സൂപ്പർ കേരളം, ഭാവി ഭദ്രം

സന്തോഷ് ട്രോഫി മത്സരത്തിനുശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന കേരള താരങ്ങൾ ഫോട്ടോ: മിഥുൻ അനില മിത്രൻ

ബി എസ് ശരത്
Published on Jan 01, 2025, 10:53 PM | 2 min read
ഹൈദരാബാദ്
സന്തോഷ് ട്രോഫി എട്ടാം കിരീടം അകന്നെങ്കിലും ആരാധകർക്ക് സന്തോഷം പകരുന്ന നിരവധി നിമിഷങ്ങൾ സമ്മാനിച്ചാണ് കേരളം ഹൈദരാബാദിൽനിന്ന് മടങ്ങുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്‌തമായി സമ്മർദത്തെ അതിജീവിക്കാൻ കേരളം പഠിച്ചു.
യോഗ്യതാ റൗണ്ട് തൊട്ട് 35 ഗോൾ അടിച്ചുകൂട്ടിയാണ് ഫൈനലിലേക്ക് കുതിച്ചത്. വഴങ്ങിയത് ആറ് ഗോൾ മാത്രം. മുന്നേറ്റനിരയിലെ പ്രധാനിയായ ഗനി അഹമ്മദ് നിഗം പരിക്കേറ്റ് പുറത്തായിട്ടും ഗോൾ വന്നുകൊണ്ടേയിരുന്നു. ഗനിയുടെ അഭാവത്തിൽ മുഹമ്മദ് അജ്‌സലും നസീബ് റഹ്മാനും ആക്രമണം ഏറ്റെടുത്തു.
15 പുതുമുഖങ്ങളെ അണിനിരത്തി ചെറുപ്പവും ചുറുചുറുക്കുമുള്ള ടീമിനെയാണ് കേരളം ഇത്തവണ തെരഞ്ഞെടുത്തത്. പുതുമുഖങ്ങളാണെങ്കിലും പ്രധാന ലീഗുകളിൽ കളിച്ച് പരിചയമുള്ളവരായിരുന്നു കളിക്കാർ. ഈസ്റ്റ്‌ബംഗാളിൽനിന്നുള്ള അഞ്ച് താരങ്ങളടക്കം കൊൽക്കത്ത ലീഗിൽ കളിക്കുന്ന ആറുപേരും സൂപ്പർ ലീഗ് കേരള ടീം കലിക്കറ്റ് എഫ്‌സിയിൽനിന്നുള്ള ഏഴ് താരങ്ങളും ടീമിലുണ്ടായിരുന്നു. സൂപ്പർ ലീഗും കേരളത്തിന്റെ കുതിപ്പിന് വഴിമരുന്നിട്ടു. ലീഗിൽ കളിച്ച ഒമ്പതുപേരാണ് ടീമിൽ ഇടംപിടിച്ചത്. ഇവരുടെ മിന്നുംപ്രകടനം ഭാവിയിൽ കേരളത്തിന് തുണയാകും.
പരിശീലകൻ ബിബി തോമസിന്റെ തന്ത്രങ്ങൾ കൃത്യമായിരുന്നു. 22 അംഗ ടീമിലെ 21 പേർക്കും അവസരം നൽകി. ഗനി പരിക്കേറ്റ് പുറത്തായിട്ടും ടീമിന്റെ ആത്മവിശ്വാസം ചോരാതെ മുന്നോട്ട് നയിച്ചു. പലപ്പോഴും നിർണായകഘട്ടത്തിൽ വരുത്തിയ മാറ്റങ്ങൾ ഫലപ്രദമായി. ഈ ടീമിൽ ബിബിക്ക് അഭിമാനിക്കാം.
വിങ്ങുകൾ കേന്ദ്രീകരിച്ചുള്ള മുന്നേറ്റത്തിലൂടെയായിരുന്നു കേരളം ഇത്തവണ കപ്പിനടുത്തെത്തിയത്. ഫൈനൽ റൗണ്ടിലെ ആദ്യമത്സരത്തിൽ ഗോവയ്‌ക്കെതിരെ ഇടതുവിങ്ങിൽ തിളങ്ങിയ മുഹമ്മദ് റിയാസ്, മുഹമ്മദ് അർഷഫ്, നിജോ ഗിൽബർട്ട്, മുഹമ്മദ് റോഷാൽ, മുഹമ്മദ് മുഷറഫ് എന്നിവരൊക്കെ മാറിമാറി വിങ്ങുകളിലൂടെ ഗോളിന് അവസരങ്ങളൊരുക്കി. പകരക്കാരനായെത്തുന്ന വി അർജുനും പലപ്പോഴും മത്സരം കേരളത്തിന് അനുകൂലമാക്കുന്ന പ്രകടനം പുറത്തെടുത്തു. മധ്യനിര താരമായിട്ടും എട്ട് ഗോൾ അടിച്ച് നസീബ് റഹ്മാനും ആറ് ഗോൾ നേടി മുഹമ്മദ് അജ്‌സലും കേരളത്തിന്റെ കുതിപ്പിന് ഇന്ധനമേകി. ഗോളിയും വൈസ് ക്യാപ്‌റ്റനുമായ എസ് ഹജ്‌മലും ഗംഭീര രക്ഷപ്പെടുത്തലുകളുമായി തിളങ്ങി.
മധ്യനിരയിൽ ക്രിസ്റ്റി ഡേവിസിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഗോളവസരമൊരുക്കുന്നതിനൊപ്പം എതിർ ടീം മുന്നേറ്റങ്ങളുടെ മുനയൊടിച്ചും ക്രിസ്റ്റി കളംനിറഞ്ഞു. ക്യാപ്‌റ്റൻ ജി സഞ്ജുവും എം മനോജും അണിനിരന്ന പ്രതിരോധനിരയും അവസരത്തിനൊത്തുയർന്നു. ബംഗാളിനെതിരായ ഫൈനലിൽ മനോജിന്റെ അഭാവം കേരളത്തെ ബാധിച്ചിരുന്നു.
ബംഗാളുമായുള്ള ഫൈനലിൽ അവരുടെ ആക്രമണത്തെ ചെറുത്തുനിൽക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. പ്രതിരോധം കോട്ട കെട്ടി. ഇടയ്‌ക്ക് പ്രത്യാക്രമണത്തിലൂടെ ഈസ്‌റ്റ് ബംഗാൾ പ്രതിരോധത്തെ സമ്മർദത്തിലാക്കുകയും ചെയ്‌തു. അവസാന നിമിഷമാണ് പ്രതിരോധം ഒന്ന് അയഞ്ഞത്. അതിൽ അവർ ഗോൾ നേടുകയും ചെയ്‌തു. 22 അംഗ ടീമിലെ 12 പേരും 25ൽ താഴെ പ്രായമുള്ളവരാണ്. കൂടുതൽ മത്സര പരിചയവും പരിശീലനവും ലഭിക്കുന്നതോടെ കളത്തിൽ ഈ താരങ്ങൾ മിന്നുമെന്ന് ഉറപ്പ്.









0 comments