സ്പെയ്നിനെ തോൽപ്പിച്ച് പോർച്ചുഗലിന് കിരീടം
പൊൻഗോൾ: പോർച്ചുഗലിന് രണ്ടാം നേഷൻസ് ലീഗ് കിരീടം


Sports Desk
Published on Jun 10, 2025, 12:00 AM | 2 min read
ബെർലിൻ: യുവനിരയുമായി എത്തിയ സ്‌പെയ്‌നിനെ പോർച്ചുഗൽ മെരുക്കി. ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ചിറകിൽ കുതിച്ച പോർച്ചുഗൽ നേഷൻസ് ലീഗ് ഫുട്‌ബോളിൽ രണ്ടാം തവണയും കിരീടമുയർത്തി. ഷൂട്ടൗട്ടിൽ 5–-3നായിരുന്നു ജയം. നിശ്‌ചിത സമയത്തും അധികസമയത്തും കളി 2–-2ന് പിരിയുകയായിരുന്നു. രണ്ട് തവണ പിന്നിൽപ്പോയശേഷമാണ് പോർച്ചുഗൽ തിരിച്ചുവന്നത്. റൊണാൾഡോയുടെ ഗോളിൽ സമനില പിടിക്കുകയായിരുന്നു. ഒരു ഗോളടിക്കുകയും മറ്റൊന്നിന്ന് വഴിയൊരുക്കുകയും ചെയ്‌ത പ്രതിരോധക്കാരൻ നൂനോ മെൻഡസിന്റെ പ്രകടനം നിർണായകമായി.
സ്‌പാനിഷ് യുവതാരം ലമീൻ യമാലിനെ നിഷ്‌പ്രഭനാക്കിയതും മെൻഡസിന്റെ മിടുക്കായിരുന്നു.
കഴിഞ്ഞ പതിപ്പിലെ ജേതാക്കളായ സ്‌പെയ്‌ൻ മാർട്ടിൻ സുബിമെൻഡിയുടെ ഗോളിൽ ലീഡ് നേടി. മെൻഡസ് മറുപടി നൽകി. പിന്നാലെ മിക്കേൽ ഒയർസബാൽ സ്‌പെയ്‌നിനെ വീണ്ടും മുന്നിലെത്തിച്ചു. 62–-ാം മിനിറ്റിലായിരുന്നു കളിയിലെ നിർണായക ഗോൾ. റൊണാൾഡോ തൊടുത്തു.
ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി ഗൊൺസാലോ റാമോസ്, വിതീന്യ, ബ്രൂണോ ഫെർണാണ്ടസ്, മെൻഡസ് എന്നിവരുടെ കിക്കുകൾ ലക്ഷ്യം കണ്ടപ്പോൾ സ്‌പെയ്‌നിന്റെ നാലാം കിക്ക് എടുത്ത അൽവാരോ മൊറാട്ടയ്‌ക്ക് പിഴച്ചു. ദുർബല കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ദ്യേഗോ കോസ്‌റ്റ തട്ടിയകറ്റി. അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് റൂബെൻ നെവെസ് പോർച്ചുഗലിന് ജയമൊരുക്കുകയായിരുന്നു. മൈക്കേൽ മെറീനോ, അലെക്‌സ് ബയേന, ഇസ്‌കോ എന്നിവരാണ് ഷൂട്ടൗട്ടിൽ സ്‌പെയ്‌നിനായി വല കുലുക്കിയത്.
പരിശീലകൻ റോബർട്ടോ മാർട്ടിനെസ് കീഴിൽ ആദ്യ കിരീടമാണ് പോർച്ചുഗലിന്.
മ്യൂണിക്കിൽ സ്‌പെയ്‌നിനായിരുന്നു ആധിപത്യം. കളിയുടെ തുടക്കത്തിൽ പെഡ്രി സുവർണാവസരം പാഴാക്കി. എന്നാൽ അരമണിക്കൂർ തികയുംമുമ്പ് പോർച്ചുഗൽ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത സുബിമെൻഡി പന്ത് വലയിലേക്ക് തോണ്ടിയിട്ടു. ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. മെൻഡസിന്റെ നിലംപറ്റിയുള്ള ഷോട്ട് സ്‌പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോണിന് എത്തിപ്പിടിക്കാനായില്ല.
മത്സരത്തിന് മുമ്പ് ശ്രദ്ധാകേന്ദ്രങ്ങളായിരുന്ന റൊണാൾഡോയ്‌ക്കും യമാലിനും തുടക്കത്തിൽ തെളിയാനായില്ല. യമാൽ മെൻഡസിന്റെ പ്രതിരോധത്തിൽ തളർന്നു. ഇതിനിടെ സ്‌പെയ്‌ൻ വീണ്ടും ലീഡ് നേടി. ഒയർസബാലാണ് ലക്ഷ്യം കണ്ടത്. കളി സ്‌പാനിഷ് നിയന്ത്രണത്തിലായി.
പക്ഷേ, പോർച്ചുഗൽ വിട്ടുകൊടുത്തില്ല. റൊണാൾഡോ രക്ഷകനാകുകയായിരുന്നു. മെൻഡസിന്റെ തട്ടിത്തെറിച്ചുവന്ന ക്രോസിൽ തകർപ്പനൊരു വോളിയിലൂടെ നാൽപ്പതുകാരൻ സമനില പിടിച്ചു. നിശ്‌ചിത സമയം അവസാനിച്ചപ്പോൾ പരിക്കുകാരണം ക്യാപ്‌റ്റൻ മടങ്ങി.
മറുവശത്ത് യമാലിനെയും പിൻവലിച്ചു. രണ്ട് തവണ പോർച്ചുഗൽ ഗോൾകീപ്പർ ദ്യേഗോ കോസ്‌റ്റയെ ചെറുതായി പരീക്ഷിക്കാൻ മാത്രമേ പതിനേഴുകാരന് കഴിഞ്ഞുള്ളൂ. അധികസമയത്ത് പെഡ്രോ പോറോയും മാർക് കുകുറെല്ലയും സ്പെയ്‌നിനെ മുന്നിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കോസ്‌റ്റ തടഞ്ഞു. ജർമനിയെ രണ്ട് ഗോളിന് തോൽപ്പിച്ച ഫ്രാൻസിനാണ് മൂന്നാംസ്ഥാനം.









0 comments