സ്പാനിഷ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ ആറാം ജയം
തുടരുന്നു റയൽ, എംബാപ്പെ

റയലിനായി ഗോളടിച്ച മസ്‌റ്റാന്റുവോനോയും (ഇടത്ത്) എംബാപ്പെയും

Sports Desk
Published on Sep 25, 2025, 03:37 AM | 1 min read
മാഡ്രിഡ്
കിലിയൻ എംബാപ്പെയുടെ ഗോളടി മികവിൽ റയൽ മാഡ്രിഡ് കുതിക്കുന്നു. സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ ആറാം ജയത്തോടെ റയൽ ആധിപത്യം നിലനിർത്തി. ലെവന്റെയെ 4–1ന് തകർത്തു. എംബാപ്പെ ഇരട്ടഗോളടിച്ചു.
ലീഗിൽ ആറ് കളിയിൽ ഏഴ് ഗോളായി. ഗോൾവേട്ടക്കാരിൽ ഒന്നാമനാണ്. ലെവന്റെക്കെതിരെ വിനീഷ്യസ് ജൂനിയറും ഫ്രാൻകോ മസ്റ്റാന്റുവോനോയും ലക്ഷ്യം കണ്ടു. സീസണിൽ ടീമിലെത്തിയ മസ്‌റ്റാന്റുവോനോയുടെ റയൽ കുപ്പായത്തിലെ ആദ്യ ഗോളാണിത്.
ലീഗിൽ 18 പോയിന്റുമായി റയൽ ഒന്നാമത് തുടർന്നു. രണ്ടാമതുള്ള നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണയ്‌ക്ക് അഞ്ച് കളിയിൽ 13 പോയിന്റാണ്. എതിർതട്ടകത്തിൽ ലെവന്റെക്കെതിരെ അച്ചടക്കമുള്ള കളിയായിരുന്നു റയലിന്റേത്. തുടക്കംമുതൽ കത്തിക്കയറി. ആദ്യപകുതിയിൽ രണ്ട് ഗോളിന് മുന്നിലെത്തി. ഇടവേളയ്‌ക്കുശേഷമായിരുന്നു എംബാപ്പെയുടെ മിന്നൽ പ്രകടനം. രണ്ട് മിനിറ്റിനിടെ ഇരുപത്താറുകാരൻ രണ്ടുതവണ എതിർവല നിറച്ചു. ആദ്യ ഗോൾ പെനൽറ്റി വഴിയായിരുന്നു.
റയലിന് ലീഗിലെ ആദ്യ ആറ് കളിയിലും ജയം നൽകുന്ന രണ്ടാമത്തെ പരിശീലകനായി സാബി അലോൺസോ. ഈ സീസണിലാണ് മുൻതാരം ചുമതലയേറ്റത്. ഏഴ് ജയമുള്ള വാൻഡെർലെയ് ലുസെംബർഗോയുടെ പേരിലാണ് റെക്കോഡ്. ശനിയാഴ്‌ച അത്‌ലറ്റികോ മാഡ്രിഡുമായാണ് റയലിന്റെ അടുത്ത കളി.









0 comments