ഗുകേഷിന് പിഴച്ചു: നോർവെ ചെസ് കിരീടം നിലനിർത്തി കാൾസൻ

ഫാബിയാനോ കരുവാന, മാഗ്നസ് കാൾസൻ, ഡി ഗുകേഷ് x.com/NorwayChess
സ്റ്റാവങ്ങർ (നോർവേ): നോർവേ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം ഒന്നാം റാങ്കുകാരൻ നോർവേയുടെ മാഗ്നസ് കാൾസൻ നിലനിർത്തി. . കാൾസൻ്റെ ഏഴാം നോർവെ ചെസ് കിരീടമാണിത്. ഇന്ത്യയുടെ ലോക ചാമ്പ്യൻ ഡി ഗുകേഷ് അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തിലേക്ക് തള്ളപ്പെട്ടു. യുക്രേനിയൻ താരം അന്ന മുസിചുകാണ് വനിത വിഭാഗത്തിൽ കിരീടം ചൂടിയത്. ഇന്ത്യയുടെ കൊണേരു ഹമ്പി മൂന്നാം സ്ഥാനത്ത് ഒതുങ്ങി.
കാൾസൻ 16 പോയിന്റ് നേടിയ ചാമ്പ്യനായപ്പോൾ 15.5 പോയിന്റുമായി ഫാബിയാനോ കരുവാന രണ്ടാം സ്ഥാനവും 14.5 പോയന്റുമായി ഗുകേഷിന് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയത്. അവസാന മത്സരത്തിനിറങ്ങുമ്പോൾ ഡി ഗുകേഷും മാഗ്നസ് കാൾസനും തമ്മിൽ അര പോയിന്റ് വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ഇന്ത്യൻ താരം അർജുൻ എരിഗെയ്സിയായിരുന്നു അവസാന റൗണ്ടിൽ കാൾസൻ്റെ എതിരാളി. മത്സരം സമനിലയിൽ പിരിഞ്ഞു.
ചാമ്പ്യൻഷിപ്പിൽ ഡി ഗുകേഷ് മാഗ്നസ് കാൾസനെ കീഴടക്കിയിരുന്നു. ആറാം റൗണ്ടിൽ 62 നീക്കത്തിലായിരുന്നു വിജയം. ക്ലാസിക്കൽ ഗെയിമിൽ ആദ്യമായാണ് ഗുകേഷ് കാൾസണെ പരാജയപ്പെടുത്തിയത്. പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്നസ് കാൾസൺ മേശയിൽ ഇടിച്ച് രോഷം പ്രകടിപ്പിച്ചതിന്റെ വീഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായി മാറുകയും ചെയ്തു.









0 comments