെകിന്റെ നൊദിർബെക് അബ്‌ദുസത്തറോവുമാണ് പുറത്തായ പ്രമുഖർ. കിരീടസാധ്യതയുള്ള അമേരിക്കയുടെ ലെവൻ അരോണിയനും ജർമനിയുടെ വിൻസന്റ് കെയ്‌മറും മുന്നേറി.









0 comments