ഇരട്ടഗോളുമായി എംബാപ്പെ; സെൽറ്റ വിഗോയെ 3-2ന് വീഴിത്തി റയൽ

Real Madrid C.F./facebook.com/photo
മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയിൽ സെൽറ്റ വിഗോയെ 3-2ന് വീഴ്ത്തി റയൽ മാഡ്രിഡ്. സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ടു ഗോളുമായി തിളങ്ങി. മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷമാണ് സെൽറ്റ വിഗോ രണ്ടു ഗോൾ മടക്കിയത്.
സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റയൽ ലീഡ് നേടി. 33-ാം മിനിറ്റിൽ യുവതാരം ആർദ ഗൂലെറാണ് ടീമിനായി ഗോൾ കണ്ടെത്തിയത്. പിന്നാലെ 39-ാം മിനിറ്റിൽ എംബാപ്പെ ടീം ലീഡ് ഉയർത്തി. കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിലും എംബാപ്പെ ഗോൾ നേടിയതോടെ റയൽ 3-0ന് മുന്നിലായി.
എന്നാൽ പിന്നീട് റയൽ പ്രതിരോധത്തെ മറികടന്ന് രണ്ടു ഗോളുകളാണ് സെൽറ്റ വിഗോ മടക്കിയത്. 69-ാം മിനിറ്റിൽ ഹാവി റോഡ്രിഗസും 76-ാം മിനിറ്റിൽ വില്യറ്റ് സെഡ്‌ബെർഗുമാണ് ടീമിനായി ഗോൾ നേടിയത്. ജയത്തോടെ ലാലിഗയിൽ പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള നാല് പോയിന്റ് വ്യത്യാസം റയൽ നിലനിർത്തി. 34 മത്സരങ്ങളിൽ നിന്ന് ബാഴ്‌സയ്ക്ക് 79 പോയന്റും റയലിന് 75 പോയന്റുമാണുള്ളത്.
ലാലിഗ കിരീടം മാത്രമാണ് ഇനി ഈ സീസണിലെ റയലിന്റെ പ്രതീക്ഷ. എന്നാല്‍ കിരീടം നേടണമെങ്കില്‍ റയലിന് ബാഴ്‌സയെ മറികടക്കേണ്ടതുണ്ട്. മെയ് 11 ലാലിഗയിൽ ഇരുടീമുകളും ഏറ്റുമുട്ടും.









0 comments