ബാലൻ ഡി ഓർ തിളക്കത്തിൽ ഉസ്‌മാൻ ഡെംബെലെ
ഉരുകിത്തെളിഞ്ഞ ഡെംബെലെ ; സിദാനുശേഷം പുരസ്‌കാരം നേടുന്ന ഫ്രഞ്ചുകാരൻ


Sports Desk
Published on Sep 24, 2025, 12:15 AM | 2 min read
പാരിസ്
‘കൃത്യമായി ഉപയോഗിച്ചാൽ ഉസ്‌മാൻ ഡെംബെലെ ലോകത്തെ ഏറ്റവും മികച്ച താരമായി മാറും’
2021ൽ ബാഴ്‌സലോണ പരിശീലകനായിരുന്ന സാവി അൽപ്പം വേദനയോടെയാണ് ഇത് പറഞ്ഞത്. ഒരുപക്ഷേ, ഡെംബെലെ തന്റെ കളിജീവിതത്തിൽ പലരിൽനിന്നായി പലപ്പോഴും ഇൗ വാക്കുകൾ കേട്ടിരുന്നിരിക്കാം. പരിക്കും അച്ചടക്കമില്ലായ്‌മയും പ്രതിഭയുടെ തിളക്കം കെടുത്തി. ഒരിക്കൽ ജ്വലിച്ച്, പിന്നെ അണഞ്ഞുപോകുന്ന താരങ്ങളുടെ കൂട്ടത്തിലായിരുന്നു ഫ്രഞ്ചുകാരന്റെ സ്ഥാനം. പക്ഷേ, വാഴ്‌ത്തുപാട്ടുകൾ ഒരിക്കലും വെറുതെയായില്ല. ലൂയിസ് എൻറിക്വെയെന്ന തന്ത്രശാലിയായ പരിശീലകൻ ഇരുപത്തെട്ടുകാരനെ ഉൗതിക്കാച്ചിയെടുത്തപ്പോൾ സാവിയുടെ വാക്കുകൾ സത്യമായി മാറി. ഡെംബെലെ ലോകത്തെ മികച്ച താരമായി മാറിയിരിക്കുന്നു. മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം ആ കൈകളിൽ തിളങ്ങി.
കഴിഞ്ഞ സീസണിൽ 35 ഗോളാണ് തൊടുത്തത്. 14 എണ്ണത്തിന് അവസരമൊരുക്കി. ചരിത്രത്തിലാദ്യമായി പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് ജേതാക്കളായപ്പോൾ ഡെംബെലെയായിരുന്നു താരം. ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും നേടി. ഫിഫ ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ റണ്ണറപ്പായി. കിലിയൻ എംബാപ്പെയെന്ന സൂപ്പർ താരത്തിലൂടെ ബാലൻ ഡി ഓർ എത്തുമെന്ന് കാത്തിരുന്ന ഫ്രഞ്ചുകാർക്ക് മുന്നിൽ ഡെംബെലെ സ്വർണപ്പന്തുമായി ഇറങ്ങുന്നു. 1998ൽ സിനദിൻ സിദാനായിരുന്നു അവസാനമായി ബാലൻ ഡി ഓർ കിട്ടിയ ഫ്രഞ്ചുകാരൻ.
2017ൽ ഏകദേശം 1500 കോടി രൂപയ്‌ക്കാണ് ബാഴ്‌സലോണ ഡെംബെലെയെ സ്വന്തമാക്കുന്നത്. പക്ഷേ, പ്രതീക്ഷകൾക്കൊത്ത പ്രകടനമുണ്ടായില്ല. 14 തവണയാണ് പരിക്കേറ്റത്. ആകെ 784 ദിവസം കളത്തിന് പുറത്തിരുന്നു. നൗകാന്പിൽ ഒരിക്കലും ഡെംബെലെ സ്ഥിരത കാട്ടിയില്ല. അച്ചടക്കമില്ലായ്‌മയായിരുന്നു മറ്റൊരു പ്രശ്‌നം. പരിശീലനത്തിന് കൃത്യമായി എത്താത്തത് കളി അവസരങ്ങളെ ബാധിച്ചു. ക്ലബ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പിഴ കിട്ടിയ കളിക്കാരനായി മാറി. അപ്പോഴൊക്കെയും പൂർണമായി കായികക്ഷമത കൈവരിച്ച ഡെംബെലെ ഏത് പ്രതിരോധ ദുർഗത്തെയും തകർക്കുന്ന കാഴ്‌ചയായിരുന്നു കണ്ടത്. ഒറ്റയ്‌ക്ക് കളിഗതി മാറ്റാൻ കഴിവുള്ളവൻ. അവസാന രണ്ട് സീസണിൽ കുടുംബത്തിന്റെ പിന്തുണയോടെ മികവിലേക്കുയർന്നു.
സാമ്പത്തിക പ്രതിസന്ധി ബാധിച്ച കാലത്ത് ബാഴ്‌സ ഡെംബെലെയെ വിറ്റു. 522 കോടി രൂപയ്‌ക്കാണ് ഫ്രഞ്ചുകാരനെ പിഎസ്‌ജി കൂടാരത്തിലെത്തിച്ചത്. എംബാപ്പെ ഭരിക്കുന്ന പിഎസ്‌ജിയിൽ സഹായിയുടെ വേഷമായിരുന്നു ഡെംബെലെയ്‌ക്ക്. ആ സീസണിൽ എംബാപ്പെ 44 ഗോളാണടിച്ചത്. പിന്നാലെ മുന്നേറ്റക്കാരൻ റയൽ മാഡ്രിഡിലേക്ക് ചേക്കേറി. പിഎസ്‌ജിക്കും എൻറിക്വെയ്‌ക്കും ടീമിനെ ഉയർത്താനുള്ള നായകനെയായിരുന്നു ആവശ്യം. അവർ ഡെംബെലെയെ മുന്നിൽ കണ്ടു. പിന്നീടുള്ളതെല്ലാം ചരിത്രം.









0 comments