ക്വാണ്ടം ശതാബ്ദി സയൻസ് പ്രദർശനം ഇന്ന് സമാപിക്കും

കുസാറ്റ് ശാസ്ത്ര സമൂഹകേന്ദ്രത്തിലൊരുക്കിയ ക്വാണ്ടം സയൻസ് ശതാബ്ദി പ്രദർശന നഗരിയിൽ വിദ്യാർഥികൾ
കളമശേരി
നൂറ്റാണ്ടുകൊണ്ടു ലോകത്തെയും പ്രപഞ്ചവിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയൻസ് പ്രദർശനം കൊച്ചി സർവകലാശാലയിൽ ഞായറാഴ്ച സമാപിക്കും. പ്രദർശനം കാണാൻ വിദ്യാർഥികളുടെ വൻപ്രവാഹം തുടരുകയാണ്. ഇതിനകം ആയിരക്കണക്കിന് പേരെത്തി.
കുസാറ്റ് ശാസ്ത്ര സമൂഹകേന്ദ്രത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്വാണ്ടം സയൻസ് ശതാബ്ദി ആഘോഷിക്കുന്നത്.
2026 ഫെബ്രുവരി 28 വരെ എല്ലാ ജില്ലയിലും പ്രദർശനം നടത്തുമെന്ന് സംഘാടകർ പറഞ്ഞു.
ആവർത്തനപ്പട്ടികയിലെ ഒട്ടുമിക്ക മൂലകങ്ങളെയും സി വി രാമൻ കണ്ടെത്തിയ ‘രാമൻ പ്രഭാവ’വും ഉൾപ്പെടെ കാണാത്ത പലതും നേരിൽക്കാണാം. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്‌ഷൻ തുടങ്ങിയ ആധുനികസങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാണ് പ്രദർശനം. പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, പാനലുകൾ, മത്സരങ്ങൾ, ശാസ്ത്രപ്രഭാഷണങ്ങൾ, ചർച്ച, സയൻസ് മ്യൂസിക് ബാൻഡ് തുടങ്ങിയവയും പ്രദർശനത്തിനൊപ്പം ഒരുക്കിയിട്ടുണ്ട്.
ടി കെ രാധ, ബിബ ചൗധരി തുടങ്ങിയ ഇന്ത്യൻ വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ആർട്ടിസ്റ്റ് ശ്രീജ പള്ളത്തിന്റെ ശിൽപ്പങ്ങൾ, ക്വാണ്ടം സയൻസിലെ ഇന്ത്യൻസംഭാവനകൾ പരിചയപ്പെടുത്തുന്ന ആർ യദുനാഥിന്റെ പെയിന്റിങ് പരമ്പര, ജസ്റ്റിൻ ജോസഫ് ഒരുക്കുന്ന ഐൻസ്റ്റൈനും മേരിക്യൂറിയും, വിഖ്യാതശാസ്ത്രജ്ഞനായ ഷ്യോഡിങ്ങറുടെ ചിന്താപരീക്ഷണത്തിലെ പൂച്ച തുടങ്ങിയ സൃഷ്ടികളും പ്രദർശനത്തിന്റെ ഭാഗമാണ്.
കാര്യങ്ങൾ വിശദീകരിക്കാൻ പരിശീലനം ലഭിച്ച സയൻസ് കമ്യൂണിക്കേറ്റർമാരും ഉണ്ട്.








0 comments