മെസിക്കും റൊണാൾഡോയ്‌ക്കും മുകളിൽ യമാൽ


Sports Desk
Published on May 01, 2025, 12:59 PM | 3 min read
സാക്ഷാൽ പെലെയ്‌ക്ക് ശേഷം 17–ാം വയസിൽ മികച്ച പ്രകടനം കാഴ്‌ചവച്ച താരം ആരാണ്? മറഡോണ, മെസി, റൊണാൾഡോ എന്നീ പേരുകൾ ഈ ചോദ്യത്തിനുത്തരമായി പലരുടേയും മനസിലേക്കെത്തിയേക്കാം. എന്നാൽ കണക്കുകളെടുത്ത് നോക്കിയാൽ ഇവരേക്കാൾ മുന്നിലാണ് ബാഴ്‌സലോണയുടെ അത്ഭുതബാലൻ ലാമിൻ യമാലിന്റെ സ്ഥാനം.
കൃത്യം രണ്ട് വർഷം മുൻപ് 15–ാം വയസിൽ ബാഴ്‌സലോണയ്‌ക്ക് വേണ്ടി അരങ്ങേറിയ യമാൽ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ ഇന്റർ മിലാനെതിരായ മത്സരത്തോടെ ക്ലബ്ബിന് വേണ്ടി 100 മത്സരങ്ങളാണ് പൂർത്തിയാക്കിയത്. ഇക്കാലയളവിൽ 22 ഗോളുകളും 33 അസിസ്റ്റുകളും കറ്റാലൻമാർക്ക് വേണ്ടി യമാൽ നേടുകയും ചെയ്തു. സാക്ഷാൽ ലയണൽ മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും 17 വയസുവരെയുള്ള കണക്കുകൾ എടുത്ത് നോക്കിയാൽ യമാലിനേക്കാർ പുറകിലാണ് ഇരുവരും.
17–ാം വയസിൽ യമാൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ റൊണാൾഡോ കളിച്ചത് 19 മത്സരങ്ങൾ മാത്രമാണ്. 19 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും നാല് അസിസ്റ്റുമാണ് സിആർ സെവന്റെ സമ്പാദ്യം. യമാലിനെ പോലെ ബാഴ്‌സലോണയിൽ കരിയർ തുടങ്ങിയ മെസിക്ക് തന്റെ 17–ാം വയസിൽ കളിക്കാൻ പറ്റിയത് ഒൻപത് മത്സരങ്ങളും നേടാനയത് ഒരു ഗോളുമാണ്. 17–ാം വയസിൽ മെസിക്കും റൊണാൾഡോയ്‌ക്കും മുകളിലാണ് യമാൽ എന്ന് ഈ കണക്കുകൾ പറയുന്നു.
ഈ മൂന്ന് പേരേക്കാളും മികച്ച പ്രകടനമാണ് 17–ാം വയസിൽ ബ്രസീലിയൻ ഇതിഹാസം പെലെ പുറത്തെടുത്തത്. 17 വയസാവുമ്പോഴേക്കും തന്റെ ആദ്യ ലോകകപ്പുൾപ്പെടെ പെലെ നേടിയിരുന്നു. ബ്രസീലിയൻ ക്ലബ്ബ് സാന്റോസിന് വേണ്ടി പെലെ നേടിയ ഗോളുകളുടെ എണ്ണവും യമാൽ നേടിയതിനേക്കാൾ കൂടുതൽ വരും.
പതിനേഴുകാരൻ രചിച്ച ചരിത്രം
യമാലിന്റെ അരങ്ങേറ്റം 2023ലായിരുന്നു. ബാഴ്‌സയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി റെക്കോർഡിട്ട് കൊണ്ടാണ് യമാൽ തുടങ്ങുന്നത്. ഒരു മത്സരം മാത്രമേ ആ സീസണിൽ കളിച്ചുള്ളൂവെങ്കിലും ലീഗ് കിരീടം നേടിയ ടീമിന്റെ ഭാഗമാവാൻ അത്തവണ യമാലിന് സാധിച്ചു. താരത്തിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത് 2023/24 സീസൺ മുതൽ പരിശീലകൻ ചാവി ഹെർണാണ്ടസ് യമാലിനെ സ്ഥിരമായി പരിഗണിക്കാനും തുടങ്ങി.
ബാഴ്‌സയ്‌ക്ക് വേണ്ടി 50 മത്സരങ്ങൾ തികയ്‌ക്കുന്ന പ്രായം കുറഞ്ഞ താരം തുടങ്ങി, ലാലിഗ, ചാമ്പ്യൻസ് ലീഗ്, കോപാ ഡെൽ റേ തുടങ്ങിയ ടൂർണമെന്റുകളിലെ ഗോളുകളും അസിസ്റ്റുമായി ബന്ധപ്പെട്ട പല റെക്കോർഡുകളും ഇക്കാലയളവിൽ ലാമിൻ തന്റെ പേരിലാക്കി. ലാമിൻ യമാലിന്റെ മികച്ച പ്രകടനം താരത്തിന് ദേശീയ ടീമിലേക്കുള്ള വാതിലുകളും തുറന്ന് കൊടുത്തു. അതോടെ സ്‌പെയ്‌നിന് വേണ്ടി ബൂട്ട് കെട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഗോൾ നേടുന്ന താരമായും യമാൽ മാറി.
സ്‌പെയ്‌നിനോടൊപ്പം 2024ലെ യൂറോ കപ്പ് നേടിയതാണ് യമാലിന്റെ കരിയറിലെ സുപ്രധാന നേട്ടം. 16–ാം വയസിൽ യൂറോ നേടിയ യമാൽ, ടൂർണമെന്റിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. യൂറോ ഫൈനലിലെ ആദ്യ പതിനൊന്നിൽ സ്ഥാനം പിടച്ചതോടെ ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ കളിക്കാനിറങ്ങുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ബാഴ്‌സലോണക്കാരൻ തന്റെ പേരിലാക്കി. ഈ കാലയളവിലെ പ്രകടനം കണക്കിലെടുത്ത് മികച്ച യുവ താരത്തിനുള്ള കോപാ ട്രോഫിയുൾപ്പെടെ യമാലിന്റെ ഷെൽഫിലെത്തുകയും ചെയ്തു.
മെയ്ഡ് ഇൻ ലാ മാസിയ
ലയണൽ മെസി, ആന്ദ്രേ ഇനിയേസ്റ്റ, ചാവി ഹെർണാണ്ടസ് ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങളെ വളർത്തിയെടുത്ത ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ നിന്ന് തന്നെയാണ് ലാമിൻ യമാലിന്റെ വരവും. ബാഴ്സലോണ അവരുടെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഘട്ടത്തിൽ യമാൽ ഉൾപ്പെടെയുള്ള ലാ മാസിയ താരങ്ങളാണ് ക്ലബ്ബിന് കരുത്തായത്.
യമാലിനോടൊപ്പം പബ്ലോ ഗാവി, പൗ കുബാർസി, ഫെർമിൻ ലോപസ്, അലക്സ് ബാൽദെ, ഡാനി ഒൽമോ, എറിക് ഗാർസ്യ തുടങ്ങിയ താരങ്ങളും യമാനിലോനൊടപ്പം ലാ മാസിയയെ പ്രതിനീധീകരിച്ച് നിലവിൽ ബാഴ്സലോണ ടീമിലെ സജീവ സാന്നിധ്യമാണ്. ബാഴ്സലോണയുടെ എല്ലാ മത്സരങ്ങളിലെയും ആദ്യ പതിനൊന്നിൽ ഏറ്റവും കുറഞ്ഞത് നാല് ലാ മാസിയക്കാരെങ്കിലും ഇടം പിടിക്കാറുണ്ട്.
ഫ്ലിക്കിന്റെ കുന്തമുന
ബാഴ്‌സയുടേയും സ്‌പെയ്‌നിന്റേയും വലതുവിങ്ങിൽ സ്ഥിരം സാന്നിധ്യമായ ലാമിൻ യമാൽ സ്‌ട്രൈക്കർ, അറ്റാക്കിങ് മിഡ്‌ഫീൽഡർ റോളിലും തിളങ്ങാറുണ്ട്. എതിരാളികളെ വകഞ്ഞ് മാറ്റാനുള്ള ഡ്രിബ്ലിംഗ് സ്‌കില്ലും അവസരങ്ങൾ തുറന്നെടുക്കാനുള്ള മികവുമാണ് ലാമിൻ യമാലിനെ മികച്ചവനാക്കുന്നത്.
ഹാൻസി ഫ്ലിക്കിന്റെ നേതൃത്വത്തിൽ ഈ സീസണിൽ ‘ട്രെബിൾ’ ലക്ഷ്യമിടുന്ന ബാഴ്‌സയുടെ എല്ലാമെല്ലാം യമാലാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ സെമി.









0 comments