ജംഷഡ്പുർ എഫ്സിയെ ഐഎസ്എൽ ഫുട്ബോൾ സെമിയിൽ എത്തിച്ചു
തന്ത്രജ്ഞൻ ഖാലിദ് ജമീൽ

ഷില്ലോങ് : ഐഎസ്‌എല്ലിൽ ഇന്ത്യൻ പരിശീലകർക്കാകെ അഭിമാനമാവുകയാണ് ഖാലിദ് ജമീൽ. ജംഷഡ്‌പുർ എഫ്‌സിയെ നാൽപ്പത്തേഴുകാരൻ സെമിയിലെത്തിച്ചു. ശരാശരിക്കും താഴെയുള്ള ടീമിനെ ഒറ്റയ്‌ക്കാണ് തോളിലേറ്റിയത്. ലീഗ് സെമിയിൽ കടക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകനാണ്. ഈ സീസണിൽ അത്ഭുത കുതിപ്പ് നടത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് സെമി പ്രവേശം.
പ്രവചനങ്ങൾ കാറ്റിൽപറത്തിയാണ് ജംഷഡ്‌പുരിന്റെ സെമി പ്രവേശം. വമ്പൻ ടീമുകൾ അണിനിരന്ന ലീഗിൽ സ്ഥിരതയോടെ കളിച്ചെങ്കിലും നിർണായക മത്സരത്തിൽ സമ്മർദത്തോടെയാണ് ഇറങ്ങിയത്. കാരണം ലീഗ് ഘട്ടത്തിലെ അവസാന മൂന്ന് കളിയിൽ ജയമുണ്ടായിരുന്നില്ല. ചെന്നൈയിൻ എഫ്‌സിയോട് 5–-2ന് നാണംകെട്ടായിരുന്നു നോക്കൗട്ടിനെത്തിയത്. നോർത്ത് ഈസ്റ്റിനെതിരെ ലീഗിലെ രണ്ട് കളിയിലും തോൽവിയായിരുന്നു. 23 ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള അലായിദീൻ അജാരി ഉൾപ്പെട്ട അപകടകാരികളായ മുന്നേറ്റക്കാർ നിറഞ്ഞതായിരുന്നു നോർത്ത് ഈസ്‌റ്റ്. കളിനടന്നത് അവരുടെ തട്ടകത്തിലും. എന്നാൽ കളത്തിൽ മറ്റൊരു ജംഷഡ്‌പുരായിരുന്നു. അസാധ്യ പ്രതിരോധം പടുത്തുയർത്തി. സീസണിൽ 200 മിനിറ്റിൽ താഴെമാത്രം കളിച്ച പ്രതിരോധക്കാരൻ പ്രണോയ് ഹാൽദറെ അണിനിരത്തിയുള്ള തന്ത്രം വിജയിച്ചു. ആ മിടുക്കിന് പ്രണോയ് കളിയിലെ താരമായി.
കൂട്ടായ്‌മയിലാണ് ജമീൽ ടീം പടുത്തുയർത്തിയത്. സീനിയർ ജൂനിയർ വ്യത്യാസമില്ല. ഓരോ ജോലിയും കൃത്യമായി വീതിച്ചുനൽകി. വിദേശ താരങ്ങളെ തന്റെ ശൈലിക്കുള്ളിൽ വിന്യസിക്കാനും ശ്രദ്ധിച്ചു. മലയാളി താരങ്ങളായ മുഹമ്മദ് സനാനും മുഹമ്മദ് ഉവൈസും മികച്ച കളി പുറത്തെടുത്തു. ലീഗിൽ ജംഷഡ്‌പുരിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിലിറങ്ങിയ കളിക്കാരാണ് ഇരുവരും. 25 കളിയിൽ പന്തുതട്ടി. സെമിയിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടാനൊരുങ്ങുന്ന ജംഷഡ്‌പുരിന് ജമീലിന്റെ തന്ത്രങ്ങളിലാണ് വിശ്വാസം.









0 comments