അമരം അവശേഷിപ്പിച്ച പാഠം

കെ വി മധു
Published on Nov 16, 2025, 12:01 AM | 4 min read
പേനയെടുക്കാൻ മറന്ന മകൾ മുത്തിന് പേനയുമായി സ്‌കൂളിലേക്കോടിയെത്തിയതാണ് അച്ചുതൻ കുട്ടി. അവിടെ എത്തിയപ്പോൾ മകൾ അസംബ്ലിയിൽ പ്രാർഥന ആലപിക്കുന്നു. പേന എങ്ങനെ മകൾക്ക് നൽകും എന്ന് ആശങ്കപ്പെടുമ്പോൾ മകൾ അച്ഛനെ കാണുന്നു. പേന ഉയർത്തിപ്പിടിക്കുന്നത് കണ്ട മുത്ത് അച്‌ഛനോട് അവിടെ നിൽക്കാൻ ആംഗ്യം കാണിക്കുന്നു. അതോടെ അയാളുടെ ഒരാശ്വാസമുണ്ട്. അമരം സിനിമയിലെ അച്ചുതൻ കുട്ടിയുടെ ആ ദൃശ്യം സിനിമ കണ്ടുകഴിഞ്ഞാലും മാഞ്ഞുപോകില്ല.
ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത് 1991ൽ ഇറങ്ങിയ അമരം എന്ന സിനിമ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ്, അതിജീവനമാണ്, എന്നൊക്കെ വ്യാഖ്യാനിക്കുമ്പോഴും അതിനൊക്കെ അപ്പുറത്തൊരു വാസ്തവമുണ്ട്. 80കളുടെ അവസാനവും 90കളിലും കേരളം വിദ്യാഭ്യാസംകൊണ്ട് അതിജീവിക്കാൻ ആരംഭിച്ച ഒരുകാലത്തിന്റെ കഠിന പരിശ്രമങ്ങളുടെ അടയാളംകൂടിയായിരുന്നു അമരം. എ കെ ലോഹിതദാസ് ഹൃദയം കൊണ്ടെഴുതിയ സിനിമയാണ് അമരം. അതിൽ മലയാളിയുടെ ഹൃദയമുണ്ട്. മൂന്ന് ദശകംകൊണ്ട് മലയാളി അതിജീവിച്ചെത്തിയ ഇടത്തുനിന്ന് ഇപ്പോൾ അമരത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആ കാഴ്ച കാണാം. അതിനുകാരണം അതിൽ ഉള്ളടങ്ങിയിരിക്കുന്ന ജീവിതത്തിന്റെ ചോരപ്പാടുകളാണ്, എഴുത്തുകാരന്റെ നിലവിളിയാണ്. വിദ്യാഭ്യാസം നേടിയെടുക്കാനുള്ള പെണ്ണിന്റെ, സ്വാശ്രയത്വം നേടിയെടുക്കാനുള്ള ഒരു തലമുറയുടെ കഠിനാനുഭവങ്ങൾ നേരിട്ട പ്രതിസന്ധികളിൽ ഉയർന്ന അതിജീവനത്തിന്റെ നിലവിളിയാണ്.
മൂന്ന് പ്രധാന കഥകളായി അമരം എന്ന സിനിമയെ വായിക്കാം. 1. രാഘവന്റെയും രാധയുടെയും പ്രണയം വിവാഹത്തിലെത്തിയ വിജയകഥ. 2. കൊച്ചുരാമന്റെയും അച്ചൂട്ടിയുടെയും സൗഹൃദഗാഥ. 3. വിദ്യാഭ്യാസം നേടിക്കൊടുത്ത് മകളുടെ, അടുത്ത തലമുറയുടെ, അതിജീവനം സാധ്യമാക്കാൻ കഠിനപ്രയത്‌നം നടത്തിയ അച്ചൂട്ടിയുടെ കഥ. അതിൽ മൂന്നാമത്തെ കഥയാണ് മലയാളി ഇന്നെത്തി നിൽക്കുന്ന ഇടത്തേക്കുള്ള യാത്രയിൽ ലോഹിതദാസ് അടയാളപ്പെടുത്തിയത്.
പട്ടിണിയെ തൊഴിലധ്വാനംകൊണ്ട് മറികടന്നിട്ടും ഭൂരിഭാഗം മലയാളിയും അടിസ്ഥാനാവശ്യങ്ങൾക്കായി വല്ലാതെ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന കാലമാണ് 90കൾ. മലയാളി ജീവിത സ്ഥിരതയ്ക്കായി പ്രയത്‌നിച്ച കാലം. തൊഴിലില്ലായ്മ, തൊഴിൽ തേടൽ, എന്തുപണിയും ചെയ്ത് ജീവിക്കാനുള്ള വെപ്രാളം. ഈ കാലത്താണ്, പിന്നാലെ വരുന്നതലമുറയെ വിദ്യാഭ്യാസത്തിലൂടെ വഴി നടത്താനുള്ള കഠിനപ്രയത്‌നങ്ങളും ഉണ്ടായത്. അവിടെ, തടസ്സങ്ങളായി പലതും വന്നു. ലക്ഷ്യബോധമില്ലായ്മ, നിരാശ, അതികാൽപ്പനിക പ്രണയങ്ങൾ, പ്രായോഗികതയില്ലാത്ത വിവാഹ ജീവിതങ്ങൾ, പെൺകുട്ടികളുടെ അരക്ഷിതത്വം, അങ്ങനെ പലതും. അതിനെയെല്ലാം മറികടക്കാനും വിദ്യാഭ്യാസത്തിലൂടെ നല്ല ജീവിതം സാധ്യമാക്കാനും പലരും ശ്രമിച്ചു, മറികടന്നവർ ധാരാളം, പരാജയപ്പെട്ടവരും അതുപോലെ. നിരന്തര ശ്രമമെന്ന നിലയ്ക്ക് വിജയകരമായി അടയാളപ്പെടുത്തിയതാണ് അമരത്തിലെ അച്ചൂട്ടിയുടേത്.
അമ്മയില്ലാത്ത മകൾ രാധയ്ക്ക് എല്ലാമായി ഉണ്ടായിരുന്നത് മത്സ്യത്തൊഴിലാളിയായ അച്ഛൻ അച്ചുതൻ കുട്ടിയായിരുന്നു. അർഹതപ്പെടാത്തത് പിടിച്ചെടുക്കുമ്പോലെയാണ് മകളെ അച്ചു പഠിപ്പിക്കുന്നത്. മകളുടെ റിസൾട്ടോർത്ത് ടെൻഷനിടിച്ച് നിൽക്കുന്ന അച്ചുവിനെ രാമൻകുട്ടി കളിയാക്കുന്നുണ്ട്. ‘‘മരക്കാത്തപ്പെണ്ണുങ്ങൾ മീൻ കൊട്ട ചുമക്കാൻ പരൂക്ഷയൊന്നും വേണ്ട ചങ്ങായി’’ എന്ന് അയാൾ പറയുമ്പോൾ അത് കേവലമായ പരിഹാസം മാത്രമല്ല, ഒരു മത്സ്യത്തൊഴിലാളിയുടെ നിസ്സഹായത കൂടിയായിരുന്നു. എന്നാൽ രാമൻകുട്ടിയോടുള്ള അച്ചൂട്ടിയുടെ മറുപടി അയാളുടെ ലക്ഷ്യബോധത്തിന്റെ അടയാളമായിരുന്നു.
‘‘മീൻ കൊട്ട നിന്റെ മകൾ ചുമന്നാമതി. അതിനല്ല ഞാനവളെ പൊന്നുപോലെ വളർത്തണത്. അവളെ കളക്ടറല്ല, ഡോക്ടറാക്കും’’ എന്ന് അച്ചു വെല്ലുവിളിക്കുന്നു. ഒടുവിൽ അവൾക്ക് എസ്എസ്എൽസിക്ക് ഫസ്റ്റ്ക്ലാസ് കിട്ടിയപ്പോൾ അയാൾ ആത്മവിശ്വാസത്തോടെ മകളെയുംകൊണ്ട് നടക്കുന്നുണ്ട്. രാമൻകുട്ടിക്കും കൊച്ചുരാമനുമൊക്കെ അപ്പോഴുണ്ടാകുന്ന സന്തോഷം ഒരുസമൂഹത്തിന്റെയാകെ പ്രതീക്ഷയുടേതാണ്. മകളെ ഡോക്ടറാക്കണമെന്ന അച്ചുവിന്റെ ലക്ഷ്യത്തിന് ഒരുസാമൂഹ്യമാനം കൂടിയുണ്ട്. അയാളത് മോളോട് പറയുന്നുണ്ട്. ‘‘അമ്മ ചോരപോയാണ് ചത്തത്. മുണ്ടും പായും ഒക്കെ ചോര. ഒരുകാര്യം അച്ഛൻ പറയുകയാണ്. അന്ന് ആശൂപത്രി പോയി ഡോക്ടറെ വിളിച്ചിട്ട് അവര് വന്നില്ല. നാല് നാഴിക നടന്ന് വരാൻ പറ്റുകേലെന്ന്. വന്നാർന്നെങ്കി എന്റെ മകക്കടെ അമ്മ പോകേലാർന്നു. കടപ്പൊറത്ത് കാറും വണ്ടീം വരാത്തേന് നുമ്മളെന്ത് ചെയ്യാനാ. അന്ന് മുതൽ അച്ചനൊരാശേണ്ട്. എന്റെ മകളെ ഡോട്ടറാക്കണമെന്ന്. കാറും വണ്ടീം വള്ളോമൊന്നും ചെല്ലാത്തെടത്ത് നടന്ന് ചെല്ലണ ഡോട്ടർ. അച്ഛന്റെ ആശ നടത്തിത്തര്വാ?'' ആ ചോദ്യത്തിന് ‘നടക്കും’ എന്ന ആ മകളുടെ ഉത്തരം അയാളോടുള്ള അയാളുടെ പിൻതലമുറയുടെ വാഗ്ദാനമായിരുന്നു. ആ വാഗ്‌ദാനത്തിന്റെ പച്ചപ്പുകൂടിയാണ് ഇന്നത്തെ മലയാളിയുടെ ജീവിതം. കാറും വണ്ടീം വള്ളോമൊന്നും ചെല്ലാത്തിടത്ത് നടന്നുചെല്ലണ ഡോട്ടർമാരെയുണ്ടാക്കിയ തലമുറയുടെ പച്ചപ്പ്, അച്ചൂട്ടിമാരുടെ പച്ചപ്പ്.
അച്ചൂട്ടി സ്വന്തം തൊഴിലായ മീൻപിടിത്തത്തെ മഹത്തായി കാണുന്നു. കടലിൽ പോകുന്നത് അച്ചുതൻ കുട്ടിക്ക് കഷ്ടപ്പാടൊന്നുമല്ല. സാമൂഹ്യ സാഹചര്യങ്ങളിൽ അതത് കാലം ആവശ്യപ്പെടുന്ന തൊഴിലുകളിലേക്ക് പോകുക എന്ന പ്രത്യയശാസ്ത്രമാണ് അയാൾ മുറുകെ പിടിക്കുന്നത്. വള്ളവും വലയുമുള്ളിടത്തോളം തനിക്കൊന്നിനെയും പേടിക്കാനില്ലെന്ന അയാളുടെ ആത്മവിശ്വാസം ആ തൊഴിലിനോടുള്ള വിശ്വാസമാണ്. മകളുടെ വിദ്യാഭ്യാസച്ചെലവേറും എന്ന് മനസ്സിലാക്കി, അയാൾ കൊമ്പനെ പിടിക്കാൻ ഒറ്റയ്ക്ക് പുറം കടലിൽ പോയി പോരാടുന്ന ഹീറോയാണ്. ഒടുവിൽ മകളുടെ കാമുകൻ അവളെ കല്യാണം കഴിച്ച് കൊണ്ടുപോയപ്പോൾ രാഘവന് കൊമ്പനെ പിടിക്കാൻ ആകുമോ, എന്ന വെല്ലുവിളി അയാൾ ഉയർത്തുന്നുണ്ട്. അയാൾക്കതിന് കഴിയണം, തന്റെ മകളുടെ ഭർത്താവിന് ആ പ്രാപ്തിയുണ്ടാകണം എന്ന കാഴ്ചപ്പാടായിരുന്നു ആ വെല്ലുവിളി. ഒടുക്കം വെല്ലുവിളി സ്വീകരിച്ച് പുറംകടലിൽ പോയി കൊമ്പനെ പിടിക്കുന്നത് കാണുന്നുണ്ട് അച്ചൂട്ടി. എന്നിട്ട് തിരിച്ചുവന്നതിനു ശേഷം ബാലൻ കെ നായരുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ‘‘മുടുക്കനാണ് പുള്ളേച്ചാ, അസ്സല് അരയൻ, എന്റെ മുത്ത് പട്ടിണി കിടക്കുകേല, അത്രയും സമാധാനം'' അച്ചുവും കൊച്ചുരാമനുമടക്കമുള്ള മനുഷ്യർക്ക് കടൽ ഒരു ദുരിതമേയല്ല. കരുത്തിന്റെ സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ആത്മവിശ്വാസത്തിന്റെ അടയാളമാണ്.
ഒരുപക്ഷേ കാൽ നൂറ്റാണ്ടിനിപ്പുറത്ത് വലിയ പ്രളയകാലത്ത് മലയാളി മുങ്ങിത്താഴുമ്പോൾ മരിക്കാണ്ട് കൈ പിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളുടെ ആ ആത്മവിശ്വാസം, ആ ശുഭാപ്തിവിശ്വാസത്തിന്റെ ഭൂതകാല അടയാളം കൂടിയാണ് പഠനം കഴിയുംവരെ കാത്തിരിക്കാനാകാതെ പെട്ടെന്ന് കല്യാണം കഴിക്കണമെന്ന രഘുവിന്റെ ആൺബോധത്തിന് മുന്നിൽ രാധയ്‌ക്ക് കീഴടങ്ങേണ്ടി വന്നു. അവിടെ അച്ചു തോൽക്കുന്നു. ഒടുക്കം ചന്ദ്രി അത് രാഘവനോടും ചോദിക്കും ‘‘ഇവള് പഠിക്കാൻ പോയാല് നിനക്കെന്താണ്'' എന്ന്. രാഘവന്റെ മറുപടിയാണ് അച്ചുതൻ കുട്ടി ശരിയായിരുന്നു എന്ന് തെളിയിക്കുന്നത്. ‘‘കടലി പോണ രാഘവന്റെ കെട്ട്യോള് പഠിപ്പുകാരിയാകണതെന്തിനാണ്. ഇവക്കടച്ചൻ അങ്ങനെ സന്തോഷിക്കണ്ട'' എന്ന്. അവളെ വിവാഹം കഴിച്ച് വീട്ടിലിരുത്തി തന്റെ അടിമ ഭാര്യയായി കൊണ്ടുനടക്കാനുള്ള 90കളിലെ ഭൂരിപക്ഷ മലയാളി ആണിന്റെ തനിനിറമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഭർത്താവിന്റെ ആൺപ്രയോഗങ്ങളിൽ രാധയുടെ വിദ്യാഭ്യാസത്തിന്റെ ഭാവി ഉലയുമ്പോൾ അച്ചൂട്ടി അതിനെ മറികടക്കാൻ സമ്മർദ്ദശക്തിയായി കടപ്പുറത്ത് നിൽക്കുന്നുണ്ട്. അച്ചുവിനോടുള്ള വെല്ലുവിളിയായിട്ടെങ്കിലും രാഘവൻ അവളെ പഠനത്തിനായി അയക്കാൻ തീരുമാനിക്കുന്നു.
ഒടുവിൽ രാധ വിദ്യാഭ്യാസം നേടിയോ, ഡോക്ടറായോ, കാറും വള്ളവും റോഡുമില്ലാത്തിടത്ത് നടന്നു പോയി ചികിത്സിച്ചോ എന്ന് നമുക്കറിയില്ല. അമരം എഴുതിയവസാനിപ്പിച്ചിടത്ത് പക്ഷേ കഥ സത്യമായി വന്നു. നാട് മുന്നോട്ട് നടന്നു. രാധമാർ പഠിച്ചു. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ചു. സമൂഹം അതിനായി നിലകൊണ്ടു. അമരമിറങ്ങി പിന്നെയും ഏഴ് വർഷം കഴിഞ്ഞ് 1998ൽ കുടുംബശ്രീ പിറന്നു. സ്ത്രീകൾ സ്വയം സമൂഹത്തിന്റെ നട്ടെല്ലായി. രാധമാർക്ക് പഠിക്കാൻ സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോൾ കൈത്താങ്ങായി നിൽക്കാൻ കെൽപ്പുള്ളവരായി സമൂഹം മാറി. അപ്പോഴും അവശേഷിക്കുന്നത് അമരം മുന്നോട്ട് വച്ച പാഠമാണ്. ഏത് പ്രണയത്തിലും ഏത് അനിവാര്യതയിലും വിദ്യാഭ്യാസം നേടി, ഒരുതൊഴിൽ നേടുക. ജീവിതം മുഴുവൻ പിടിച്ചുനിൽക്കാൻ ശക്തരാകുക എന്നപാഠം.









0 comments