ബംഗളൂരുവിനെ മടക്കി കാശി ; ഷൂട്ടൗട്ടിൽ 5–3ന്റെ ജയം

ബംഗളൂരുവിനെതിരെ ഗോൾ നേടിയപ്പോൾ ഇന്റർ കാശി താരങ്ങളുടെ ആഹ്ലാദം

Sports Desk
Published on Apr 24, 2025, 04:42 AM | 1 min read
ഭുവനേശ്വർ : മുൻ ചാമ്പ്യൻമാരായ ബംഗളൂരു എഫ്‌സിയെ ഷൂട്ടൗട്ടിൽ തീർത്ത് ഐ ലീഗ് ക്ലബ് ഇന്റർ കാശി കലിംഗ സൂപ്പർ കപ്പ് ഫുട്‌ബോൾ ക്വാർട്ടറിലെത്തി. ഷൂട്ടൗട്ടിൽ 5–-3നായിരുന്നു ജയം. നിശ്‌ചിത സമയത്ത് ഇരു ടീമുകളും ഓരോഗോൾ വീതം നേടി. ചെന്നെെയിൻ എഫ്സിയെ നാല് ഗോളിന് തകർത്ത് മുംബെെയും ക്വാർട്ടറിലെത്തി.
ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ ശുഭം ദാസ് ആയിരുന്നു കാശിയുടെ ഹീറോ. ബംഗളൂരുവിന്റെ മുൻനിര താരം ആൽബെർട്ടോ നൊഗുവേരയുടെ കിക്ക് തട്ടിത്തെറിപ്പിച്ചു. മറ്റിയോ ബബോവിച്ച്, ബിജോയ്, ഡേവിഡ് ഹുമനെസ്, അറിത്ര ദാസ്, നിക്കോളാ സ്‌റ്റൊയാനോവിച്ച് എന്നിവർ ഷൂട്ടൗട്ടിൽ കാശിക്കായി ലക്ഷ്യം കണ്ടു. ജോർജ് പെരേര ഡയസ്, റ്യാൻ വില്യംസ്, സുനിൽ ഛേത്രി എന്നിവരായിരുന്നു ബംഗളൂരുവിന്റെ ഗോളടിക്കാർ.
ഐഎസ്‌എൽ റണ്ണറപ്പുകൾക്കെതിരെ കരുത്തുറ്റ പോരാട്ടമാണ് ഇന്റർ കാശി പുറത്തെടുത്തത്. വില്യംസും നംഗ്യാൽ ബൂട്ടിയയും വലതുപാർശ്വത്തിലൂടെ നടത്തിയ മുന്നേറ്റങ്ങൾ ബംഗളൂരുവിന് പ്രതീക്ഷ നൽകി. എന്നാൽ, കാശി വിട്ടുകൊടുത്തില്ല. മറുവശത്ത് മലയാളിതാരം കെ പ്രശാന്തിന്റെ ഷോട്ട് ബംഗളൂരു പോസ്‌റ്റിൽ തട്ടിമടങ്ങി.
ഇടവേളയ്‌ക്കുശേഷം കാശി ആക്രമണത്തിലേക്ക് മാറുന്നതാണ് കണ്ടത്. എഡ്‌മുണ്ട് ലാൽറിണ്ടികയുടെ കരുത്തുറ്റ അടി ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു തടഞ്ഞു.
സ്‌റ്റൊയാനോവിച്ചിന്റെ ഫ്രീ കിക്കിൽനിന്നായിരുന്നു എഡ്‌മുണ്ടിന്റെ ശ്രമം. ഇതിനിടെ, കളിഗതിക്ക് വിപരീതമായി ബംഗളൂരു ലീഡ് നേടി. നൊഗുവേരയുടെ കൃത്യതയുള്ള ലോങ് ക്രോസ് ബോക്‌സിൽ വില്യംസിനെ ലക്ഷ്യമാക്കിയെത്തി. ഗോൾ കീപ്പർ ശുഭത്തിന് പന്ത് പിടിച്ചൊഴിവാക്കാനായില്ല. വില്യംസ് എളുപ്പത്തിൽ വലയിലാക്കുകയായിരുന്നു.
തുടർന്ന് ബംഗളൂരു ആധിപത്യംകാട്ടി. പെരേര ഡയസ് കൂടി മുന്നേറ്റത്തിൽ എത്തിയതോടെ ആക്രമണം കനത്തു. ഇന്റർ കാശി പൊരുതി. അവസാന ഘട്ടത്തിൽ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. 88–-ാം മിനിറ്റിൽ ബബോവിച്ചിന്റെ മിന്നൽ നീക്കം ഗുർപ്രീതിന്റെ പ്രതിരോധം തകർത്തു. അധിക സമയമില്ലാത്തതിനാൽ കളി നേരെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ചെന്നെെയിനെതിരെ മുംബെെക്കായി ലല്ലിയൻസുവാല ചാങ്തെ ഇരട്ടഗോൾ നേടി. നിക്കോളാസ് കരെലിസ്, ബിപിൻ സിങ് എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്ന് സമാപിക്കും. ക്വാർട്ടർ മത്സരങ്ങൾ 26ന് ആരംഭിക്കും.









0 comments