1950 ലോകകപ്പ് ഫെെനൽ ; മാരക്കാന ഓർമകൾക്ക് 75

അൽസിഡെസ് ചിഗിയ

Sports Desk
Published on Jul 17, 2025, 03:28 AM | 1 min read
1950 ജൂലൈ 16.
ബ്രസീൽ ജനത ഒരിക്കലും മറക്കില്ല. രണ്ട് ലക്ഷം കാണികളെ നിശ്ശബ്ദരാക്കിയ ദിനം. മാരക്കാനയെന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയം. സ്വന്തം കാണികൾക്ക് മുന്നിൽ ലോകകപ്പ് ഫുട്‌ബോൾ കിരീടം തേടിയിറങ്ങിയ ബ്രസീൽ ടീം. മറുവശത്ത് ഉറുഗ്വെ. ഫൈനലിൽ 1–-2ന് ബ്രസീൽ തോറ്റു. ഉറുഗ്വേയുടെ നേട്ടത്തിനും ബ്രസീലിന്റെ നോവിനും 75 വർഷം തികഞ്ഞു.
1950ലെ ലോകകപ്പിനുവേണ്ടി നിർമിച്ചതായിരുന്നു മാരക്കാന സ്‌റ്റേഡിയം. പണി പൂർത്തിയാക്കാനാകുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. ഒരാഴ്‌ചമുമ്പ് മാത്രമാണ് സ്‌റ്റേഡിയം തുറന്നുകൊടുത്തത്.
കാത്തിരുന്ന ദിനമെത്തി. 47–-ാം മിനിറ്റിൽ ബ്രസീൽ മുന്നിലെത്തി. ഫ്രിയാക്കയുടെ ഗോൾ. 66ാം മിനിറ്റിൽ ഉറുഗ്വേ തിരിച്ചടിച്ചു. യുവാന ഷിയാഫിനോയായിരുന്നു സ്‌കോറർ. കാണികൾ ആശങ്കപ്പെട്ടില്ല. അവർ പ്രതീക്ഷിച്ചു. പക്ഷേ, നടന്നത് മറ്റൊന്നായിരുന്നു. അൽസിഡെസ് ചിഗിയയുടെ ഗോളിൽ 79–-ാം മിനിറ്റിൽ ലീഡ് നേടിയ ഉറുഗ്വേ ജയവും കുറിച്ചു. മാരക്കാന നിശ്ശബ്‌ദമായി.
ഫൈനൽ വിസിൽ മുഴങ്ങിയ പാടെ ഒരു ആരാധകൻ സ്വയം ജീവനൊടുക്കി എന്നാണ് ചരിത്രം. മൂന്നുപേർക്ക് ഹൃദയാഘാതം സംഭവിച്ചു. അവാർഡ്‌ദാന ചടങ്ങുണ്ടായില്ല. ഉറുഗ്വേ ടീമിന് നേരിട്ട് ട്രോഫി സമ്മാനിക്കുകയായിരുന്നു. ഉറുഗ്വേയെ അഭിനന്ദിച്ച് സംസാരിക്കാൻ ആരും ഒരുങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. ഉറുഗ്വേയെ അഭിനന്ദിച്ച് രണ്ട് വാക്ക് പറഞ്ഞ റിയോ മേയർ ഏഞ്ചലോ മെൻഡിസ് ഡി മോറസിന്റെ വാഹനം ആരാധകക്കൂട്ടം അടിച്ചുതകർത്തു. ബ്രസീൽ കോച്ച് ഫ്‌ളാവിയോ കോസ്‌റ്റ മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു. ബ്രസീൽ രണ്ട് വർഷം പിന്നെ കളത്തിലിറങ്ങിയില്ല. ആ തോൽവിയോടെ ടീമിന്റെ വെളുത്ത കുപ്പായം ഉപേക്ഷിക്കുകയും ചെയ്‌തു. പിന്നീട് അഞ്ച് ലോകകപ്പുമായി ബ്രസീൽ തിരിച്ചുവന്നത് ചരിത്രം.









0 comments