69ാമത് ബാലൺ ഡി ഓർ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

പാരിസ്: 69ാമത് ബാലൺഡി ഓർ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. പാരിസിലെ ഷാറ്റ്ലെറ്റ് തിയേറ്ററിൽ നടക്കുന്ന പുരസ്കാര വേദിയിൽ 2024-25 ലെ മികച്ച വനിത-പുരുഷ ഫുട്ബോൾ കളിക്കാരെ കിരീടമണിയിക്കും. ഇന്ത്യൻ സമയം രാത്രി 11.30നാണ് പുരസ്കാര പ്രഖ്യാപനം. ഫുട്ബോളിലെ പ്രാഗത്ഭ്യം, നേതൃത്വം, ഗോൾസ്കോറിങ്ങിനുള്ള മിടുക്ക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും.
1956-ൽ ഫ്രാൻസ് ഫുട്ബോൾ ആദ്യമായി നൽകിയ ബാലൺ ഡി ഓർ, കായികരംഗത്തെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമാണ്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഒരു ദശാബ്ദത്തിലേറെയായി അവാർഡിൽ ആധിപത്യം സ്ഥാപിച്ചിരുന്നത്. സമീപ വർഷങ്ങളിൽ പുതിയ ഐക്കണുകൾക്ക് പുരസ്കാരം ലഭിച്ചിരുന്നു. 2024-ൽ മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രിയാണ് ട്രോഫി ഉയർത്തിയത്.
2024 മുതൽ യുവേഫയും ഗ്രൂപ്പ് അമൗറിയും സംയുക്തമായാണ് അവാർഡ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരാണ് വോട്ടിംഗ് പ്രക്രിയ നടത്തുന്നത്. വനിതാ യാഷിൻ ട്രോഫി, വനിതാ ഗെർഡ് മുള്ളർ ട്രോഫി, വനിതാ കോപ ട്രോഫി എന്നീ മൂന്ന് പുതിയ വനിതാ വിഭാഗങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികളാണ് ഈ വർഷം നൽകുന്നത്. പി എസ് ജിയുടെ ഉസ്മാൻ ഡെംബലെ, ലാമിൻ യമാൽ എന്നിവരടക്കമുള്ളവർ സാധ്യതാ പട്ടികയിലുണ്ട്.









0 comments