ലോകകപ്പ് ബഹിഷ്കരിക്കും; ഇസ്രയേലിനൊപ്പം ഫുട്ബോൾ കളിക്കില്ലെന്ന് സ്പെയിൻ

മാഡ്രിഡ്: പ്രതിഷേധങ്ങൾക്ക് പുല്ലുവില കല്പിച്ച് ഗാസയെ ഛിന്നഭിന്നമാക്കി കൂട്ടക്കുരുതി തുടരുന്ന ഇസ്രയേലിനൊപ്പം ഫുട്ബോൾ കളിക്കില്ലെന്ന് സ്പെയിൻ. 2026ൽ ലോകകപ്പ് ഫുട്ബോളിൽ ഇസ്രയേൽ യോഗ്യത നേടിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് സ്പാനിഷ് വൃത്തങ്ങൾ അറിയിച്ചു.
ഇസ്രയേൽ കടന്നാക്രമങ്ങളെ രൂക്ഷമായി വിമർശിച്ച സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, അന്താരാഷ്ട്ര കായിക വേദികളിൽനിന്ന് ഇസ്രയേലിനെ വിലക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇസ്രയേൽ യോഗ്യത നേടിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് സ്പാനിഷ് സർക്കാർ വക്താവ് പാറ്റ്‌സി ലോപ്പസും പറഞ്ഞു. പലസ്തീനിൽ വംശഹത്യ തുടരുന്ന ഇസ്രയേലിനെ ഒരു കായിക ടൂർണമെന്റിലും പങ്കെടുപ്പിക്കരുതെന്നാണ് ലോപ്പസ് പറഞ്ഞത്. ഉക്രയ്‌നുമായുള്ള യുദ്ധത്തിന്റെ പേരിൽ 2022ൽ രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷനായ ഫിഫയും യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനായ യുവേഫയും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യയെ വിലക്കിയിരുന്നു. ഇതുപോലെ ഇസ്രയേലിനെ വിലക്കുന്നത് പരിഗണിക്കണമെന്നാണ് സ്പെയിൻ ആവശ്യപ്പെടുന്നത്.
യുദ്ധം തുടർന്നതോടെ വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ബാഡ്‌മിന്റൺ, അത്‌ലറ്റിക്‌സ്, റഗ്‌ബി തുടങ്ങിയ ഇനങ്ങളിലെല്ലാം റഷ്യയെ വിലക്കിയിരുന്നു.
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി റഷ്യൻ അത്‌ലീറ്റുകൾക്കും ഒഫീഷ്യൽസിനും സമ്പൂർണ വിലക്കേർപ്പെടുത്തി. റഷ്യ വേദിയാകേണ്ട ലോക വോളിബോൾ ചാമ്പ്യൻഷിപ്പും മാറ്റി. ഐസ് ഹോക്കി, ഫെൻസിങ് എന്നിവയിലെല്ലാം റഷ്യ ഒറ്റപ്പെട്ടു.
അതേസമയം ആദ്യമായി 48 ടീമുകൾ അണിനിരക്കുന്ന ലോകകപ്പിന് ഇതുവരെ 18 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ഇനി 31 ടീമുകൾക്കുകൂടി അവസരമുണ്ട്. അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്‌സിക്കോ, കനഡ രാജ്യങ്ങളിലാണ് 23–ാം ലോകകപ്പ്. മാർച്ചിനുള്ളിൽ യോഗ്യതാ മത്സരങ്ങൾ പൂർത്തിയാകും. ലമീൻ യമാൽ, നിക്കോ വില്യംസ്, പെഡ്രി തുടങ്ങി യുവതാരങ്ങൾ നയിക്കുന്ന സ്‌പെയ്ൻ, ഇത്തവണ ലോകകപ്പ് കിരീടം നേടാൻ ഏറെ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ്.
അമേരിക്ക, കനഡ, മെക്‌സിക്കോ (ആതിഥേയർ), അർജന്റീന, ബ്രസീൽ, ജപ്പാൻ, ന്യൂസിലൻഡ്, ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ജോർദാൻ, ഓസ്‌ട്രേലിയ, ഇക്വഡോർ, ഉറുഗ്വേ, പരാഗ്വേ, കൊളംബിയ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ ടീമുകളാണ് നിലവിൽ യോഗ്യത നേടിയത്.









0 comments