ഒറ്റ ഗോളിൽ റയൽ; ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറച്ചു

PHOTO: Facebook/Real Madrid
മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയിൽ ഗെറ്റഫയ്ക്കെതിരെ റയൽ മാഡ്രിഡിന് ജയം. ഗെറ്റഫയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ തോൽപ്പിച്ചത്. ആർദ ഗുളറാണ് റയലിന്റെ ഗോൾ സ്‌കോറർ. 21–ാം മിനുട്ടിലായിരുന്നു റയലിനെ ആർദ മുന്നിലെത്തിച്ചത്. ഗോൾ കീപ്പർ തിബോ കോർട്ടുവയുടെ മികച്ച പ്രകടനമാണ് ഗെറ്റഫയ്‌ക്കെതിരെയുള്ള റയലിന്റെ ജയത്തിൽ നിർണായകമായത്.
ഗെറ്റഫയ്‌ക്കെതിരായുള്ള ജയത്തോടെ ലാലിഗയിലെ കിരീടപോരാട്ടം റയൽ മാഡ്രിഡ് കടുപ്പിച്ചു. 33 മത്സരങ്ങളിൽ നിന്ന് 72 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് നിലവിലെ ചാമ്പ്യൻമാരായ റയലിപ്പോൾ. ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യത്യാസം ലോസ് ബ്ലാങ്കോസ് നാലാക്കി കുറച്ചു. 33 മത്സരങ്ങളിൽ നിന്ന് 76 പോയിന്റാണ് ബാഴ്‌സലോണയുടെ സമ്പാദ്യം. ഇരുടീമുകൾക്കും അഞ്ച് വീതം മത്സരങ്ങളാണ് ഇനി ലീഗിൽ ബാക്കിയുള്ളത്.
ലാലിഗ, കോപാ ഡെൽ റേ കിരീടങ്ങൾ മാത്രമാണ് ഇനി ഈ സീസണിലെ റയലിന്റെ പ്രതീക്ഷ. ഈ രണ്ട് കിരീടങ്ങൾ നേടണമെങ്കിലും റയലിന് ബാഴ്‌സയെ മറികടക്കേണ്ടതുണ്ട്. കോപാ ഡെൽ റേ ഫൈനലിൽ റയൽ ഏറ്റുമുട്ടുന്നതും ബാഴ്‌സലോണയോടെയാണ്. 27ന് രാത്രിയാണ് ഫൈനൽ.









0 comments