നെയ്മർ ഗോളിൽ സാന്റോസിന് ജയം ,പുതിയ തുടക്കമെന്ന് താരം
പരിക്കിനെ പുറത്താക്കി വീണ്ടും ‘നെയ്‌മർഗോൾ’


Sports Desk
Published on Jul 18, 2025, 12:06 AM | 1 min read
സാന്റോസ്
നെയ്‌മർ പറയുന്നു ‘ഇത് പുതിയ തുടക്കം’. പരിക്കിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് പൂർണക്ഷമതയും കളിമികവും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സൂപ്പർ താരത്തിന്റെ മിന്നും ഗോളിൽ സാന്റോസ് ബ്രസീലിയൻ ഫുട്‌ബോൾ ലീഗിൽ ഒന്നാമതുള്ള ഫ്ലമെങ്ങോയെ വീഴ്‌ത്തി (1–-0). സീസണിൽ നെയ്‌മർ നേടുന്ന ആദ്യഗോളാണ്. കളി തീരാൻ ആറ് മിനിറ്റ് ശേഷിക്കെയാണ് ലക്ഷ്യം കണ്ടത്. ഇടതുവിങ്ങിൽനിന്ന് ഗില്ലർമോ നൽകിയ പന്ത് ഗോൾമുഖത്ത് രണ്ട് പ്രതിരോധക്കാരെ നിഷ്‌പ്രയാസം മറികടന്ന് തൊടുക്കുകയായിരുന്നു. മുപ്പത്തിമൂന്നുകാരൻ 90 മിനിറ്റും കളിച്ചു. അഞ്ച് മാസത്തിനുശേഷമാണ് പൂർണസമയവും ഒരു കളിയിലിറങ്ങുന്നത്.
പരിക്കിന്റെ പിടിയിൽ വർഷങ്ങളായി പിടയുകയാണ് നെയ്‌മർ. പിഎസ്‌ജി വിട്ട് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ ചേക്കേറിയെങ്കിലും രണ്ടുവർഷം കളിച്ചത് ഏഴ് മത്സരം മാത്രം. പരിക്കും വിശ്രമവും കഴിഞ്ഞ് പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് ബാല്യകാല ക്ലബ്ബായ സാന്റോസിൽ എത്തിയത്. ഈ വർഷമാദ്യം എത്തിയ മുന്നേറ്റക്കാരന് വീണ്ടും പരിക്കായി. കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. എങ്കിലും പൂർണമായ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഫ്ലമെങ്ങോയ്‌ക്കെതിരെ തകർപ്പൻ പ്രകടനമായിരുന്നു. കളിയിലുടനീളം ആധിപത്യം പുലർത്തി. പതിമൂന്ന് കളിയിൽ 27 പോയിന്റാണ് ഒന്നാം സ്ഥാനക്കാർക്ക്. സാന്റോസാകട്ടെ 14 പോയിന്റുമായി 13–-ാം സ്ഥാനത്തും. 20ന് മിറസോളിനെതിരെയാണ് സാന്റോസിന്റെ അടുത്ത കളി.
700
കളിജീവിതത്തിൽ നെയ്‌മറിന് 700 ഗോൾപങ്കാളിത്തമായി. ആകെ 732 കളിയിലാണ് നേട്ടം. 443 ഗോളടിച്ചപ്പോൾ 257 എണ്ണത്തിന് വഴിയൊരുക്കി. സാന്റോസ്, ബാഴ്‌സലോണ, പിഎസ്‌ജി, അൽ ഹിലാൽ, ബ്രസീൽ ടീമുകൾക്കായാണ് നേട്ടം. 2009ലാണ് സീനിയർ അരങ്ങേറ്റം കുറിച്ചത്.
നെയ്മർ ഇതുവരെ
732 കളി
443 ഗോൾ
257 അവസരം









0 comments