കാലം മായ്ക്കാത്ത ചരിത്രത്തുടിപ്പ്

dbi.jpg
avatar
പ്രൊഫ. എം സി വസിഷ്ഠ്

Published on Nov 16, 2025, 12:01 AM | 3 min read

ഇന്ത്യയിൽ എല്ലാവർഷവും നവംബർ 16- നാഷണൽ പ്രസ് ഡേ ആണ്‌. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്വത്തെയും ഓർമിക്കുന്നതിനും ജനാധിപത്യത്തിൽ പത്രങ്ങൾക്കുള്ള സുപ്രധാന പങ്ക് ഉയർത്തിക്കാട്ടുന്നതിനും വേണ്ടിയാണ് ഈ ദിനം. 1966 നവംബർ 16-ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിച്ചതിന്റെ സ്മരണാർഥമാണ് ഈ ദിനാചരണം. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനം നിർത്തലാക്കി. മാധ്യമ സ്വാതന്ത്ര്യം അടിയന്തരാവസ്ഥയിൽ കടുത്ത വെല്ലുവിളി നേരിട്ടിരുന്നു.1978-ൽ പുതിയൊരു നിയമത്തിലൂടെ (പ്രസ് കൗൺസിൽ ആക്ട്‌ 1978) കൗൺസിൽ പുനഃസ്ഥാപിച്ചു. അതിനും എത്രയോമുന്പ്‌ തൊഴിലാളിവർഗ പ്രസ്ഥാനം പടുത്തുയർത്താൻ ദേശാഭിമാനി പത്രത്തിന്‌ നേരിടേണ്ടിവന്നത്‌ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികളാണ്‌. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആർക്കൈവ്സ് രേഖകൾ അതിന്‌ ചരിത്രത്തിന്റെ ആധികാരികത പകരുന്നു. ഇന്ന്‌, ‘നാഷണൽ പ്രസ് ഡേ’യിൽ ഒരു ദേശാഭിമാനി വിചാരം



കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആർക്കൈവ്സ് രേഖകൾ ദേശാഭിമാനി പത്രത്തെക്കുറിച്ചും അത്‌ നിർവഹിച്ച ചരിത്രപരമായ ദൗത്യത്തെക്കുറിച്ചും നേരിടേണ്ടിവന്ന നടപടികളെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകുന്നു. ദേശാഭിമാനിയുടെ ആദ്യലക്കങ്ങളിൽ പ്രസിദ്ധീകരിച്ച വിവിധ വാർത്തകളെക്കുറിച്ചും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചുമാണ് പ്രധാനമായും ആർക്കൈവ്സ് രേഖകൾ പ്രതിപാദിക്കുന്നത്.


1


1943 മാർച്ച് 28

ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ തുടർന്നാണ് പത്രത്തിന് ആദ്യമായി ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നത്. ബ്രിട്ടീഷ് ഭരണകൂടം ദേശാഭിമാനിക്കുമേൽ 1000 രൂപ ജാമ്യസംഖ്യ കെട്ടിവയ്ക്കാൻ ഉത്തരവിട്ടു. അത് അന്ന് വലിയൊരു സംഖ്യയായിരുന്നു. കയ്യൂർ സമരസഖാക്കളെ തൂക്കിലേറ്റുന്ന തലേദിവസം (1943 മാർച്ച്‌ 28) ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ആണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അരിശത്തിന് പാത്രമായത്. മദ്രാസ് ഗവൺമെന്റിന്റെ പബ്ലിക്ക് ഡിപ്പാർട്ട് ഫയൽ ബണ്ടിൽ നമ്പർ നാല്‌ സീരിയൽ നമ്പർ 15 എന്ന ഫയലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നത്.


ദേശാഭിമാനിക്കെതിരെ ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ച ശിക്ഷാനടപടികൾക്ക് എതിരെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു. നിരോധനത്തിനെതിരെ പ്രമേയങ്ങൾ പാസാക്കിയതിന്റെ വിവരങ്ങൾ ഈ ഫയലിൽ കാണാം. ചെറുകര മഹിളാസംഘം, ഭക്ഷണ സമ്മേളനം–പിണറായി, ബീഡി തൊഴിലാളി യൂണിയൻ–കണ്ണൂർ, കരിവെള്ളൂർ ദേശാഭിമാനി ദിനത്തോടനുബന്ധിച്ചുള്ളത്‌ തുടങ്ങിയ പ്രമേയങ്ങളാണ് ഫയലിൽ.


ചെറുകര മഹിളാസംഘത്തിന്റെ പ്രമേയം

പാസാക്കിയ ദിവസം: 1943 മെയ് 5

അവതാരക: എം.പി.ഭാർഗവി അമ്മ

അനുവാദക: മിസിസ് എ.എം.ഭട്ടതിരിപ്പാട്


2.jpg

പ്രമേയം:

‘ജപ്പാൻകാർ ഇന്ത്യയിലും പരിസരങ്ങളിലും ഭീകരപ്രവൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ തികച്ചും ഒരു ജാപ്പു വിരോധപത്രവും, കേരളീയരുടേയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റിയുടേയും മുഖപത്രമായ ദേശാഭിമാനിയോട് 1000 രൂപ ജാമ്യം കെട്ടിവെക്കാൻ ആവശ്യപ്പെട്ട ഗവൺമെന്റിന്റെ നയം ഇന്നത്തെ പരിതസ്ഥിതിയിൽ ഒട്ടും ആശ്വാസമല്ലെന്നും അതിന്റെ കാരണത്താൽ യാതൊരു നിയമവിധേയത്വവും ഇല്ലെന്നും ചെറുകര മഹിളാസംഘത്തിന്റെ യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെടുകയും പ്രസ്തുത കല്പന പിൻവലിച്ച് പത്രത്തേയും രാജ്യത്തോടും ഇന്നത്തെ സാമ്പത്തിക നിലയിൽ അലോസരപ്പെടുത്താതിരിക്കാൻ മദിരാശി ഗവൺമെന്റിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.’



ഭക്ഷണ സമ്മേളനം–പിണറായി പ്രമേയം

​പാസാക്കിയ ദിവസം: 03.05.1943

അവതാരകൻ: പി.ശങ്കരൻ

അനുവാദകൻ: ടി.കുഞ്ഞിക്കണ്ണൻ

3.jpg

പ്രമേയം:

‘ഫാസിസത്തിനെതിരെ ജനങ്ങളെ മുഴുവൻ അണിനിരത്തി രാജ്യരക്ഷയെ ശക്തിപ്പെടുത്താൻ സജീവമായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് മുഖപത്രമായ ദേശാഭിമാനിയോട് 1000 രൂപ ജാമ്യം കെട്ടിവെക്കാൻ ആവശ്യപ്പെട്ട മദ്രാസ് ഗവൺമെന്റിന്റെ നയത്തിൽ ഈ സമ്മേളനം ശക്തമായി പ്രതിഷേധിക്കുകയും ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

പ്രമേയം സർവ്വസമ്മതമായി പാസാക്കിയിരിക്കുന്നു.’

വി.കുഞ്ഞിക്കണ്ണൻ- പ്രസിഡന്റ്

ഭക്ഷണസമ്മേളനം -പിണറായി


ദേശാഭിമാനി ദിനം പ്രമേയം

പാസാക്കിയ ദിവസം : 1943 ഏപ്രിൽ 25

കരിവെള്ളൂർ ഓണക്കുന്നിൽ സഖാവ്.കെ.പി.സദാനന്ദപൈയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. അവതാരകൻ: വി.നാരായണൻ,

അനുവാദകൻ: ചന്തു.

4.jpg

പ്രമേയം:

'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള കമ്മറ്റിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ മേൽ 1000 രൂപ ജാമ്യം കെട്ടിവെക്കാൻ ആവശ്യപ്പെട്ട മദ്രാസ് ഗവൺമെന്റിന്റെ നയം പത്രമർദ്ദന നയമാണെന്ന് യോഗം പ്രഖ്യാപിക്കുകയും കൽപ്പന പിൻവലിക്കാൻ മദ്രാസ് ഗവൺമെന്റിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ഇതേ ഫയലിൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ തുടർന്ന് ദേശാഭിമാനിയുടെ എഡിറ്റർ ആരാണെന്ന് അന്വേഷിച്ചുകൊണ്ട് മദ്രാസിലെ ചീഫ് സെക്രട്ടറി അയച്ച കത്തും അതിന്‌ മറുപടിയായി ദേശാഭിമാനിയുടെ പത്രാധിപർ ദേവദാസ് ആണെന്ന് അറിയിച്ചുകൊണ്ട് മലബാർ ജില്ലാ കലക്ടർ മദ്രാസിലെ ചീഫ് സെക്രട്ടറിക്കയച്ച കമ്പി സന്ദേശത്തിന്റെ പകർപ്പും കാണാം. ​1940കൾക്കുശേഷം രണ്ടാം ലോകയുദ്ധത്തിന്റെയും ക്വിറ്റ് ഇന്ത്യ സമരത്തിന്റെയും പശ്ചാത്തലത്തിൽ സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങൾക്കും ആശയങ്ങൾക്കും കൂടുതൽ ശക്തിപ്രാപിക്കുന്നുണ്ട് എന്നുള്ള നേർചിത്രവും മേൽപറഞ്ഞ രേഖകൾ സൂചിപ്പിക്കുന്നു.


ബീഡിത്തൊഴിലാളി യൂണിയൻ - കണ്ണൂർ

പാസാക്കിയ ദിവസം : 1945 ഏപ്രിൽ 5

കണ്ണൂർ ബീഡി തൊഴിലാളി യൂണിയന്റെ ജനറൽ ബോഡി യോഗം ഐകകണ്‌ഠ്യേന പാസാക്കിയത്‌.

​പ്രമേയം അയച്ചിട്ടുള്ളത് മദ്രാസിലെ ഗവർണറുടെ ചീഫ് സെക്രട്ടറിക്ക്

പ്രമേയം ഇംഗ്ലീഷിലാണ്.

5.jpg

പ്രമേയം:

‘‘ദേശാഭിമാനിയുടെ പബ്ലിഷറുടെ അടുത്ത് നിന്ന് 1000 രൂപ സെക്യൂരിറ്റി ആവശ്യപ്പെട്ട മദ്രാസ് ഗവൺമെന്റിന്റെ നടപടിയിൽ കണ്ണൂർ ബീഡിതൊഴിലാളി യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമെന്ന നിലയിലും സ്വതന്ത്ര പ്രസ് എന്ന ആവശ്യം മുൻനിർത്തി ഗവൺമെന്റ് സെക്യൂരിറ്റി ആവശ്യപ്പെട്ട നടപടി പിൻവലിക്കണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെടുന്നു.’’

ഒപ്പ്‌, ജനറൽ സെക്രട്ടറി



deshabhimani section

Related News

View More
0 comments
Sort by

Home