എംബാപ്പെയ്‌ക്ക് സുവർണ പാദുകം


Sports Desk
Published on May 27, 2025, 04:32 AM | 1 min read
മാഡ്രിഡ്
യൂറോപ്പിലെ മികച്ച ഗോളടിക്കാരനുള്ള സുവർണ പാദുകം റയൽ മാഡ്രിഡ് മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയ്‌ക്ക്. കളിജീവിതത്തിൽ ആദ്യമായാണ് ഇരുപത്താറുകാരന്റെ നേട്ടം. സീസണിൽ സ്‌പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനായി 31 ഗോളാണ് എംബാപ്പെ നേടിയത്. ഇതോടെ ലീഗിലെയും മികച്ച ഗോൾ വേട്ടക്കാരനുള്ള പുരസ്‌കാരവും ലഭിച്ചു.
ലീഗിൽ റയലിന്റെ അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ എംബാപ്പെ ഇരട്ടഗോളടിച്ചിരുന്നു.
ഗോളെണ്ണത്തിൽ പോർച്ചുഗൽ ക്ലബ് സ്‌പോർടിങ്ങിന്റെ വിക്ടർ ഗ്യോകെറെസ് ആണ് മുന്നിൽ. എന്നാൽ പോയിന്റ് അടിസ്ഥാനത്തിൽ സ്‌പോർടിങ് താരം രണ്ടാമതായി. ലിവർപൂളിന്റെ മുഹമ്മദ് സലായാണ് (29) മൂന്നാമത്.
യൂറോപ്പിലെ പ്രധാന ലീഗുകളായ പ്രീമിയർ ലീഗ്, സ്‌പാനിഷ് ലീഗ്, ജർമൻ ലീഗ്, ഇറ്റാലിയൻ ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവയിലെ കളിക്കാർക്ക് ഓരോ ഗോളിനും രണ്ട് വീതം പോയിന്റാണ് ലഭിക്കുക. ആറ് മുതൽ 22 സ്ഥാനങ്ങളിലുള്ള മറ്റ് ലീഗുകളിൽ ഇത് 1.5 പോയിന്റാണ്. മികച്ച ഗോളടിക്കാരനുള്ള പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ റയൽ താരമാ ണ് എംബാപ്പെ. ഹ്യൂഗോ സാഞ്ചെസ് (1989–-90), ക്രിസ്‌റ്റ്യാനോ റൊണാൾഡോ (2010–-11, 2013–-14, 2014–-15) എന്നിവരാണ് ഇതിനുമുമ്പ് നേടിയവർ. ഈ സീസണിൽ ആകെ 55 കളികളിൽനിന്നായി 52 ഗോളാണ് ഫ്രഞ്ചുകാരൻ സ്വന്തമാക്കിയത്.









0 comments