കുപ്പയിലെ മാണിക്യം

കെ എ നിധിൻ നാഥ്
Published on Nov 05, 2025, 08:18 AM | 1 min read
തൃശൂർ: ഒരുകാലത്ത് മാലിന്യക്കൂമ്പാരമായിരുന്നു ലാലൂര്‍. അവിടെ 75 വർഷമായി തള്ളിയിരുന്ന 54,000 ടൺ മാലിന്യം നീക്കിയാണ് ആരെയും മോഹിപ്പിക്കുന്ന കായിക സമുച്ചയം ഉയർന്നത്. ഫുട്‌ബോൾ മൈതാനം, ഇൻഡോർ സ്‌റ്റേഡിയം, ഗാലറികൾ, ടെന്നീസ് കോർട്ട്, നീന്തൽക്കുളം എന്നിവയാണ് ഇപ്പോൾ നിർമിച്ചത്. അടുത്തഘട്ടത്തിൽ ഹോക്കി കോർട്ടും ഗാലറിയും ഒരുക്കും.
ഐ എം വിജയന്റെ പേരിൽ 13 ഏക്കറിലാണ് കായിക സമുച്ചയം സാധ്യമാക്കിയത്. ബയോ മൈനിങ് നടത്തിയാണ് മാലിന്യമല ഇല്ലാതാക്കിയത്. തുടർന്ന് കിഫ്‌ബി ഫണ്ടിൽനിന്ന് 70 കോടി ചെലവിട്ട് സംസ്ഥാന കായികവകുപ്പും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി സമുച്ചയം നിർമിച്ചു. കേരള ഇൻഡസ്ട്രിയൽ ടെക്നിക്കൽ കൺസൾട്ടൻസ് ഓർഗനൈസേഷൻസായിരുന്നു മേൽനോട്ടം വഹിച്ചത്.
ഇൻഡോർ സ്‌റ്റേഡിയത്തിൽ മൂന്ന് ബാഡ്മിന്റൺ കോർട്ടും വോളിബോൾ, ബാസ്‌കറ്റ്ബോൾ കോർട്ടുകളുമുണ്ട്. 5000 പേർക്കിരിക്കാം. ഫുട്‌ബോൾ മൈതാനം ഫിഫ മാനദണ്ഡപ്രകാരമുള്ളതാണ്. രണ്ട് ഗാലറികളിലായി 1500 പേർക്ക് കളി കാണാം. ഇതുകൂടാതെ നീന്തൽക്കുളവും ടെന്നീസ് കോർട്ടുമുണ്ട്.









0 comments