ദേശീയ കോച്ചായി 
തിളങ്ങാനായില്ല , എട്ട്‌ കളിയിൽ ഒറ്റ ജയം മാത്രം

ഇന്ത്യൻ ഫുട്‌ബോൾ 
ടീമിന്റെ ദയനീയ പ്രകടനം ; മനോലോ പുറത്ത്‌

manolo marquez
avatar
Sports Desk

Published on Jul 03, 2025, 04:03 AM | 1 min read

ന്യൂഡൽഹി

ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകസ്ഥാനത്തുനിന്ന്‌ മനോലോ മാർക്വസ്‌ പുറത്ത്‌. ഇഗർ സ്‌റ്റിമച്ചിന്‌ പകരം കഴിഞ്ഞ വർഷം ജൂണിൽ ചുമതലയേറ്റ സ്‌പാനിഷുകാരന്‌ കീഴിൽ എട്ട്‌ കളിയിൽ ഒരു ജയം മാത്രമാണ്‌ ഇന്ത്യക്ക്‌. അതാകട്ടെ സൗഹൃദ മത്സരത്തിലാണ്‌. ഏഷ്യൻ കപ്പ്‌ യോഗ്യതാ റൗണ്ടിൽ ഹോങ്കോങ്ങിനോട്‌ തോറ്റതോടെയാണ്‌ മനോലോയെ പുറത്താക്കാൻ നീക്കം തുടങ്ങിയത്‌. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ തീരുമാനം പരിശീലകൻ അംഗീകരിക്കുകയായിരുന്നു. ഐഎസ്‌എല്ലിൽ എഫ്‌സി ഗോവയുടെ ചുമതലയിൽ തുടരും.


ഐഎസ്‌എല്ലിൽ ഹൈദരാബാദ്‌ എഫ്‌സിയെ ചാമ്പ്യൻമാരാക്കുകയും ഗോവയെ മികച്ച സംഘമാക്കുകയും ചെയ്‌ത മികവാണ്‌ മനോലോയെ സ്‌റ്റിമച്ചിന്റെ പകരക്കാരനാക്കിയത്‌. ക്രൊയേഷ്യക്കാരന്‌ കീഴിൽ തോറ്റുനിന്ന ഇന്ത്യയെ വിജയസംഘമാക്കി മാറ്റുമെന്നായിരുന്നു പ്രതീക്ഷ. ഗോവയുടെ ചുമതലയ്‌ക്കൊപ്പം ദേശീയ ടീമിന്റെ കാര്യങ്ങളും ഒരേ സമയം നോക്കി. പക്ഷേ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. പുതുമുഖങ്ങൾക്ക്‌ അവസരം നൽകുന്നതിനൊപ്പം കളി മതിയാക്കിയ സുനിൽ ഛേത്രിയെ തിരികെ വിളിച്ചും ഒരുകൈ നോക്കി. എട്ട്‌ കളിയിൽ 42 താരങ്ങളെ പരീക്ഷിച്ചു. ഒരു ജയം, നാല്‌ സമനില, മൂന്ന്‌ തോൽവി ഇങ്ങനെയാണ്‌ പ്രകടനം.


ജൂൺ പത്തിനായിരുന്നു റാങ്കിങ്ങിൽ 56 സ്ഥാനം താഴെയുള്ള ഹോങ്കോങ്ങിനോടുള്ള തോൽവി. ‘ഡ്രസ്സിങ്‌ റൂം ഒരു മരണവീട്‌ പോലെയാണ്‌. ഇത്രയും ദയനീയ പ്രകടനത്തെ പറ്റി ഒന്നും പറയാനില്ല. ഇതാണ്‌ ഇന്ത്യൻ ഫുട്‌ബോളിന്റെ യാഥാർഥ്യം’–-മത്സരശേഷം മനോലോ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു.


സമീപ കാലത്ത്‌ ദയനീയ കളിയാണ്‌ ഇന്ത്യയുടേത്‌. 2023 ജൂലൈയിൽ 99–-ാം റാങ്കിലുണ്ടായ ടീം നിലവിൽ 127–-ാം സ്ഥാനത്താണ്‌. 2023 നവംബറിനുശേഷം ഔദ്യോഗിക മത്സരങ്ങളിൽ ജയമില്ല. അവസാന 16 കളിയിൽ ഒരു ജയമുണ്ട്‌. അത്‌ സൗഹൃദ മത്സരത്തിൽ ദുർബലരായ മാലദ്വീപിനെതിരെ. ഏഷ്യൻ കപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി. ലോകകപ്പ്‌ യോഗ്യതയിലും കാലിടറി.


മനോലോയുടെ പകരക്കാരനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ്‌ എഐഎഫ്‌എഫ്‌. ഇന്ത്യക്കാരനായ ജംഷഡ്‌പുർ എഫ്‌സി കോച്ച്‌ ഖാലിദ്‌ ജമീൽ സാധ്യതാ പട്ടികയിലുണ്ട്‌. ഒക്‌ടോബർ 9ന്‌ സിംഗപ്പുരിനെതിരെയാണ്‌ ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Home