print edition യുഡിഎഫിൽ പൊട്ടിത്തെറി തുടരുന്നു

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിൽ പൊട്ടിത്തെറി തുടരുന്നു. കൊച്ചിയിൽ മുൻ ഡെപ്യൂട്ടി മേയറും വനിതാ ലീഗ് ജില്ലാ സെക്രട്ടറിയും വിമതരായി മത്സരിക്കും. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയും തൃശൂരിൽ ഡിസിസി ജനറൽ സെക്രട്ടറിയും 3 കൗൺസിലർമാരും രാജിവച്ചു.
കൊച്ചിയിൽ മുൻ ഡെപ്യൂട്ടി മേയറും വനിതാ ലീഗ് ജില്ലാ സെക്രട്ടറിയും വിമതർ
കൊച്ചി കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറും കോൺഗ്രസ് നേതാവുമായ കെ ആർ പ്രേമകുമാറും വനിതാ ലീഗ് ജില്ലാ സെക്രട്ടറി സജി കബീറും വിമതരായി മത്സരിക്കും. പള്ളുരുത്തി കോണത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുമെന്ന് പ്രേമകുമാറും കൽവത്തിയിൽ ലീഗിനെതിരെ മത്സരിക്കുമെന്ന് സജി കബീറും പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ നേതൃത്വത്തിന്റെ ഏകാധിപത്യ സമീപനത്തിൽ പ്രതിഷേധിച്ച് ഇരുവരും പാർടി ചുമതലകൾ രാജിവച്ചു.
15 വർഷമായി കൗൺസിലറായ തനിക്ക് സീറ്റ് നിഷേധിച്ചത് കെ ബാബു എംഎൽഎയുടെ ഇടപെടൽമൂലമാണെന്ന് പ്രേമകുമാർ ആരോപിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ചത് തട്ടിക്കൂട്ട് സ്ഥാനാർഥികളെയാണ്. കോർപറേഷനിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും ഡിസിസി പ്രസിഡന്റ് നിർജീവമാണെന്നും പ്രേമകുമാർ പറഞ്ഞു. 2020ൽ റിബലായി ജയിച്ച ടി കെ അഷ്‌റഫ് ലീഗിനെ ഹൈജാക്ക് ചെയ്‌തെന്ന് സജി കബീർ ആരോപിച്ചു. കൽവത്തിയിലും മട്ടാഞ്ചേരിയിലും ചക്കാമാടത്തും പാർടി അംഗംപോലുമല്ലാത്തവരെയാണ് മത്സരിപ്പിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും അഷ്‌റഫും ലീഗിനെ തകർക്കുമെന്നും സജി കബീർ പറഞ്ഞു.
കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി രാജിവച്ചു
പെട്ടിപിടുത്തക്കാർക്ക് മാത്രമാണ് കോൺഗ്രസിൽ സ്ഥാനമെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് രാജിവച്ചു. പ്രാഥമിക അംഗത്വം ഉൾപ്പെടെ ഒഴിഞ്ഞതായി ബാബുരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് മൂല്യങ്ങൾ കൈവിട്ടു. ഗ്രൂപ്പ് ഇല്ലാത്തവർക്കും പെട്ടിതൂക്കി നടക്കാത്തവർക്കും വിലയില്ല. സൂപ്പർ കോർ കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. എരഞ്ഞിപ്പാലം അടക്കം കോർപറേഷൻ ഡിവിഷനുകളിലെ വാർഡ് ചിലർ ഹൈജാക്ക് ചെയ്‌തു. പ്രമുഖരെ തഴഞ്ഞു. ഒരു പ്രവർത്തനവും നടത്താത്തവരെ സ്ഥാനാർഥിയാക്കി. പരാതിപ്പെടാൻ ആർക്കും ധൈര്യമില്ലെന്നും ബാബുരാജ് പറഞ്ഞു.
തൃശൂരിൽ ഡിസിസി ജനറൽ സെക്രട്ടറിയും 3 കൗൺസിലർമാരും രാജിവച്ചു
കോർപറേഷൻ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറിയായ രവി ജോസ് താണിക്കലും കൗൺസിലറും രണ്ട് മുൻ കൗൺസിലർമാരും രാജിവച്ചു. കുരിയച്ചിറ വെസ്റ്റ് സീറ്റിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രവി ജോസിന്റെ രാജി. കുരിയച്ചിറയിൽ കൗൺസിലറായ നിമ്മി റപ്പായി, ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും കുരിയച്ചിറ ഡിവിഷനിലെ മുൻ കൗൺസിലറുമായ ഷോമി ഫ്രാൻസിസ്‍, തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ ജോർജ് ചാണ്ടി എന്നിവരാണ് കോൺഗ്രസ് വിട്ട മറ്റു മൂന്നുപേർ. എൻസിപിയിൽ ചേർന്ന നിമ്മി റപ്പായി ഒല്ലൂരിൽ എൽഡിഎഫ് സ്ഥാനാർഥി യാകും.
കെ മുരളീധരന്റെ അനുയായി സജീവൻ കുരിയച്ചിറയ്‌ക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ഷോമി ഫ്രാൻസിസിന്റെ രാജി. ഷോമി കുരിയച്ചിറ ഡിവിഷനിൽ സ്വതന്ത്രനായി മൽസരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ ഡിസിസി ഓഫീസിൽ നടന്ന അടിപിടിയിൽ കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തയാളാണ് സജീവൻ. മിഷൻ ക്വാർട്ടേഴ്‌സ് സീറ്റിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് ജോർജ് ചാണ്ടി രാജിവച്ചത്. സ്വതന്ത്രനായി മത്സരിക്കും.








0 comments