സാന്റോസിനായി മികവ് , ഇരട്ടഗോളടിച്ച് മിന്നി
നെയ്മർ തിളങ്ങുന്നു ; പരിക്ക് അതിജീവിച്ച് സജീവം


Sports Desk
Published on Aug 06, 2025, 12:00 AM | 1 min read
സാവോപോളോ
നെയ്മർ താളം വീണ്ടെടുക്കുന്നു. ബ്രസീൽ ഫുട്ബോൾ ലീഗിൽ യുവെൻടുഡെയ്ക്കെതിരെ സാന്റോസിനായി ഇരട്ടഗോൾ നേടി. കളി 3–1ന് നെയ്മറും സംഘവും ജയിച്ചു. രണ്ടുവർഷത്തിനുശേഷമാണ് ബ്രസീൽ മുന്നേറ്റക്കാരൻ ഒരു കളിയിൽ രണ്ടുഗോൾ നേടുന്നത്. 2023 സെപ്തംബറിൽ ബൊളീവിയക്കെതിരെയായിരുന്നു ഇൗ നേട്ടം. സാന്റോസിനായി തുടർച്ചയായ അഞ്ചാംതവണ മുപ്പത്തിമൂന്നുകാരൻ കളത്തിലെത്തി. മൂന്നുവർഷത്തിനുശേഷമാണ് നെയ്മർ ഇത്രയും കളിയിൽ തുടർച്ചയായി ഇറങ്ങുന്നത്. മുൻ സീസണുകളിൽ പരിക്ക് വില്ലനായിരുന്നു.
നെയ്മറിന്റെ പ്രകടനം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനും ഉൗർജമായി. പുതിയ ബ്രസീൽ കോച്ച് കാർലോ ആൻസെലോട്ടിയുടെ സംഘം കളി കാണാൻ എത്തിയിരുന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ നീക്കങ്ങളും മുന്നേറ്റവും നടത്തിയത് നെയ്മറാണ്. ആറ് ഷോട്ടുകൾ പായിച്ചു. അഞ്ച് അവസരങ്ങളും സൃഷ്ടിച്ചു. 26 പാസുകൾ കൈമാറി. 17 തവണ എതിരാളിയെ മറികടന്ന് മുന്നേറുകയും ചെയ്തു. ‘നന്നായി കളിക്കാനായതിലും ടീം ജയിച്ചതിലും സന്തോഷം’–മത്സരശേഷം സാന്റോസ് ക്യാപ്റ്റൻ പറഞ്ഞു.
പുതിയ സീസണിൽ ഒമ്പത് കളിയിൽ മൂന്ന് ഗോളായി നെയ്മറിന്. 2023 ഒക്ടോബറിലാണ് അവസാനമായി ബ്രസീലിനായി കളിച്ചത്. കാൽമുട്ടിന് പരിക്കേറ്റ് ഒരുവർഷം പുറത്തിരുന്നു. പിന്നീട് മറ്റുപരിക്കുകളും തളർത്തി. സെപ്തംബർ 5ന് ചിലിയുമായും 10ന് ബൊളീവിയയുമായും ബ്രസീലിന് ലോകകപ്പ് യോഗ്യതാ മത്സരമുണ്ട്. അടുത്തവർഷം നടക്കുന്ന ലോകകപ്പിന് ടീം നേരത്തെ യോഗ്യത നേടിയതാണ്.









0 comments