റോണോ ഗോളിൽ പോർച്ചുഗൽ ; ജർമനിയെ കീഴടക്കി നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ


Sports Desk
Published on Jun 06, 2025, 12:00 AM | 2 min read
ബെർലിൻ
കാൽനൂറ്റാണ്ടിനുശേഷം ജർമനിയെ വീഴ്‌ത്തി പോർച്ചുഗൽ. നേഷൻസ് ലീഗ് ഫുട്‌ബോൾ സെമിയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലാണ് ജയം. 2–-1ന്റെ ജയത്തോടെ പോർച്ചുഗൽ ഫൈനലിലേക്ക് കുതിച്ചു. ഞായറാഴ്‌ച സ്‌റ്റുറ്റ്‌ഗർട്ടിലാണ് കിരീടപ്പോരാട്ടം.
ജർമനിയുടെ തട്ടകമായ അലയൻസ് അരീനയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് പോർച്ചുഗൽ ജയം പിടിച്ചെടുത്തത്. 68–-ാം മിനിറ്റിലായിരുന്നു പോർച്ചുഗലിന്റെ ജയമുറപ്പിച്ച റൊണാൾഡോയുടെ ഗോൾ. നാൽപ്പതുകാരന്റെ 137–-ാം രാജ്യാന്തര ഗോൾ. യുവതാരം ഫ്രാൻസിസ്‌കോ കൊൺസെയാവോ പകരക്കാനായെത്തിയാണ് തകർപ്പൻ ഗോളിലൂടെ സമനിലയൊരുക്കിയത്. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഫ്‌ളോറിയാൻ വിറ്റ്‌സിന്റെ ഗോളിലാണ് ജർമനി ലീഡ് നേടിയത്.
ആദ്യപകുതിയിൽ കളിയുടെ നിയന്ത്രണം ജർമനിയുടെ കാലുകളിലായിരുന്നു. പോർച്ചുഗൽ ഗോൾ കീപ്പർ ദ്യേഗോ കോസ്‌റ്റയുടെ മിന്നുന്ന പ്രകടനം ഗോൾ നേടുന്നതിൽനിന്ന് തടഞ്ഞു. ലിയോൺ ഗൊറെസ്‌കയുടെ കരുത്തുറ്റ അടി അസാമാന്യ വഴക്കത്തോടെ കോസ്‌റ്റ തടയുകയായിരുന്നു. നിക്ക് വോൾട്ടമേഡിന്റെ ക്ലോസ് റേഞ്ചിൽവച്ചുള്ള ഷോട്ടും തട്ടിയകറ്റി.
ഇടവേളയ്‌ക്കുശേഷമുള്ള മൂന്നാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോളെത്തി. വിറ്റ്‌സ് കോസ്‌റ്റയെ മറികടന്നു. ജർമൻ കുപ്പായത്തിൽ നൂറാം മത്സരത്തിന് ഇറങ്ങിയ ജോഷ്വ കിമ്മിച്ചിന്റെ ഒന്നാന്തരം ക്രോസിൽ തലവയ്‌ക്കുകയായിരുന്നു. ആ ഘട്ടംവരെ ഒരു തവണ മാത്രമായിരുന്നു പോർച്ചുഗൽ ഗോളിലേക്ക് ലക്ഷ്യംവച്ചത്. റൊണാൾഡോയുടെ ശ്രമമായിരുന്നു.
പകരക്കാരായി കൊൺസെയാവോയും വിതീന്യയും കളത്തിലെത്തിയതോടെ കളി മാറി. കളത്തിലിറങ്ങി അഞ്ചാം മിനിറ്റിൽ കൊൺസെയാവോ ലക്ഷ്യം കണ്ടു. ജർമൻ പ്രതിരോധക്കാരൻ റോബെൻ ഗൊസെൻസിനെ മറികടന്ന് തൊടുത്ത ഷോട്ട് ജർമൻ ഗോൾ കീപ്പർ മാർക് ആന്ദ്രേ ടെർ സ്‌റ്റെയ്‌ഗനെയും നിഷ്‌പ്രഭനാക്കി.
അഞ്ച് മിനിറ്റിനുള്ളിൽ റൊണാൾഡോ തകർത്തു. ഇടതുവശത്ത് പ്രതിരോധക്കാരൻ ന്യൂനോ മെൻഡെസ് തൊടുത്ത ക്രോസ് ക്യാപ്‌റ്റൻ വലയിലാക്കി.
പ്രായം 40 ഗോൾ 937
ആയിരം ഗോളിലേക്കുള്ള വഴിയിലാണ് ക്രിസ്‌റ്റ്യാനോ റൊണാൾഡോ. നാൽപ്പതാം വയസ്സിലും ഗോളടിയിൽ ഒരു ഇടിവുമില്ല. ജർമനിക്കെതിരെ കാൽനൂറ്റാണ്ടിനിടയിൽ ആദ്യജയം പോർച്ചുഗൽ കുറിച്ചപ്പോൾ റൊണാൾഡോയായിരുന്നു അമരത്ത്. വിജയംകുറിച്ച ഗോൾ ആ കാലിൽനിന്ന് പിറന്നു. ജർമനിക്കെതിരെ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി.
220 മത്സരങ്ങളിൽ 137 രാജ്യാന്തര ഗോളാണ്. കളി ജീവിതത്തിലാകെ 937 എണ്ണം.
ജർമനിക്കെതിരെ ഇതിനുമുമ്പ് അഞ്ച് കളിയിൽ ഇറങ്ങിയിട്ടുണ്ട്. അഞ്ചിലും തോൽവിയായിരുന്നു ഫലം. 2020ലെ യൂറോയിലായിരുന്നു അവസാന തോൽവി. ആറാമത്തേതിൽ ചരിത്രം മാറ്റി. ഇതുവരെയായി ആറ് കളിയിൽ രണ്ട് ജയം. രാജ്യാന്തര ഫുട്‌ബോളിൽ മുപ്പത് വയസ്സിനുശേഷമാണ് 85 ഗോൾ.
ആകെ ഗോളെണ്ണത്തിൽ ആയിരം തികയ്‌ക്കാൻ ഇനി 63 എണ്ണംകൂടി വേണം. ക്ലബ് ഫുട്‌ബോളിലും മിന്നുന്ന പ്രകടനം തുടരുന്ന റൊണാൾഡോ ചരിത്രം കുറിക്കാനുള്ള കുതിപ്പിലാണ്. സൗദി ക്ലബ് അൽ നസറിനായി കഴിഞ്ഞ സീസണിൽ 35 ഗോളാണ് അടിച്ചുകൂട്ടിയത്. ക്ലബ്ബുമായുള്ള കരാർ പുതുക്കിയിട്ടില്ല. അതേസമയം, പുതിയ ക്ലബ്ബിൽ ചേർന്ന് ക്ലബ് ലോകകപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ.
2019ലെ പ്രഥമ നേഷൻസ് ലീഗിലെ ജേതാക്കളാണ് പോർച്ചുഗൽ.
അന്ന് അച്ഛൻ ഇന്ന് മകൻ
ഇരുപത്തഞ്ച് വർഷംമുമ്പ് യൂറോ കപ്പ് ഫുട്‌ബോളിലാണ് പോർച്ചുഗൽ അവസാനമായി ജർമനിയെ തോൽപ്പിച്ചത്. മൂന്ന് ഗോളിന്. അന്ന് ഹാട്രിക്കുമായി പറങ്കിപ്പടയ്‌ക്ക് ജയം നൽകിയത് സെർജിയോ കൊൺസെയാവോയുടെ മിന്നുംഹാട്രിക്കായിരുന്നു. രണ്ടര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം പോർച്ചുഗൽ ജർമനിക്കെതിരെ ജയം നേടുമ്പോൾ തിളങ്ങിയത് സെർജിയോയുടെ മകൻ ഫ്രാൻസിസ്‌കോ കൊൺസെയാവോയാണ്.
അച്ഛന്റെ പാത പിന്തുടർന്ന ഇരുപത്തിരണ്ടുകാരൻ കഴിഞ്ഞ വർഷം മുതൽ പോർച്ചുൽ ടീമിലുണ്ട്. യുവന്റസിനായാണ് ക്ലബ് ഫുട്‌ബോളിൽ പന്തുതട്ടുന്നത്. 2010ൽ കളി മതിയാക്കിയ സെർജിയോ അറിയപ്പെടുന്ന പരിശീലകനാണ്. കഴിഞ്ഞ സീസണിൽ എസി മിലാന്റെ കോച്ചായിരുന്നു. പോർട്ടോ, നാന്റെസ് തുടങ്ങിയ ക്ലബ്ബുകളുടെ ചുമതലയും വഹിച്ചു അമ്പതുകാരൻ.









0 comments