ഇന്ത്യൻ വംശജരായ വിദേശ താരങ്ങൾ ദേശീയ ടീമിലേക്ക്
print edition ഇന്ത്യൻ ഫുട്‌ബോളിൽ ‘വിദേശ പരീക്ഷണം’ ; റ്യാൻ വില്യംസും അബ്‌നീതും ക്യാമ്പിൽ

റ്യാൻ വില്യംസ് ദേശീയ പതാകയുമായി / അബ്‌നീത് ഭാർട്ടി
ന്യൂഡൽഹി
ഇന്ത്യൻ ഫുട്‌ബോളിൽ പുതിയ അധ്യായം പിറക്കുന്നു. ഇന്ത്യൻ വേരുകളുള്ള വിദേശ താരങ്ങളെ ടീമിലെത്തിക്കാനുള്ള തീരുമാനവുമായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ആദ്യഘട്ടമായി ഓസ്‌ട്രേലിയൻ വിങ്ങർ റ്യാൻ വില്യംസിനെയും ബൊളീവിയൻ ലീഗിൽ കളിക്കുന്ന പ്രതിരോധക്കാരൻ അബ്‌നീത് ഭാർട്ടിയെയും ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. 15ന് ബംഗ്ലാദേശിനെതിരായ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ടീമിൽ ഇരുവരും ഇടംപിടിച്ചേക്കും.
ഓസ്‌ട്രേലിയയുടെ യൂത്ത് ടീമിനായി നിരവധി മത്സരങ്ങൾ കളിച്ച റ്യാൻ സീനിയർ നിരയ്‌ക്കായി ഒരു സൗഹൃദ കളിയിലും പന്തുതട്ടി. പെർത്തിൽ ജനിച്ച മുപ്പത്തിരണ്ടുകാരന്റെ അമ്മ മുംബൈയിലെ ആംഗ്ലോ–ഇന്ത്യൻ കുടുംബാംഗമാണ്.
ഇംഗ്ലണ്ടിൽ ഫുൾഹാമിനായും പോർട്‌സ്‌മൗത്തിനായും പന്തുതട്ടിയ മുന്നേറ്റക്കാരൻ 2023 മുതൽ ബംഗളൂരു എഫ്‌സിയിലാണ്. 46 കളിയിൽ 13 ഗോളും അഞ്ച് അവസരവും ഒരുക്കി.
ബംഗളൂരുവിലെ സഹതാരവും ഇന്ത്യൻ ക്യാപ്‌റ്റനുമായ സുനിൽ ഛേത്രിയോട് ഇവിടെ കളിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ആറ് മാസമായി റ്യാനിന് ഇന്ത്യൻ പാസ്‌പോർട്ട് ലഭ്യമാക്കാനുള്ള പ്രവർത്തനത്തിലായിരുന്നു എഐഎഫ്‌എഫ്. ഒടുവിൽ ഓസ്‌ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് മുന്നേറ്റക്കാരന് ഇന്ത്യൻ പൗരത്വവും പാസ്‌പോർട്ടും കിട്ടി. ഇതോടെയാണ് ഇന്ത്യൻ കുപ്പായമണിയാനുള്ള വഴിയൊരുങ്ങിയത്. ഇനി ഫുട്‌ബോൾ ഓസ്‌ട്രേലിയയുടെ അനുമതിപത്രം കൂടി ലഭിച്ചാൽ ഒൗദ്യോഗിക നടപടികൾ പൂർത്തിയാകും.
നേപ്പാളിൽ ജനിച്ച അബ്‌നീതിന്റെ മതാപിതാക്കൾ ഇന്ത്യക്കാരനാണ്. ഇരുപത്തേഴുകാരന് ഇന്ത്യൻ പാസ്‌പോർട്ടുമുണ്ട്. ഇതിനാൽ മറ്റ് നിയമകുരുക്കുകളില്ല. ഡൽഹിയിലെ ശാസ്‌ത്രി എഫ്‌സിയിൽ കളി തുടങ്ങി. പിന്നീട് സിംഗപ്പുർ, പോളണ്ട്, പോർച്ചുഗൽ, മെക്‌സിക്കോ, അർജന്റീന, ചെക്ക് റിപ്പബ്ലിക് ലീഗുകളിലെല്ലാം പ്രതിരോധം കാത്തു. 2019ൽ ചുരുങ്ങിയകാലം കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലുണ്ടായെങ്കിലും കളത്തിലിറങ്ങിയില്ല. ബൊളീവിയൻ ക്ലബായ എബിബിക്കായാണ് നിലവിൽ പന്തുതട്ടുന്നത്.
ഫിഫയുടെയും ഇന്ത്യൻ സർക്കാരിന്റെയും നിയമാനുസൃതമായി കളിക്കാരെ എത്തിക്കാനാണ് നീക്കമെന്നും റ്യാനും അബ്‌നീത്തും പരിശീലന ക്യാമ്പിൽ മികവ് തെളിയിച്ചാൽ ദേശീയ ടീമിൽ ഇടംപിടിക്കുമെന്നും എഐഎഫ്‌എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. കൂടുതൽ കളിക്കാർ ഇത്തരത്തിൽ ഇനി വരുമെന്നും ചൗബെ അറിയിച്ചു.
ഇന്ത്യയുടെ പരിശീലന ക്യാമ്പ് കോച്ച് ഖാലിദ് ജമീലിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ ആരംഭിച്ചിട്ടുണ്ട്. 27 അംഗങ്ങളാണുള്ളത്.









0 comments