ആളുകൾക്ക് എന്നെ ഭയമായിരുന്നു: ടി ജി രവി

T G Ravi

ടി ജി രവി

avatar
കെ എ നിഥിന്‍നാഥ്

Published on Nov 16, 2025, 12:01 AM | 4 min read

പ്രേംനസീറും ജയനുമെല്ലാം തിളങ്ങിനിന്ന 1970കളിൽ മലയാളസിനിമയിലേക്ക് ചുവടുവച്ച ടി ജി രവി തിരനടനത്തിന്റെ അന്പതാണ്ട്‌ പിന്നിട്ടു. പക്ഷേ, സിനിമയിലേക്ക്‌ എത്തിയതിനെക്കുറിച്ച്‌ ചോദിച്ചാൽ ‘സിനിമ ഒരിക്കലും എന്റെ ആഗ്രഹങ്ങളിലുണ്ടായിരുന്നില്ല' എന്നാണ് മറുപടി. എന്നാൽ, പിന്നീട് പല കാലങ്ങളിലായി പലരും വന്നുപോയപ്പോഴും അദ്ദേഹം മലയാളസിനിമയുടെ അടയാളമായി നിലകൊണ്ടു. പല തലമുറകൾക്കൊപ്പം കഥാപാത്രമായി. എൻജിനിയറിങ് പഠനകാലത്ത് ഫുട്ബോൾ ടീം നായകനായ അദ്ദേഹം, പിന്നീട് മലയാളസിനിമയുടെ പ്രതിനായകനായി നിറഞ്ഞാടി. തിക്കോടിയനുമായുള്ള സൗഹൃദം സംവിധായകൻ അരവിന്ദനിലേക്ക് എത്തിച്ചു. അങ്ങനെ ‘ഉത്തരായന’ത്തിലെ ഗോവിന്ദനായി വെള്ളിത്തിരയിലേക്ക്. പിന്നീട് ജയന്റെ പ്രതിനായകനായി വന്ന ‘ചാകര’ തലവര മാറ്റി. ബാലൻ കെ നായർ അടക്കിഭരിച്ചിരുന്ന വില്ലൻവേഷങ്ങൾ ടി ജി രവിയുടേതുകൂടിയായി.


ഭരതന്റെ ‘പറങ്കിമല’യിലെ കുഞ്ഞിപ്പാലുവിന്റെ വേഷം മലയാളസിനിമയുടെ വടക്കൻ–വള്ളുവനാടൻ ഭാഷാസംസ്‌കാരത്തിന് ബദൽ സൃഷ്‌ടിച്ചു. തൃശൂർ ഭാഷയിൽ സംസാരിച്ച കഥാപാത്രം പ്രാദേശിക സംസാരഭാഷയുടെ സാധ്യതകൂടി തുറന്നു. പിന്നീട് മലയാളസിനിമയിൽ സജീവമായ തൃശൂരിയൻ സംസാരരീതിയുടെ തുടക്കമായിരുന്നു അത്. മലയാളസിനിമയുടെ നവതരംഗ സിനിമാശ്രേണി ഉദയംകൊണ്ടപ്പോൾ അതിലും ഭാഗമായി. അങ്ങനെ പല തലമുറയും പല സിനിമാസങ്കൽപ്പങ്ങളും മാറി മാറി എത്തിയ സിനിമാചരിത്രത്തിൽ അഞ്ചുപതിറ്റാണ്ടായി അദ്ദേഹം നിലകൊള്ളുകയാണ്‌. തന്റെ സിനിമാജീവിതത്തെക്കുറിച്ച്‌ ടി ജി രവി സംസാരിക്കുന്നു.


​മോഹിച്ചാൽ പിന്തിരിയില്ല


എൻജിനിയറിങ്‌ കോളേജിലേക്ക്‌ വരുമ്പോൾ ഓൾ ഇന്ത്യ റേഡിയോയുടെ ആന്റിന കാണാം. അന്ന്‌ റേഡിയോയിൽ ശബ്ദനാടകങ്ങളുണ്ടായിരുന്നു. അതിനോട്‌ ഇഷ്‌ടം തോന്നിയിരുന്നു. പക്ഷേ, അന്ന്‌ എനിക്ക്‌ എത്തിപ്പിടിക്കാൻ പറ്റുന്നതായിരുന്നില്ല സിനിമ. അതുകൊണ്ട്‌ സിനിമയെ ഞാൻ മോഹിച്ചുമില്ല. എന്റെ ശബ്ദം റേഡിയോയിൽ വരണമെന്നായിരുന്നു മോഹം. അങ്ങന തൃശൂർ ഓൾ ഇന്ത്യ റോഡിയോയുടെ ഓഫീസിൽ ചെന്നപ്പോഴാണ്‌ അവിടെ റെക്കോഡിങ്‌ ഇല്ല എന്നറിയുന്നത്‌. അവിടെ സംപ്രേഷണം മാത്രമാണെന്നും കോഴിക്കോട്ടുനിന്നാണ്‌ റെക്കോഡിങ്‌ എന്നും പറഞ്ഞു. മോഹിച്ചുപോയല്ലോ, പിന്തിരിയുന്ന സ്വഭാവമില്ല. കോഴിക്കോട്ട്‌ പോയി, നാടകത്തിന്റെ ചുമതലയുള്ള തിക്കോടിയനെ കണ്ടു. സ‍ൗണ്ട്‌ ടെസ്റ്റ്‌ നടത്തിയശേഷം എന്നെ തെരഞ്ഞെടുത്തു. അവിടെനിന്ന്‌ കിട്ടുന്ന പണം ഉപയോഗിച്ച്‌ സിനിമ കാണും. അന്ന്‌ സിനിമ കാണുന്ന ഭ്രാന്തുണ്ട്‌. തിക്കോടിയനുമായി ബന്ധം വർധിച്ചു. കോഴിക്കോട്ട്‌ നടന്ന നാടകമത്സരത്തിൽ പങ്കെടുത്തു. അതിൽ വിധികർത്താവ്‌ അദ്ദേഹമായിരുന്നു.


അങ്ങനെ എന്റെ ശബ്ദവും അഭിനയവും അദ്ദേഹത്തിന്‌ അറിയാം. ആ സമയത്താണ്‌ അരവിന്ദന്റെ ‘ഉത്തരായനം’ വരുന്നത്‌. ‘നിനക്ക്‌ സിനിമയിൽ അഭിനയിക്കണോ’ എന്ന തിക്കോടിയന്റെ ചോദ്യമാണ്‌ സിനിമയിലെത്തിച്ചത്‌. മങ്കട രവിവർമ, ആർട്ടിസ്റ്റ്‌ നമ്പൂതിരി, അരവിന്ദൻ എന്നിവരെയാണ്‌ ആദ്യദിവസം ചെല്ലുമ്പോൾ കാണുന്നത്‌. സത്യത്തിൽ ചെറിയ വിറയലുണ്ടായി. പക്ഷേ, തിക്കോടിയൻ പറഞ്ഞിരുന്നതുകൊണ്ട്‌ വേറെ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെയാണ്‌ ‘ഉത്തരായന’ത്തിൽ അഭിനയിക്കുന്നത്‌. അതിനുമുമ്പും ഞാൻ കാമറയ്‌ക്കുമുന്നിൽ നിന്നിട്ടുണ്ട്‌. സിഎംഐ ഫാദേഴ്‌സ്‌ എടുത്ത ‘ഗുഡ്‌ സമാരിറ്റൻസ്‌’ എന്ന ചെറുസിനിമയിലായിരുന്നു അത്‌. കെ ആർ മോഹനനാണ്‌ സംവിധാനം ചെയ്‌തത്‌. മധു അന്പാട്ടായിരുന്നു കാമറ.


T G Ravi ടി ജി രവി


നിർമാതാവ്‌


​‘ഉത്തരായനം’ ചെയ്‌തശേഷം, നസീറിന്റെയും സത്യന്റെയുമൊക്കെ പിന്നാലെ ആളുകൂടുന്നപോലെ ‘ദാ, ടി ജി രവി പോകുന്നു’ എന്നു പറഞ്ഞ്‌ എന്റെ പിന്നാലെയും വരുമെന്നായിരുന്നു ചിന്ത. എന്നാൽ, ഞാൻ തിയറ്ററിന്‌ പുറത്തുവന്ന്‌ നിന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല. പിന്നെ ആരും സിനിമയിലേക്ക്‌ വിളിച്ചതുമില്ല. സിനിമ അധികവും ചെന്നൈയിലുമാണ്‌. ഒടുവിൽ സിനിമ നിർമിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ്‌ എ എൻ തന്പി സംവിധാനം ചെയ്യുന്ന ‘പാദസ്വരം’ ചെയ്യുന്നത്‌. കൊട്ടാരക്കര ശ്രീധരൻനായർ, പി ജെ ആന്റണി എന്നിവർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ പൈസ മുടക്കുകയല്ലേ, അവരെ സിനിമയുടെ ഭാഗമാക്കി ആ ആഗ്രഹം സാധിച്ചു. പക്ഷേ, സിനിമ വിജയമായില്ല.


വില്ലൻവേഷങ്ങൾ


കുറച്ച്‌ കോമഡി കഥാപാത്രങ്ങളും ക്യാരക്ടർ റോളുകളും ചെയ്‌തിട്ടുണ്ടെങ്കിലും എന്നെ ആളുകൾ ഓർക്കുന്നത്‌ വില്ലൻവേഷങ്ങളിലൂടെയാണ്‌. ആളുകൾക്ക്‌ എന്നെ ഭയമായിരുന്നു. അത്‌ എന്റെ അഭിനയത്തിനുള്ള അഭിനന്ദനമായിരുന്നു. ഞാൻ അത്‌ ആസ്വദിക്കുകയും ചെയ്‌തിരുന്നു. എനിക്ക്‌ വ്യവസായം ഉണ്ടായിരുന്നു. അത്‌ അവസാനിപ്പിക്കേണ്ട ഘട്ടമുണ്ടായി. അതുണ്ടാക്കിയ കുഴിയിൽനിന്ന്‌ കരകയറാൻ സഹായിച്ചത്‌ സിനിമയാണ്‌.


തൃശൂർ ഭാഷ


‘ചെണ്ട’ എന്ന സിനിമയിൽ ഒടുവിൽ ഉണ്ണിക്കൃഷ്‌ണനാണ്‌ ആദ്യം തൃശൂർ ഭാഷ ചെയ്യുന്നത്‌. പക്ഷേ, അത്‌ ചെറിയ രംഗമായിരുന്നു. തൃശൂർ ഭാഷയ്‌ക്ക്‌ സിനിമയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കാൻ എനിക്ക്‌ കഴിഞ്ഞു. ‘പറങ്കിമല’യിലാണ്‌ ആദ്യം തൃശൂർ ഭാഷ ചെയ്യുന്നത്‌. അതിൽ മുഴുനീള വേഷമായിരുന്നു. ഭരതനായിരുന്നു സംവിധായകൻ. കൈയിലുള്ള തൃശൂർ ഭാഷ മുഴുവൻ കാച്ചിക്കോ എന്നാണ്‌ പറഞ്ഞത്‌. ആ സ്വാതന്ത്ര്യം കിട്ടിയപ്പോൾ നമ്മുടെ കൈയിലുള്ളതെല്ലാം ചേർത്തു. അതാണ്‌ എനിക്ക്‌ ബ്രേക്ക്‌ തന്നത്‌. പക്ഷേ, പിന്നീട്‌ ഇത്‌ ദോഷമായും വന്നിട്ടുണ്ട്‌. തൃശൂർ സിനിമ വരുമ്പോൾ ടി ജി രവിയെ വിളിക്ക്‌ എന്നായി. അതല്ലാത്ത വേഷം പറ്റില്ലെന്ന്‌ കരുതാനും തുടങ്ങി.


അടിയന്തരാവസ്ഥ


അടിയന്തരാവസ്ഥക്കാലത്ത്‌ പലരെയും ഒളിവിൽ കഴിയാനും യാത്ര ചെയ്യാനുമൊക്കെ സഹായിച്ചിട്ടുണ്ട്‌. അന്ന്‌ ചെറുപ്രായത്തിലെ ചോരത്തിളപ്പല്ലേ. ഇന്ന്‌ അത്‌ ചെയ്യാൻ പറ്റില്ല. അന്ന്‌ ഒറ്റവാശിയേ ഉണ്ടായിരുന്നുള്ളൂ, നേതാക്കളെ കൃത്യമായി എത്തിക്കണം. അടിയന്തരാവസ്ഥയെ എതിർക്കണം, പാർടി ഏൽപ്പിച്ച ചുമതല കൃത്യമായി ചെയ്യണം.


​ഞാൻ സംവിധാനം ചെയ്‌ത ‘സാവധാൻ’ എന്ന നാടകം അടിയന്തരാവസ്ഥക്കാലത്ത്‌ കളിച്ചു. പൊലീസ്‌ എസ്‌പിക്ക്‌ തിരക്കഥ നൽകി അനുവാദം വാങ്ങിയാണ്‌ നാടകം അരങ്ങിലെത്തിച്ചത്‌. പക്ഷേ, അവതരിപ്പിക്കാൻ നിൽക്കുന്ന സമയത്ത്‌ റീജണൽ തിയറ്ററിന്റെ അവിടെ പൊലീസ്‌ വന്നിരുന്നു. സംഭാഷണങ്ങളാണല്ലോ അവർ നോക്കുക. കഥാപാത്രം തലയിലൂടെ സാരി ഇട്ടാൽ അതാരാണെന്ന്‌ കാണുന്നവർക്ക്‌ മനസ്സിലാകും. അങ്ങനെ നിയന്ത്രണങ്ങളെ മറികടന്ന്‌ നാടകം തന്ത്രപൂർവം അവതരിപ്പിച്ചു. ഇന്ന്‌ സിനിമയുടെ പേരുപോലും എതിർക്കപ്പെടുന്ന സാഹചര്യമാണുള്ളത്‌. സിനിമയ്‌ക്ക്‌ നാളെ എന്ത്‌ സംഭവിക്കുമെന്ന്‌ ആലോചിച്ചാൽ ഭയമുണ്ട്‌. ഭയപ്പെടുത്തി കീഴ്‌പെടുത്തുകയാണ്‌ ചെയ്യുന്നത്‌.


വയലൻസിന്റെ ആഘോഷം


ലഹരിയുടെ ഉപയോഗം സിനിമയിൽമാത്രമല്ല, സമൂഹത്തിലാകെയുണ്ട്‌. പക്ഷേ, സാമൂഹ്യ ഉത്തരവാദിത്വമുള്ളവർ എന്ന നിലയിൽ സിനിമയിലുള്ളവർക്കും നാടകപ്രവർത്തകർക്കും എഴുത്തുകാർക്കുമൊക്കെ അധിക ഉത്തരവാദിത്വമുണ്ട്‌. കച്ചവടം പലതരത്തിൽ ചെയ്യുന്നവരുണ്ട്‌. എങ്ങനെയെങ്കിലും പണം കിട്ടിയാൽ മതിയെന്നു പറഞ്ഞ്‌ സിനിമ ചെയ്യുന്നവരും ഉണ്ടാകും. സമീപത്ത്‌ ഇറങ്ങിയ ഒരു സിനിമയിൽ കുട്ടിയെ കൊല്ലുന്ന രംഗമുണ്ട്‌. അത്‌ കണ്ടാൽ പണ്ടായിരുന്നുവെങ്കിൽ കണ്ണ്‌ പൊത്തും. ഇന്ന്‌ അത്‌ കണ്ട്‌ എഴുന്നേറ്റുനിന്ന്‌ കൈയടിക്കുന്ന യുവതയെയാണ്‌ കണ്ടത്‌. അത്‌ എന്നെ ഭയപ്പെടുത്തി. അങ്ങനെ ഒരു അവസ്ഥയിലേക്ക്‌ എത്തി. ഇ‍ൗ നിമിഷത്തിൽ എന്താണ്‌ വിൽക്കാൻ കഴിയുക അത്‌ വിൽക്കുക എന്നതുമാത്രമായി മാറി.


സിനിമയിലെ ഭാഷ


ട്രെയിനിൽ വരുന്പോൾ രണ്ടു കുട്ടികൾ തമ്മിൽ കളിപ്പാട്ടത്തിന്‌ തല്ലുകൂടുകയാണ്‌. അപ്പോൾ ഞാൻ വലിയ കുട്ടിയോട്‌ ‘എടാ നിന്റെ അനിയനല്ലേ അവന്‌ കൊടുക്കടാ’ എന്നു പറഞ്ഞു. അപ്പോൾ ആ കുട്ടി എന്നോട്‌ ‘പോടാ പുല്ലേ’ എന്നു പറഞ്ഞു. ഇത്‌ കേട്ട്‌ കുട്ടികളുടെ അമ്മ എന്നോട്‌ പറഞ്ഞത്‌, ഇതെല്ലാം നിങ്ങൾ സിനിമക്കാർ പഠിപ്പിക്കുന്നതാണ്‌ എന്നാണ്‌. അതേസമയം, പണ്ട്‌ ഒരു സിനിമയിൽ നസീറിനോട്‌ പോടാ പട്ടി എന്ന്‌ ഡയലോഗ്‌ പറയാൻ പറഞ്ഞപ്പോൾ പറ്റില്ല എന്നാണ്‌ പറഞ്ഞത്‌. ഇത്‌ കുട്ടികൾ കാണുമ്പോൾ അവർ അനുകരിക്കും എന്നായിരുന്നു നസീർ മറുപടി പറഞ്ഞത്‌. എന്നാൽ, ഇപ്പോൾ തെറിതന്നെ പറയുന്ന സിനിമകൾ കാശ്‌ വാരി പോയി. എനിക്ക്‌ അങ്ങനെ പറയാൻ പറ്റില്ല. എന്റെ ബുദ്ധിമുട്ട്‌ എന്റെ പേരക്കുട്ടികൾ ഇതു കാണും. അച്ഛനും അമ്മയും അടക്കം കുടുംബവുമായി ഇരിക്കുമ്പോൾ, അവർ സിനിമ കാണുമ്പോൾ തെറി പറയാൻ പറ്റില്ല. അതായിരിക്കും ഭൂരിപക്ഷംപേരും ആഗ്രഹിക്കുന്നതും.



deshabhimani section

Related News

View More
0 comments
Sort by

Home