ചെസ് ലോകകപ്പ് : എറിഗെയ്‌സിക്ക് ജയം, ഗുകേഷിന് സമനില

Arjun Erigaisi
പനജി: ഫിഡെ ചെസ് ലോകകപ്പ് രണ്ടാം റൗണ്ടിലെ ആദ്യ ഗെയിമിൽ ലോക ചാന്പ്യൻ ഡി ഗുകേഷിന് സമനില. രണ്ടാം സീഡ് അർജുൻ എറിഗെയ്‌സി ജയം നേടിയപ്പോർ ആർ പ്രഗ്‌നാനന്ദയ്‌ക്ക് സമനിലയാണ്. മലയാളി താരങ്ങളായ നിഹാൽ സരിനും എസ് എൽ നാരായണനും ആദ്യ ഗെയിമിൽ സമനില പിടിച്ചു. അതേസമയം, വിദിത് ഗുജറാത്തിയെ അർജന്റീനയുടെ പന്ത്രണ്ട് വയസുകാരൻ ഒറോ ഫൗസ്‌റ്റിനോ തളച്ചു. മറ്റൊരു ഇന്ത്യൻ താരം വി പ്രണവ് ആദ്യ ഗെയിം ജയിച്ചു.
ഗുകേഷ് ആദ്യ ഗെയിമിൽ കസാഖ്‌സ്ഥാന്റെ നോഗെർബെക്ക് കാസിബെക്കുമായാണ് പോയിന്റ് പങ്കുവച്ചത്. അഞ്ച് മണിക്കൂറായിരുന്നു പോരാട്ടം. ഇന്നാണ് രണ്ടാം ഗെയിം. ജയിച്ചാൽ മൂന്നാം റൗണ്ടിൽ കടക്കാം. വീണ്ടും സമനിലയായാൽ നാളെ നടക്കുന്ന ടൈബ്രേക്കിൽ വിജയികളെ നിശ്‌ചയിക്കും.
എറിഗെയ്‌സി ബൾഗേറിയയുടെ മാർടിൻ പെട്രോവിനെ കീഴടക്കി ജയത്തുടക്കം കുറിച്ചു. 37 നീക്കത്തിലാണ് ജയം. രണ്ടാം ഗെയിം ഇന്നാണ്. പ്രഗ്‌നാനന്ദ ഓസ്‌ട്രേലിയയുടെ ടെമുർ കുയ്‌ബോകറോവുമായാണ് പോയിന്റ് പങ്കുവച്ചത്. വിദിതിനെ ഒറോ ഞെട്ടിച്ചു. ചെസിലെ മെസി എന്നറിയപ്പെടുന്ന പന്ത്രണ്ടുകാരൻ ആദ്യ റൗണ്ടിൽ ഉയർന്ന റാങ്കുകാരനായ ക്രൊയേഷ്യയുടെ ആന്റെ ബർക്കിക്കിനെ തോൽപ്പിച്ചിരുന്നു. 28 നീക്കത്തിലാണ് വിദിതിനെ തളച്ചത്.
അതേസമയം, ദിപ്‌തിയാൻ ഘോഷ് റഷ്യക്കാരൻ ഇയാൻ നിപോംനിഷയെ ആദ്യ ഗെയിമിൽ തളച്ചു. എസ് എൽ നാരായണൻ ഇംഗ്ലണ്ടിന്റെ നികിത വിറ്റിയുഗോവുമായി സമനിലയിൽ പിരിഞ്ഞു. നിഹാൽ റഷ്യയുടെ നെസ്‌റ്റെറോവ് അർസെനിയുമായാണ് സമനില പിടിച്ചത്. അമേരിക്കയുടെ ലെവൻ അരോണിയൻ ഇന്ത്യൻ യുവതാരം ആരോണ്യക് ഘോഷിനെ തോൽപ്പിച്ചു.
പ്രണവ് നേോർവേയുടെ ആര്യൻ താരിയെയാണ് കീഴടക്കിയത്. രണ്ടാം റൗണ്ടിലെ രണ്ടാം ഗെയിം മത്സരങ്ങൾ ഇന്ന് നടക്കും.









0 comments