നെയ്മർക്ക് വീണ്ടും പരിക്ക്; കണ്ണീരോടെ കളം വിട്ട് താരം

റിയോ ഡി ജനീറോ: ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് വീണ്ടും പരിക്ക്. ഒരു മാസത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ നെയ്മർ ബുധനാഴ്ച സാന്റോസിനായി കളത്തിലിറങ്ങിയെങ്കിലും 34-ാം മിനിറ്റിൽ പരിക്കേറ്റ് പുറത്താവുകയായിരുന്നു. അത്‌ലറ്റിക്കോ മിനെറോയ്‌ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ ഇടതു തുടയ്ക്ക് പരിക്കേറ്റത്. പുതിയ പരിക്ക് മൂലം എത്ര കാലം നെയ്മർ ഇനി പുറത്തിരിക്കണമെന്ന് വ്യക്തമല്ല.
പരിക്ക് വില്ലനായി തുടർന്നതോടെ ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാമത്സരങ്ങൾക്കുള്ള ബ്രസീൽ സംഘത്തിൽ നിന്ന് നെയ്മറെ ഒഴിവാക്കിയിരുന്നു. 2023 ഒക്‌ടോബറിലാണ് നെയ്‌മർ അവസാനമായി ദേശീയ കുപ്പായമിട്ടത്. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് ഒരുവർഷത്തോളം പുറത്തിരുന്നു.
സൗദി അറേബ്യൻ ഫുട്‌ബോൾ ക്ലബ് അൽ ഹിലാലുമായി വേർപിരിഞ്ഞ നെയ്മർ ബാല്യകാല ക്ലബ്ബായ സാന്റോസിൽ ഫോമിൽ തുടരുന്നതിനിടെയാണ് പരിക്ക് വീണ്ടും പിടികൂടിയത്. അക്കാദമി കാലം മുതൽ പത്തുവർഷം സാന്റോസിന്റെ ഭാഗമായിരുന്നു നെയ്‌മർ. 177 കളിയിൽ 107 ഗോളടിച്ചു. 2013ലാണ് ടീം വിട്ട് ബാഴ്‌സലോണയിൽ ചേർന്നത്. പിഎസ്‌ജിക്കായും അൽ ഹിലാലിനായും പിന്നീട് പന്ത് തട്ടി.









0 comments