കോട്ട കെട്ടിയതിന് സമ്മാനം ; മികച്ച പുരുഷ കളിക്കാരനുള്ള കെഎഫ്‌എ പുരസ്‌കാരം ജി സഞ്‌ജുവിന്

g sanju
ജെയ്സൺ ഫ്രാൻസിസ്
Published on Aug 18, 2025, 12:34 AM | 1 min read
കൊച്ചി
കേരളത്തിനായി പ്രതിരോധക്കോട്ട കെട്ടിയതിനുള്ള സമ്മാനമാണ് ജി സഞ്‌ജുവിന് ലഭിച്ച മികച്ച കളിക്കാരനുള്ള കേരള ഫുട്‌ബോൾ അസോസിയേഷൻ (കെഎഫ്‌എ) പുരസ്‌കാരം.
കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ നായകനായിരുന്നു. ക്യാപ്‌റ്റനും സംഘവും കാഴ്‌ചവച്ചത് തകർപ്പൻ പ്രകടനം. കലാശപ്പോരാട്ടത്തിൽ ബംഗാളിനുമുന്നിൽ വീണു. കേരള പൊലീസിൽ ഹവിൽദാറാണ് മുപ്പതുകാരൻ.
‘ഇൗ പുരസ്‌കാരം ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത സീസണിനുള്ള ഒരുക്കത്തിലാണ്. സന്തോഷ് ട്രോഫിയും അഖിലേന്ത്യാ പൊലീസ് ഗെയിംസും കെപിഎല്ലും മുന്നിലുണ്ട്. മികച്ച പ്രകടനം കാഴ്‌ചവയ്ക്കണം. കേരളത്തിനായി അഞ്ച് സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. ഒന്നിൽ കപ്പ് നേടി. അവസാന സീസണിൽ ക്യാപ്‌റ്റനുമായി. ഇന്ത്യൻ ടീമിൽ ഇടം നേടുകയാണ് ഏറ്റവും വലിയ സ്വപ്‌നവും ലക്ഷ്യവും. അവാർഡ് നേട്ടം എന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു– എറണാകുളം ജില്ലയിൽ ആലുവ അശോകപുരം നൊച്ചിമ സ്വദേശിയായ സഞ്‌ജുവിന്റെ വാക്കുകൾ.
ആലുവ സോക്കർ സെവൻസ് ക്ലബ്ബിൽനിന്നാണ് കളിജീവിതത്തിന്റെ തുടക്കം. തുടർന്ന് ഗോകുലത്തിൽ. അവിടെനിന്ന് കേരള പൊലീസിൽ. അത്‌ലീറ്റായിരുന്ന സഞ്‌ജുവിനെ ഫുട്‌ബോൾ താരമാക്കിയത് ആലുവ സോക്കർ സെവൻസ് മാനേജർ നാസറാണ്. ചേട്ടൻ സച്ചിൻ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടായി.
കോളേജിൽ പഠിക്കുമ്പോൾ അച്ഛൻ ഗണേശ് മരിച്ചു. ഷീബയാണ് അമ്മ. ഭാര്യ: ജോഷ്‌നി. സഹോദരി: കാർത്തിക.








0 comments