നേഷൻസ് ലീഗ്; പോർച്ചുഗലിനും ഫ്രാൻസിനും തോൽവി, സ്‌പെയ്‌ൻ–ഹോളണ്ട് മത്സരം സമനിലയിൽ, ഇറ്റലിയെ മറികടന്ന് ജർമനി

പോർച്ചുഗലിനെതിരെ ഗോൾ നേടിയ ഡാനിഷ് താരം ഹോയ്ലണ്ട്, റൊണാൾഡോയെ സാക്ഷിയാക്കി ‘സ്യൂ’ സെലബ്രേഷൻ ചെയ്യുന്നു. PHOTO: Facebook
കോപ്പൻഹേഗൻ: യുവേഫ നേഷൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പോർച്ചുഗൽ, ഫ്രാൻസ് ടീമുകൾക്ക് തോൽവി. പോർച്ചുഗലിനെ ഒരു ഗോളിന് ഡെൻമാർക്ക് മറികടന്നപ്പോൾ, ഫ്രാൻസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ക്രൊയേഷ്യ തകർത്തു. മറ്റ് രണ്ട് ക്വാർട്ടർ ഫൈനലുകളിൽ ഇറ്റലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമനി പരാജയപ്പെടുത്തിയപ്പോൾ സ്‌പെയ്‌ൻ–ഹോളണ്ട് മത്സരം സമനിലയിലായി. മാർച്ച് 23ന് രാത്രിയാണ് രണ്ടാം പാദ മത്സരങ്ങൾ.
സ്വന്തം കാണികൾക്ക് മുൻപിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാസ്‌മസ് ഹോയ്‌ലണ്ട് നേടിയ ഒരു ഗോളിന്റെ പിൻബലത്തിലാണ് പോർച്ചുഗലനെതിരെ ഡെൻമാർക്ക് ജയം പിടിച്ചത്. 78–ാം മിനുട്ടിലായിരുന്നു ഡെൻമാർക്കിന്റെ വിജയഗോൾ. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ ഫ്രഞ്ച് ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയെ സാക്ഷിയാക്കിയാണ് ഫ്രാൻസിനെതിരെയുള്ള ക്രൊയേഷ്യയുടെ വിജയം. ആന്റി ബുഡിമിർ, ഇവാൻ പെരിസിച്ച് എന്നിവരാണ് ക്രൊയേഷ്യയ്‌ക്കായി ഗോൾ നേടിയത്.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ജർമനിക്കെതിരെ ഇറ്റലിയുടെ തിരിച്ചുവരവ്. മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ തന്നെ സാന്ദ്രോ ടൊണാലിയിലൂടെ ഇറ്റലി മുൻപിൽ എത്തിയതായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ടിം ഗ്ലെൻഡിസ്റ്റ്, ലിയോൺ ഗൊരട്‌സ്‌ക എന്നിവർ ജർമനിക്കായി തിരിച്ചടിച്ചു.
അവസാന നിമിഷം വരെ പിന്നിൽ നിന്നതിന് ശേഷമായിരുന്നു ഹൊളണ്ടിനെതിരെ സ്‌പെയ്‌ൻ സമനില പിടിച്ചത്. 93–ാം മിനുട്ടിൽ മികേൽ മെറീനോയാണ് സ്‌പെയ്‌നിനായി സമനിലഗോൾ നേടിയത്. ഒൻപതാ മിനുട്ടിൽ നികോ വില്ല്യംസിലൂടെ സ്‌പെയ്‌ൻ തന്നെയായിരുന്നു മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. എന്നാൽ കോഡി ഗാപ്‌കോ, റെയ്‌ൻഡേർസ് എന്നിവരുടെ ഗോളുകളിലൂടെ ഡച്ചുകാർ മുന്നിലെത്തുകയായിരുന്നു.









0 comments