ഐ ലീഗ് ഫുട്‌ബോളിൽ അപ്രതീക്ഷിത സംഭവങ്ങൾ; കളി തീർന്നു, ചാമ്പ്യനില്ല

അജിൻ ജി രാജ്
Published on Apr 07, 2025, 12:00 AM | 2 min read
കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളിൽ മത്സരങ്ങളെല്ലാം അവസാനിച്ചിട്ടും ചാമ്പ്യനില്ല. കളത്തിലല്ല ഇത്തവണ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ ന്യൂഡൽഹിയിലെ ആസ്ഥാനമന്ദിരത്തിലാണ് വിജയികളെ തീരുമാനിക്കുക. രാജ്യത്തെ രണ്ടാംനിര ലീഗിനാണ് ഈ ദുരവസ്ഥ.
നിലവിൽ രണ്ടാംസ്ഥാനത്തുള്ള ഇന്റർ കാശിയുടെ ഹർജിയാണ് ആശങ്കയ്‌ക്കും കാത്തിരിപ്പിനും കാരണം. ജനുവരി 13ന് നടന്ന ഇന്റർകാശി–-നാംധാരി എഫ്‌സി മത്സരമാണ് തർക്കത്തിലുള്ളത്. രണ്ട് ഗോളിന് ജയിച്ച നാംധാരി അയോഗ്യനായ താരത്തെ കളിപ്പിച്ചുവെന്ന് ഇന്റർ പരാതിപ്പെട്ടു. അതിനാൽ മൂന്ന് പോയിന്റ് നൽകണമെന്നാണ് ആവശ്യം. ഇന്ററിന്റെ ഹർജിയിൽ അപ്പീൽ കമ്മിറ്റി 28ന് വിധിപറയും. ഇന്ററിന് അനുകൂലമാണ് നിലപാടെങ്കിൽ അവർ ജേതാക്കളാകും. മറിച്ചാണെങ്കിൽ ചർച്ചിൽ ബ്രദേഴ്‌സ്. വിജയികൾ അടുത്ത സീസൺ ഐഎസ്‌എല്ലും കളിക്കും.
പ്രാഥമികഘട്ട കണക്കനുസരിച്ച് 22 കളി പൂർത്തിയായപ്പോൾ ചർച്ചിലാണ് 40 പോയിന്റുമായി ഒന്നാമത്. ഇന്റർ (39) രണ്ടാം സ്ഥാനത്തും. ഫെഡറേഷൻ വിധി തുണച്ചാൽ 42 പോയിന്റുമായി ഇന്റർ കപ്പുയർത്തും. റിയൽ കശ്‌മീർ (37) മൂന്നും ഗോകുലം കേരള (37) നാലും സ്ഥാനങ്ങളിൽ അവസാനിപ്പിച്ചു. അവസാന ദിനം നടന്ന ആവേശകരമായ പോരാട്ടങ്ങളിൽ ഗോകുലം 4–-3ന് ഡെമ്പോ എസ്‌സിയോട് തോറ്റു. ചർച്ചിലും റിയൽ കശ്‌മീരും 1–-1ന് പിരിഞ്ഞു. ഇന്റർ 3–-1ന് രാജസ്ഥാൻ യുണൈറ്റഡിനെ തകർത്തു.
അടിതെറ്റി ഗോകുലം; ഡെമ്പോ 4 ഗോകുലം 3
കിരീടപ്രതീക്ഷയുമായി കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ ഇറങ്ങിയ ഗോകുലം നിരാശപ്പെടുത്തി. ആദ്യ 11 മിനിറ്റിൽ 2–-0ന്റെ ലീഡ് നേടി ആധിപത്യം സ്ഥാപിച്ചിട്ടും കളി തോറ്റു. തബിസോ ബ്രൗണിന്റെ ഹാട്രിക്കാണ് ആശ്വാസം. 64–-ാം മിനിറ്റിൽ മഷൂർ ഷെരീഫ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും വിനയായി. ഡെമ്പോയ്‌ക്കായി ക്രിസ്റ്റ്യൻ ഡാമിയൻ ഇരട്ടഗോൾ നേടി. കപിൽ ഹൊബ്‌ലെയും ദിദിയെർ ബ്രോസോവും പട്ടിക തികച്ചു.
ഉശിരോടെ ഇന്റർ കാശി; ഇന്റർ കാശി 3 രാജസ്ഥാൻ യുണൈറ്റഡ് 1
നിർണായക കളിയിൽ ഉജ്വല പ്രകടനത്തോടെ ഇന്റർ കാശി മുന്നേറി. തോൽവിയോ സമനിലയോ കിരീടസാധ്യതകൾ അവസാനിപ്പിക്കുമായിരുന്നു. മലയാളി താരം കെ പ്രശാന്തിലൂടെ ലീഡ് നേടിയ ഇന്ററിനെ അലൻ ഒയർസൂണിലൂടെ രാജസ്ഥാൻ ഒപ്പംപിടിച്ചിരുന്നു. എന്നാൽ പരിക്കുസമയം ഡേവിഡ് ബോലോയും മാറ്റിയ ബാബോവിച്ചും വിജയം ഉറപ്പിച്ചു. കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലായിരുന്നു കളി.
ജയം കൈവിട്ട് ചർച്ചിൽ; ചർച്ചിൽ ബ്രദേഴ്‌സ് 1 റിയൽ കശ്‌മീർ 1
ജയിച്ചാൽ കിരീടം കിട്ടുമായിരുന്ന ചർച്ചിൽ ബ്രദേഴ്‌സ് റിയൽ കശ്‌മീരിനോട് ശ്രീനഗറിലെ ടിആർസി ടർഫ് ഗ്രൗണ്ടിൽ 1–-1ന് കുരുങ്ങി. രാംസങ്ക ലൈചുനിലൂടെ ആതിഥേയരാണ് ലീഡെടുത്തത്. എന്നാൽ റഫീഖ് അമിനു ഗോവൻ ടീമിന് സമനില നൽകി. ഇതിനിടെ കിട്ടിയ പെനൽറ്റി പെപെ ഗസാമ പാഴാക്കിയത് ചർച്ചിലിന് സങ്കടമായി. ജയിച്ചിരുന്നെങ്കിൽ 42 പോയിന്റോടെ കിരീടം നേടാമായിരുന്നു. ഇന്റർ കാശിക്ക് മൂന്ന് പോയിന്റ് അനുവദിച്ചാലും 42 പോയിന്റിലാണ് എത്തുക. തുല്യ പോയിന്റായാൽ നേരിട്ട് ഏറ്റുമുട്ടിയതിന്റെ ഫലമാണ് പരിഗണിക്കുക. അപ്പോൾ ജയത്തിന്റെ ആനുകൂല്യം ചർച്ചിലിനാണ്.









0 comments