‘മിടുക്കികൾ അഭിമാനം’

പി വി പ്രിയ
സ്‌പോർട്‌സ് ലേഖകൻ
Published on Jul 07, 2025, 12:00 AM | 2 min read
വനിതകളുടെ ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ യോഗ്യത നേടുമ്പോൾ കേരളത്തിനും അഭിമാനിക്കാം. കളിക്കാരിയായി പി മാളവികയും സഹപരിശീലകയായി പി വി പ്രിയയും ടീമിനൊപ്പമുണ്ടായിരുന്നു. 26 വർഷത്തെ ഇടവേളക്കുശേഷമാണ് സീനിയർ ടീമിൽ ഒരു മലയാളി ബൂട്ട് കെട്ടിയത്. പരിശീലകയുടെ റോളിൽ 15 വർഷമായി പ്രിയ ദേശീയ ടീമിനൊപ്പമുണ്ട്.
അടുത്തവർഷം മാർച്ച് ഒന്നുമുതൽ 21വരെ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ 12 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയക്കും പുറമേ ചൈന, ദക്ഷിണകൊറിയ, ജപ്പാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, വിയറ്റ്‌നാം, ചൈനീസ് തായ്‌പേയ്, ഉത്തരകൊറിയ, ഉസ്‌ബെകിസ്ഥാൻ ടീമുകളാണ് എത്തിയത്. ഒരു ടീമിനുകൂടി അവസരമുണ്ട്. ഏഷ്യൻ കപ്പിൽ ആദ്യ ആറ് സ്ഥാനത്തെത്തിയാൽ 2027 ലോകകപ്പ് കളിക്കാം. ഇന്ത്യയുടെ റാങ്ക് 70 ആണ്. യോഗ്യത നേടിയവരിൽ ബംഗ്ലാദേശ് ഒഴികെ എല്ലാ ടീമും റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുകളിലാണ്.
ഡോ. പി വി പ്രിയ ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‌ബോൾ പരിശീലന ലൈസൻസായ എഎഫ്‌സി പ്രോ നേടിയ ആദ്യ ഇന്ത്യൻ വനിതാ കോച്ചാണ്. യോഗ്യതാറൗണ്ടിലെ പ്രകടനവും സാധ്യതകളും കണ്ണൂർ മാടായി സ്വദേശിയായ പ്രിയ വിലയിരുത്തുന്നു.
ചരിത്ര യോഗ്യത
തീർച്ചയായും ഇന്ത്യൻ ഫുട്‌ബോളിന് ഉണർവുണ്ടാക്കുന്നതാണ്. 2003ലാണ് അവസാനമായി ഏഷ്യൻ കപ്പ് കളിച്ചത്. 2022ൽ ആതിഥേയരെന്ന ആനുകൂല്യത്തിൽ യോഗ്യതയുണ്ടായിട്ടും കളിക്കാർക്ക് കോവിഡ് ബാധിച്ചതിനാൽ പിൻവാങ്ങേണ്ടിവന്നത് വലിയ നിരാശയായിരുന്നു. അത്രയും മികച്ച ടീമായിരുന്നു അന്നത്തേത്. ഇക്കുറി യോഗ്യതാമത്സരങ്ങൾ കളിച്ച് ഏഷ്യൻ കപ്പിനെത്തുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്.
മികച്ച പ്രകടനം
ഇത്തവണ യോഗ്യതാറൗണ്ടിൽ വലിയ വെല്ലുവിളിയുണ്ടായിരുന്നില്ല. ആതിഥേയരായ തായ്‌ലൻഡ് ഒഴികെയുള്ള ടീമുകളെല്ലാം ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ താഴെയായിരുന്നു. നാല് കളിയും ആധികാരികമായി ജയിക്കാനായി. 24 ഗോളടിച്ചപ്പോൾ ഒറ്റൊന്നുമാത്രമാണ് വഴങ്ങിയത്. ഈ ടീമിൽനിന്ന് ഇനിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.
മിടുമിടുക്കികൾ
സീനിയർ തലത്തിലേക്ക് നല്ലൊരു നിരയെ ഒരുക്കിയെടുക്കാനായി. മിക്കവരും അണ്ടർ 14, 17, 19 വിഭാഗങ്ങളിൽ ഒപ്പമുണ്ടായിരുന്നവരാണ്. കളിക്കാരെ ചെറുപ്പംമുതൽ അറിയാവുന്നത് ഗുണകരമായി. പഞ്ചാബിൽനിന്നുള്ള മനീഷ കല്യാൺ മൂന്ന് വർഷം ഗോകുലം കേരള ക്ലബ്ബിൽ എനിക്കൊപ്പമുണ്ടായിരുന്നു. സഞ്‌ജുയാദവ്, സംഗീത ബാസ്‌ഫോർ, ക്യാപ്‌റ്റൻ സ്വീറ്റി ദേവി, രത്തൻ ബാലാദേവിയും എന്നിവരെല്ലാം ചെറിയപ്രായത്തിൽതന്നെ കളിക്കാനെത്തിയവരാണ്.
ടീം സവിശേഷത
പതിനഞ്ചുവർഷമായി വിവിധ പ്രായവിഭാഗങ്ങളിൽ ഞാൻ ഇന്ത്യൻ ടീമിനൊപ്പമുണ്ട്. പലരും കുറേക്കാലമായി ഒപ്പം കളിക്കുന്നവരാണ്. അതിനാൽ ടീമിന് ഒത്തൊരുമയുണ്ടായിരുന്നു. കളത്തിനകത്തും പുറത്തും അവർ ശരിക്കും ഒരു ടീമായിരുന്നു. അതിലുപരി ജയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നത് മുന്നേറാൻ സഹായകരമായി.
കേരളത്തിന് അഭിമാനിക്കാം
ഈ വിജയത്തിൽ കേരളത്തിന് തീർച്ചയായും അഭിമാനിക്കാം. വിജയിച്ച ടീമിൽ മലയാളി സാന്നിധ്യമായി മാളവികയുണ്ടായിരുന്നു. ദേശീയ സീനിയർ ടീമിലെത്താൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഈ വിജയം ആവേശം പകരും. പല പ്രായവിഭാഗങ്ങളിലും മലയാളി താരങ്ങൾ ദേശീയ ടീമിലുണ്ട്. വൈകാതെ കൂടുതൽ മലയാളികൾ സീനിയർ ടീമിലെത്തും.









0 comments