ലാലിഗ; റയലിന് തിരിച്ചടി, വലൻസിയയോട് പരാജയപ്പെട്ടു

ഗോൾ നേടിയ വലൻസിയ ടീമംഗങ്ങളുടെ ആഹ്ലാദം. PHOTO: Facebook/Valencia CF
മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയിൽ കിരീടം സ്വപ്‌നം കാണുന്ന റയൽ മാഡ്രിഡിന് തിരിച്ചടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വലൻസിയയോട് പരാജയപ്പെട്ടതോടെ റയലിന്റെ കിരീട മോഹങ്ങൾക്ക് കനത്ത വിള്ളൽ വീണു. 30 കളിയിൽ നിന്ന് 63 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് റയൽ. ഒരു മത്സരം കുറച്ച് കളിച്ച ബാഴ്‌സലോണ 66 പോയിന്റുമായി ഒന്നാമതും. ഇന്ന് രാത്രി റയൽ ബെറ്റിസുമായുള്ള മത്സരം ജയിച്ചാൽ ബാഴ്‌സയ്‌ക്ക് റയലുമായുള്ള പോയിന്റ് വ്യത്യാസം ആറ് ആക്കാം.
15-ാം മിനുട്ടിൽ മൗക്ടർ ദിയാഖാബി നേടിയ ഗോളിൽ വലൻസിയയാണ് മത്സരത്തിൽ ആദ്യം ആധിപത്യം സ്ഥാപിച്ചത്. എങ്കിലും 50–ാം മിനുട്ടിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ വിനീഷ്യസ് നേടിയ ഗോളിലൂടെ സമനില പിടിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഹ്യൂഗോ ഡ്യൂറോയിലൂടെ മത്സരത്തിന്റെ അവസാന നിമിഷം വലൻസിയ വിജയഗോൾ നേടുകയായിരുന്നു.
എപ്രിൽ എട്ടിന് രാത്രി അഴ്‌സണലുമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിലാണ് റയലിന്റെ അടുത്ത മത്സരം. അതിനുശേഷം അലാവസുമായി ലോസ് ബ്ലാങ്കോസ് ലാലിഗയിൽ ഏറ്റുമുട്ടും. എട്ട് മത്സരങ്ങളാണ് ലീഗിൽ ഇനി റയലിന് ബാക്കിയുള്ളത്. ബാഴ്‌സലോണയുടെ മത്സരഫലങ്ങൾ പരിഗണിച്ച് മാത്രമേ റയലിന്റെ ഇനിയുള്ള കിരീടസാധ്യതകൾ കണക്കാക്കാൻ സാധിക്കുകയുള്ളൂ.









0 comments