കേരള പ്രീമിയർ ലീഗ് ഫുട്‌ബോൾ: ഇനി കിരീടപ്പോരാട്ടം

ഗോൾഡൻ ത്രെഡ്സ് താരത്തിന്റെ മുന്നേറ്റം തടയുന്ന കെഎസ്ഇബിയുടെ എസ് ഷിനു (വലത്ത്)
സ്‌പോർട്‌സ് ലേഖകൻ
Published on May 04, 2025, 12:53 AM | 1 min read
കോഴിക്കോട് : കേരള പ്രീമിയർ ലീഗ് ഫുട്‌ബോൾ കിരീടപ്പോരാട്ടത്തിലേക്ക്. സെമി ടീമുകളായി. കെഎസ്‌ഇബി, മുത്തൂറ്റ് എഫ്‌എ, കേരള പൊലീസ്, വയനാട് യുണൈറ്റഡ് ടീമുകളാണ് അവസാന നാലിൽ ഇടംപിടിച്ചത്. ഇന്ന് പ്രാഥമിക ഘട്ടത്തിലെ അവസാന റൗണ്ട് മത്സരത്തിൽ മുത്തൂറ്റും പൊലീസും ഏറ്റുമുട്ടും. ഇതോടെ സെമി ലൈനപ്പും അറിയാം. ഏഴിനും എട്ടിനുമാണ് സെമി. ഫൈനൽ 11ന്. എല്ലാ മത്സരങ്ങളും കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്.
ജനുവരി 27ന് ആരംഭിച്ച ലീഗിൽ 77 മത്സരങ്ങൾ പൂർത്തിയായി. 14 ടീമുകളാണ് ആകെ. ഇതിൽ നിലവിലെ ചാമ്പ്യൻമാരായ കേരള യുണൈറ്റഡ്, മുൻ ചാമ്പ്യൻമാരായ ഗോകുലം കേരള തുടങ്ങിയ പ്രബലരെല്ലാം പുറത്തായി. കേരള ബ്ലാസ്‌റ്റേഴ്‌സും സെമി കാണാതെ മടങ്ങി. അവസാന രണ്ട് സ്ഥാനക്കാരായ എഫ്‌സി കേരളയും സെന്റ് ജോസഫ് കോളേജ് ദേവഗിരിയും പുറത്തായി. കോഴിക്കോടിനെ കൂടാതെ മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലും തൃശൂർ കുന്നംകുളം സ്‌റ്റേഡിയത്തിലുമായിരുന്നു മത്സരങ്ങൾ.
മഞ്ചേരിയിൽ ഇന്നലെ നടന്ന കെഎസ്‌ഇബി–-ഗോൾഡൻ ത്രെഡ്‌സ് മത്സരത്തോടെയാണ് സെമി ചിത്രം തെളിഞ്ഞത്. ജയിച്ചാൽ നാലാം സ്ഥാനക്കാരായി ത്രെഡ്‌സിന് മുന്നേറാമായിരുന്നു. എന്നാൽ മത്സരം 2–-2ന് പിരിഞ്ഞു. പരിക്കുസമയംവരെ മുന്നിലായിരുന്ന ത്രെഡ്‌സിനെ ഗിഫ്‌റ്റി ഗ്രേഷ്യസിലൂടെ കെഎസ്‌ഇബി തളച്ചു. വയനാട് യുണൈറ്റഡിനും ത്രെഡ്‌സിനും 24 പോയിന്റാണ്. എന്നാൽ ഗോൾവ്യത്യാസത്തിൽ വയനാട് കടന്നു. പട്ടികയിൽ 30 പോയിന്റുമായി കെഎസ്‌ഇബിയാണ് ഒന്നാമത്. ആദ്യ സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും സെമിയിൽ നേരിടും. ഇന്ന് വൈകിട്ട് നാലിന് മഞ്ചേരിയിലാണ് മുത്തൂറ്റ്–-പൊലീസ് മത്സരം. സ്‌കോർലൈൻ യൂട്യൂബ് ചാനലിൽ തത്സമയം കാണാം.
ടീം പോയിന്റ്
കെഎസ്‌ഇബി 30
മുത്തൂറ്റ് എഫ്‌എ 27
കേരള പൊലീസ് 25
വയനാട് യുണൈറ്റഡ് 24









0 comments