ലാ ലിഗയിൽ ബാഴ്സ മുന്നോട്ട്; അത്‌ലറ്റികോ മാഡ്രിഡിന് തോൽവി

ബാഴ്സലോണ: ലാ ലിഗയിൽ വിജയം തുടർന്ന് ബാഴ്സലോണ. ഇഞ്ചുറിടൈമിൽ നേടിയ ഗോളിലാണ് കറ്റാലൻ പട സെൽറ്റ വിഗോയെ 4-3ന് തകർത്തത്. 3-1ന് പിന്നിൽ നിന്ന ശേഷമാണ് ബാഴ്സ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇതോടെ 32 മത്സരത്തിൽ നിന്ന് ബാഴ്സയ്ക്ക് 72 പോയന്റായി. രണ്ടാമതുള്ള റയൽ മാഡ്രിഡിന് 31 മത്സരത്തിൽ നിന്ന് 66 പോയന്റാണുള്ളത്.
കളിയുടെ തുടക്കത്തിൽ 12-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ബാഴ്സ ലീഡ് നേടി. എന്നാൽ 15-ാം മിനിറ്റിൽ ബോർജ ഇഗ്ലേസിയാസിലൂടെ സെൽറ്റ വിഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി ബോർജ ഇഗ്ലേസിയാസ് (52’, 62’) ഹാട്രികുമായി തിളങ്ങിയതോടെ സെൽറ്റ 3-1ന് മുന്നിലായി. 64ാം മിനിറ്റിൽ ഡാനിയൽ ഒൽമോയും 68-ാം മിനിറ്റിൽ റാഫിഞ്ഞയും ഗോൾ നേടി ബാഴ്സയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയാകുമെന്ന ഘട്ടത്തിൽ 90+8-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റാഫിഞ്ഞ ലക്ഷ്യത്തിച്ചാണ് ബാഴ്സ തകർപ്പൻ ജയം നേടിയത്.
അതേസമയം ലാ ലിഗയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലാസ് പാൽമാസ് അത്ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ചു. കളിയുടെ അവസാന നിമിഷം 90+3-ാം മിനിറ്റിൽ ജാവി മുനോസ് നേടിയ ഗോളാണ് പാൽമാസിന് വിജയമൊരുക്കിയത്. തോൽവിയോടെ അത്ലറ്റികോ പോയന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്സയേക്കാൾ പത്ത് പോയിന്റ് പിറകിലായി.









0 comments