വെങ്കലത്തിരയിളക്കം ; ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിൽ രമേഷ് ബുധിഹാലിന് വെങ്കലം

മഹാബലിപുരം
സർഫിങ്ങിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ രമേഷ് ബുധിഹാൽ. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടന്ന ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലാണ് കുട്ടിക്കാലംമുതൽ കേരളത്തിൽ താമസിക്കുന്ന രമേഷിന്റെ നേട്ടം. സർഫിങ് വ്യക്തിഗത ഇനത്തിൽ ആദ്യമായാണ് ഒരു രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരത്തിന് മെഡൽ ലഭിക്കുന്നത്. ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് ഇരുപത്തിനാലുകാരൻ.
ഫൈനലിൽ 12.60 പോയിന്റാണ് നേടിയത്. ദക്ഷിണ കൊറിയയുടെ പതിനെട്ടുകാരൻ കനോയ ഹീജായി (15.17)ആണ് ചാമ്പ്യൻ. ഇന്തോനേഷ്യയുടെ പജർ അറിയാന 14.57 പോയിന്റുമായി വെള്ളിയും സ്വന്തമാക്കി.
കടുത്ത പോരാട്ടത്തിലാണ് രമേഷ് ഫൈനലിലെത്തിയത്. സെമിയിൽ 11.43 പോയിന്റുമായി രണ്ടാംസ്ഥാനക്കാരനായാണ് മുന്നേറിയത്. അറിയാനയായിരുന്നു ഒന്നാമൻ. ക്വാർട്ടറിൽ 14.84 പോയിന്റുമായി രമേഷായിരുന്നു ഒന്നാമതെത്തിയത്.
ഫൈനലിൽ കരുത്തുറ്റ തുടക്കമായിരുന്നു. തിരമാലകളിൽകൂടി നിയന്ത്രണംതെറ്റാതെ കുതിച്ചു. ആദ്യ ഘട്ടത്തിൽ 6.7 ആയിരുന്നു സ്‌കോർ. ആദ്യഘട്ടം കഴിഞ്ഞപ്പോൾ കനോയക്കുപിന്നിൽ രണ്ടാമനായി. അടുത്ത ഘട്ടത്തിൽ മൂന്നാംസ്ഥാനത്തേക്ക് വീണു. അവസാന നിമിഷങ്ങളിൽ നിയന്ത്രണം വീണ്ടെടുത്ത രമേഷ് മികച്ച സ്‌കോറായ 6.43 കുറിച്ചു. ആകെ 12.60 പോയിന്റുമായി വെങ്കലം ഉറപ്പാക്കുകയും ചെയ്‌തു.
‘ഫൈനലിൽ കടന്നതുതന്നെ അഭിമാനമായിരുന്നു. എന്റെ ടീമിനും രാജ്യത്തിനുംവേണ്ടിയാണ് ഞാൻ ഇറങ്ങിയത്. ഇപ്പോൾ ലഭിക്കുന്ന വലിയ പിന്തുണ സർഫിങ്ങിന്റെ വളർച്ചയ്‌ക്ക് വഴിയൊരുക്കും– മത്സരശേഷം രമേഷ് വ്യക്തമാക്കി. സ്വർണം നേടിയ കനോയ അണ്ടർ 18 വിഭാഗത്തിലും ജേതാവായിരുന്നു. 2026ൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള അവസാന യോഗ്യതാ മത്സരമായിരുന്നു ഇത്. ഏഷ്യൻ ഗെയിംസിൽ ആദ്യമായാണ് സർഫിങ് ഉൾപ്പെടുന്നത്. ഇന്ത്യക്ക് പുരുഷ, വനിതാ ഇനങ്ങളിൽ ഓരോ സ്ഥാനം ഉറപ്പുണ്ട്. റാങ്കിങ് അടിസ്ഥാനത്തിൽ കൂടുതലായി രണ്ടെണ്ണംകൂടി ലഭിക്കാൻ ഇടയുണ്ട്. 2020മുതൽ ഒളിമ്പിക്‌സിലുണ്ട് സർഫിങ്.









0 comments