ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഴ്സെയെ 2–1ന് തോൽപ്പിച്ചു

എംബാപ്പെ ഗോളിൽ റയൽ

Kylian Mbappe
avatar
Sports Desk

Published on Sep 18, 2025, 04:02 AM | 1 min read


മാഡ്രിഡ്‌

പൊരുതിനിന്ന മാഴ്‌സയെ കിലിയൻ എംബാപ്പെയുടെ രണ്ട്‌ പെനൽറ്റി ഗോളിൽ റയൽ മാഡ്രിഡ്‌ കീഴടക്കി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ പുതിയ സീസണിലെ ആദ്യ കളിയിൽ പിന്നിട്ടുനിന്നശേഷമായിരുന്നു മുൻ ചാമ്പ്യൻമാരുടെ ജയം (2–1). അവസാന 18 മിനിറ്റ്‌ പത്തുപേരുമായാണ്‌ കളിച്ചത്‌. മറ്റ്‌ മത്സരങ്ങളിൽ അഴ്‌സണൽ അത്‌ലറ്റിക്‌ ബിൽബാവോയെ രണ്ട്‌ ഗോളിന്‌ മറികടന്നപ്പോൾ യുവന്റസും ബൊറൂസിയ ഡോർട്ട്‌മുണ്ടും 4–4ന്‌ പിരിഞ്ഞു. ടോട്ടനം ഹോട്‌സ്‌പർ വിയ്യാറയലിനെ ഒരു ഗോളിന്‌ മറികടന്നു. ബെൻഫിക്കയെ 3–2ന്‌ അസർബെയ്‌ജാൻ ക്ലബ്ബായ ക്വാറബാഗ്‌ എഫ്‌കെയ അട്ടിമറിച്ചു.


സ്വന്തം തട്ടകത്തിൽ പുതിയ കോച്ച്‌ സാബി അലോൺസോയ്‌ക്ക്‌ കീഴിൽ ആദ്യ യൂറോപ്യൻ പോരിനിറങ്ങിയ റയലിന്‌ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല. വിസിൽ മുഴങ്ങി അഞ്ചാം മിനിറ്റിൽ പ്രതിരോധക്കാരൻ ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡ്‌ പരിക്കേറ്റ്‌ മടങ്ങി. പന്തിൽ ആധിപത്യമുണ്ടായിരുന്ന റയലിനെ ഞെട്ടിച്ച്‌ 22–ാം മിനിറ്റിൽ തിമോത്തി വിയ്യ മാഴ്സെയെ മുന്നിലെത്തിച്ചു. മാസൺ ഗ്രീൻവുഡ്‌ നടത്തിയ കുതിപ്പായിരുന്നു ഗോളിനാധാരം. എന്നാൽ, വൈകാതെ റയൽ ഒപ്പമെത്തി. റോഡ്രിഗോയെ വീഴ്‌ത്തിയതിന്‌ കിട്ടിയ പെനൽറ്റി എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചു.


വിനീഷ്യസ്‌ ജൂനിയറും ബ്രാഹിം ഡയസും കളത്തിലെത്തിയിട്ടും റയലിന്‌ ലീഡ്‌ നേടാനായില്ല. 72–ാം മിനിറ്റിൽ എതിർ ഗോളി ജെറോണിമോ റൂലിയെ ഫ‍ൗൾ ചെയ്‌തതിന്‌ കാർവഹാൽ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായതോടെ പ്രതിസന്ധിയിലാവുകയുംചെയ്‌തു. അംഗബലം കുറഞ്ഞിട്ടും റയൽ ആക്രമണം നിർത്തിയില്ല. ബോക്‌സിൽ അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഫകുണ്ടോ മെദീനയുടെ കൈയിൽ പന്ത്‌ തട്ടിയതിന്‌ കിട്ടിയ പെനൽറ്റി രക്ഷയായി. രണ്ടാമതും കിക്കെടുക്കാനെത്തിയ എംബാപ്പെ വേഗം കൃത്യം പൂർത്തിയാക്കി. ഇ‍ൗ സീസണിൽ അഞ്ച്‌ കളിയിൽ ആറ്‌ ഗോളായി ഫ്രഞ്ചുകാരന്‌. റയൽ കുപ്പായത്തിൽ 50 ഗോളും തികച്ചു. 64 മത്സരങ്ങളിൽനിന്നാണ്‌ നേട്ടം.


അഴ്‌സണൽ രണ്ടാംപകുതിയിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെയും ലിയാൻഡ്രോ ട്രോസാർഡിന്റെയും ഗോളിലാണ്‌ ബിൽബാവോയെ വീഴ്‌ത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home