‘കുട്ടിക്കളി’യല്ല,ശിശുദിനാഘോഷം; ഉദ്‌ഘാടക‘പ്രധാനമന്ത്രി’യാണ്

കുട്ടികളുടെ ‘പ്രധാനമന്ത്രി’ പവിത്ര ബി നാരായണൻ ശിശുദിനാഘോഷം ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്
ചാച്ചാജിയും കുട്ടി പ്രധാനമന്ത്രിയും പ്രസിഡന്റും അണിനിരന്ന വർണശബള റാലിയും ആഘോഷവുമായി ശിശുദിനമാഘോഷിച്ച് കുട്ടികൾ. വേഷത്തിൽ മാത്രമല്ല, ഉദ്‌ഘാടനത്തിലും ചടങ്ങ് നിയന്ത്രണത്തിലുമെല്ലാം കുട്ടികളാണ് ‘പ്രമുഖർ’. ശിശുക്ഷേമ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷമാണ് നിറപ്പകിട്ടായത്. പറമ്പിൽ ബസാറിൽനിന്ന് പറമ്പിൽ ബസാർ എഎംഎൽപി സ്കൂളിലേക്ക് സംഘടിപ്പിച്ച റാലിയോടെയാണ് തുടക്കം. വാദ്യമേളങ്ങളും വർണ ബലൂണുകളും റോളർ സ്‌കേറ്റിങ് അഭ്യാസങ്ങളും റാലിയ്‌ക്ക് പൊലിമയേകി. നോർത്ത് ട്രാഫിക് അസിസ്റ്റന്റ് കമീഷണർ എൽ സുരേഷ് ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ വേഷങ്ങളണിഞ്ഞ കുഞ്ഞുങ്ങളും അണിനിരന്നു. പ്രസംഗ മത്സരത്തിൽ ജേതാവായ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത പാലാഴി എമറാൾഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനി പവിത്ര ബി നാരായണനാണ് ശിശുദിന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ചാച്ചാജിയുടെ വേഷമണിഞ്ഞെത്തിയ ‘പ്രധാനമന്ത്രി’ മികവാർന്ന പ്രസംഗത്തിനൊപ്പം ശിശുദിന സന്ദേശവും നൽകി. കുട്ടികളുടെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത വടകര സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിലെ പി കെ സയാന അധ്യക്ഷയായി. സെന്റ് ജോസഫ് ഗേൾസ് എച്ച്എസ്എസ് വിദ്യാർഥി കെ എസ് വൈഷ്ണവി സ്വാഗതവും വടകര സെന്റ് ആന്റണീസ് ജെബി സ്കൂളിലെ പി പി ശ്രീബിത്ര നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് കലക്ടർ മോഹന പ്രിയ വിശിഷ്ടാതിഥിയായി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ കെ ടി രാധാകൃഷ്ണൻ മുഖ്യാതിഥിയായി. സമിതി ജോയിന്റ് സെക്രട്ടറി മീരാദർശൻ ശിശുദിന സ്റ്റാമ്പ് പ്രകാശിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ശ്രീദേവ്, ട്രഷറർ കെ വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എൻ ബാബു, സുനിൽ കാവുങ്ങൽ, പറമ്പിൽ എഎംഎൽപി സ്കൂൾ പ്രധാനാധ്യാപിക എ റഷീദ, പ്രധാനാധ്യാപകൻ കെ ഭാഗ്യനാഥൻ എന്നിവർ സംസാരിച്ചു. വിവിധ മത്സര ജേതാക്കൾക്കുള്ള സമ്മാനവിതരണവും കലാപരിപാടികളും നടന്നു.









0 comments